- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോക്ടറായ ഭർത്താവിന്റെ പെരുമാറ്റത്തിൽ ഭാര്യയ്ക്ക് സംശയം; ഇതേച്ചൊല്ലി വഴക്കും പതിവ്; ഒരിക്കൽ വഴക്കുണ്ടായപ്പോൾ ഭർത്താവിന് ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തിയ ശേഷം വൈദ്യുത വയറുകൾ കൊണ്ട് ശരീരത്തിൽ ഷോക്കടിപ്പിച്ചു കൊന്നു; കോളേജ് പ്രൊഫസറായ 63 കാരി അറസ്റ്റിൽ
ഭോപ്പാൽ: കോവിഡ് കാല മരണങ്ങൾ നിരന്തരം വാർത്തകളിൽ ഇടംപിടിക്കുന്ന ഇന്ത്യയിൽ നിന്നും നടുക്കുന്നൊരു വാർത്ത. ഡോക്ടറായ ഭർത്താവിനെ കൊലപ്പെടുത്തിയ കോളേജ് പ്രൊഫസറായ ഭാര്യ അറസ്റ്റിലായെന്ന വാർത്ത പുറത്തുവന്നത് മധ്യപ്രദേശിൽ നിന്നാണ്. മധ്യപ്രദേശിലെ ഛത്തർപുരിൽ സർക്കാർ കോളേജിൽ പ്രൊഫസറായ മമത പഥക്കിനെ(63)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഡാ. നീരജ് പഥക്കി(65)നെയാണ് ഭാര്യ കൊലപ്പെടുത്തിയത്. സംഭവത്തിൽ അറസ്റ്റിലായ മമത പൊലീസ് മുമ്പാകെ കുറ്റം സമ്മതിച്ചു.
ഏപ്രിൽ 29-നായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തിലെ പ്രമുഖനായ ഡോക്ടറാണ് നീരജ് പഥക്. എന്നാൽ ഭർത്താവിന്റെ പെരുമാറ്റത്തിൽ പ്രൊഫസർക്ക് സംശയങ്ങളുണ്ടായിരുന്നു. ഭർത്താവിന് മറ്റു ബന്ധങ്ങളുണ്ടെന്ന സംശയമായിരുന്നു ഇവർക്ക്. ഇതേച്ചൊല്ലി ദമ്പതിമാർക്കിടയിൽ വഴക്കും പതിവായിരുന്നു. സംഭവദിവസവും ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്നാണ് ഭർത്താവിന് ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തിനൽകിയത്. ഇതിനുശേഷം വൈദ്യുത വയറുകൾ കൊണ്ട് ശരീരത്തിൽ വൈദ്യുതാഘാതമേൽപ്പിച്ച് മരണം ഉറപ്പുവരുത്തി.
സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പ്രൊഫസർ മരണവിവരം പുറത്തറിയിച്ചത്. ഭർത്താവ് ഏറെനാളുകളായി അസുഖബാധിതനായിരുന്നുവെന്നാണ് പൊലീസിനോടും പറഞ്ഞത്. ഏപ്രിൽ 30-ന് രാവിലെ താനും മകനും സുഖമില്ലാത്തതിനാൽ ഝാൻസിയിലേക്ക് ചികിത്സയ്ക്കായി പോയെന്നും തിരികെ എത്തിയപ്പോഴാണ് ഭർത്താവിനെ മരിച്ചനിലയിൽ കണ്ടതെന്നും ഇവർ പറഞ്ഞു. എന്നാൽ മരണം സംഭവിച്ച് രണ്ടുദിവസമായെന്ന് വ്യക്തമായതോടെ പൊലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. പ്രൊഫസറുടെ പെരുമാറ്റവും പൊലീസിൽ സംശയമുണർത്തി. തുടർന്ന് വിശദമായ ചോദ്യംചെയ്യലിലാണ് ഭർത്താവിനെ കൊലപ്പെടുത്തിയതാണെന്ന് ഇവർ സമ്മതിച്ചത്.
ദമ്പതിമാർക്കിടയിലെ അസ്വാരസ്യങ്ങളാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പറയുന്നത്. കോളേജ് പ്രൊഫസറായ പ്രതി നേരത്തെ ഭർത്താവിനെ കുളിമുറിയിൽ പൂട്ടിയിട്ട സംഭവവും ഉണ്ടായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന ഏകമകനോടൊപ്പമാണ് ദമ്പതിമാർ ഛത്തർപുരിൽ താമസിച്ചിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ