ഭോപ്പാൽ: മധ്യപ്രദേശ് ആരോ​ഗ്യമന്ത്രി പ്രഭുറാം ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചു. രോ​ഗം സ്ഥിരീകരിച്ച വിവരം ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് പുറത്തുവിട്ടത്. താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്ന് പ്രഭുറാം അഭ്യർത്ഥിച്ചു. "എന്റെ കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആയി. ഞാനുമായി സമ്പർക്കത്തിൽ വന്നവർ കോവിഡ് പരിശോധനയ്ക്ക് വിധേയരാകാൻ അഭ്യർത്ഥിക്കുകയാണ്. അടുത്തിടപഴകിയവർ സ്വയം നിരീക്ഷണത്തിൽ പോകണം. നിങ്ങളുടെ പ്രാർത്ഥനകളോടും അനുഗ്രഹങ്ങളോടും കൂടി, ജനങ്ങളെ സേവിക്കുന്നതിനായി ഞാൻ ഉടൻ മടങ്ങിവരും" പ്രഭുറാം ട്വിറ്ററിൽ കുറിച്ചു.

നേരത്തെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന ഏഴാമത്തെ മന്ത്രിയാണ് പ്രഭുറാം ചൗധരി. തൊഴിൽ വകുപ്പ് മന്ത്രി , മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി, സഹകരണ വകുപ്പ് മന്ത്രി, ജലവകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി, പട്ടിക ജാതി-വർഗ്ഗ വകുപ്പ് മന്ത്രി എന്നിവർക്കാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്.