- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വ്യാപനം ഉയരുന്നു; നഗരപ്രദേശങ്ങളിൽ വെള്ളിയാഴ്ച മുതൽ ലോക്ഡൗൺ പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ; കൺടെയ്ന്മെന്റ് സോണുകൾ നിർണയിക്കും; യുപിയിലും പഞ്ചാബിലും രാത്രി കർഫ്യൂ
ഭോപ്പാൽ: കോവിഡ് വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തിൽ മധ്യപ്രദേശിലെ നഗരപ്രദേശങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതൽ തിങ്കളാഴ്ച രാവിലെ ആറ് മണി വരെയാണ് ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്.
സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടതില്ലെന്നും അതേസമയം, വലിയ നഗരങ്ങളിൽ കൺടെയ്ന്മെന്റ് സോണുകൾ നിർണയിക്കുമെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. അടിയന്തരയോഗത്തിന് ശേഷമാണ് കോവിഡ് കേസുകൾ വർധിച്ച മേഖലകളിൽ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
നഗരമേഖലകളിൽ രോഗബാധ വർധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം. കൂടുതൽ മേഖലകളിലേക്ക് നിയന്ത്രണം വ്യാപിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ക്രൈസിസ് മാനേജ്മെന്റ് ഗ്രൂപ്പ് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 14,043 പേർക്കാണ് ഇന്നലെ മധ്യപ്രദേശിൽ കോവിഡ് സ്ഥിരീകരിച്ചത്.
മധ്യപ്രദേശിൽ കഴിഞ്ഞദിവസം 4043 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 866 കേസുകളും ഇന്ദോർ നഗരത്തിലായിരുന്നു. ഭോപ്പാലിൽ 618 പുതിയ കേസുകളും ഒരൊറ്റദിവസം റിപ്പോർട്ട് ചെയ്തു. 3,18,014 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 4086 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
രോഗവ്യാപനം രൂക്ഷമായത് കണക്കിലെടുത്ത് ഉത്തർപ്രദേശിലും രാത്രി കർഫ്യൂ ഏർപ്പെടുത്തി. ലഖ്നൗ, വാരാണസി, കാൺപൂർ, പ്രയാഗ് രാജ് തുടങ്ങിയ സ്ഥലങ്ങളിലാണ് രാത്രി കർഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. യുപിയിൽ 6002 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പഞ്ചാബിലും രാത്രികാല നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 12 ജില്ലകളിലാണ് രാത്രി കർഫ്യൂ അടക്കം നിയന്ത്രണം ശക്തമാക്കിയത്. പഞ്ചാബിൽ കഴിഞ്ഞദിവസം 2963 പേർക്കാണ് പുതുതായി രോഗബാധ റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് കേസുകൾ 2.6 ലക്ഷമായി ഉയർന്നു.
ന്യൂസ് ഡെസ്ക്