ന്യൂഡൽഹി: സ്വന്തം സ്ഥലംമാറ്റം സംബന്ധിച്ച കേസ് വാദിക്കാൻ ജഡ്ജിക്കു സുപ്രീം കോടതിയുടെ അനുമതി. മദ്രാസ് ഹൈക്കോടതിയിൽ നിന്നു കൽക്കട്ട ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിയ ജസ്റ്റിസ് സി.എസ്.കർണനാണ് സുപ്രീം കോടതി ഈ അനുമതി നൽകിയത്. ഒരു ഹൈക്കോടതി ജഡ്ജി സ്വന്തം കേസ് സുപ്രീം കോടതിയിൽ വാദിക്കാനെത്തുന്നത് കോടതിയിലെ അപൂർവ സംഭവമാണ്.

കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് തന്റെ അഭിഭാഷകനായ എസ്.ഗൗതമനെ ഒഴിവാക്കി നേരിട്ടു വാദിക്കാൻ തനിക്ക് അവസരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസുമാരായ അരുൺ മിശ്രയും അമിതാവ റോയിയും അതനുവദിച്ചത്. കേസ് ഫെബ്രുവരി 13നു കേൾക്കും. മദ്രാസ് ഹൈക്കോടതിയിലായിരിക്കുമ്പോൾ തന്നെ സ്ഥലംമാറ്റിയ നടപടി ജസ്റ്റിസ് കർണൻ തന്നെ കഴിഞ്ഞ ഫെബ്രുവരി 15നു സ്റ്റേ ചെയ്തിരുന്നു.

അന്നുതന്നെ ആ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും സ്ഥലംമാറ്റിയശേഷം അദ്ദേഹം സ്വീകരിച്ച എല്ലാ നടപടികൾക്കും സ്റ്റേ നൽകുകയും ചെയ്തിരുന്നു. ഇതിനിടെ, മദ്രാസ് ഹൈക്കോടതിയുടെ 12 ഫയലുകൾ ജസ്റ്റിസ് കർണൻ മടക്കിനൽകുകയോ ഔദ്യോഗിക വസതി ഒഴിഞ്ഞുകൊടുക്കുകയോ ചെയ്തിട്ടില്ലെന്നു മുതിർന്ന അഭിഭാഷകനായ കെ.കെ.വേണുഗോപാൽ മുഖേന മദ്രാസ് ഹൈക്കോടതി രജിസ്റ്റ്രാർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു.