മധുര: കശാപ്പിനായി അറവുമാടുകളെ കന്നുകാലി ചന്തകളിൽ വിൽക്കുന്നതിനു നിരോധനം ഏർപ്പെടുത്തിക്കൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിന് തമിഴ്‌നാട്ടിൽ സ്റ്റേ. ഭക്ഷണം മനുഷ്യന്റെ പ്രാഥമികാവകാശമെന്നു ചൂണ്ടിക്കാട്ടിക്കൊണ്ട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചാണ് ഇടക്കാല ഉത്തരവിലൂടെ കേന്ദ്രത്തിന്റെ വിജ്ഞാപനം സ്റ്റേ ചെയ്തിരിക്കുന്നത്. എന്തു ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കാൻ മനുഷ്യനുള്ള പ്രാഥമിക അവകാശത്തിൽ ഇടപെടാൻ കേന്ദ്രത്തിന് എന്ത് അവകാശമെന്നും ഹൈക്കോടതി ചോദിച്ചു. വിഷയത്തിൽ നാല് ആഴ്ചയ്ക്കകം കേന്ദ്രം വിശദീകരണം നല്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

 

നാല് ആഴ്ചത്തേയ്ക്കാണ് ഉത്തര് തമിഴ്‌നാട്ടിൽ സ്റ്റേ ചെയ്തിരിക്കുന്നത്. രണ്ടു പൊതു താത്പര്യ ഹർജികൾ പരിഗണിച്ചാണ് കോടതിയുടെ നടപടി. ഏതു സാഹചര്യത്തിലാണ് വിജ്ഞാപനം ഇറക്കാൻ തീരുമാനിച്ചതെന്നതടക്കമുള്ള കാര്യങ്ങൾ നാല് ആഴ്ചത്തേയ്ക്കു വിശദീകരിക്കാനാണ് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ തമിഴ്‌നാട് സർക്കാരും നിലപാട് അറിയിക്കണം. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന്റെ ചുവടുപിടിച്ച് മറ്റു സംസ്ഥാനങ്ങളിലും കേന്ദ്ര വിജ്ഞാപനത്തെ ചോദ്യം ചെയ്യാനുള്ള നീക്കം ഉണ്ടാകാമെന്നു വിലയിരുത്തപ്പെടുന്നു.

കശാപ്പിനായി കന്നുകാലികളെ കാലിച്ചന്തയിൽ വിൽക്കുന്നതു നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിൽ കേരളാ ഹൈക്കോടതി കഴിഞ്ഞദിവസം കേന്ദ്രത്തോടു വിശദീകരണം തേടിയിരുന്നു. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ടി.ജി. സജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാനപരിധിയിൽ വരുന്ന വിഷയത്തിലാണ് കേന്ദ്രം ഇടപെട്ടതെന്ന് സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ ഇത് ഭക്ഷണത്തെ ബാധിക്കുന്ന വിഷയം കൂടിയാണ്. കേന്ദ്രസർക്കാരിന്റെ ഈ നിലപാട് അംഗീകരിക്കാനാവില്ല. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട് എന്ന കാര്യവും സർക്കാർ കോടതിയെ അറിയിച്ചു.

കേന്ദ്രത്തിന്റെ വിജ്ഞാപനത്തിനെതിരേ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. ബിജെപി ഒഴിച്ചുള്ള രാഷ്ട്രീയ പാർട്ടികളെല്ലാം ഒറ്റക്കെട്ടായാണ് വിജ്ഞാപനത്തിനെതിരേ പ്രതിഷേധിച്ചത്. കേന്ദ്ര വിജ്ഞാപനത്തെ പ്രതിരോധിച്ച് ബിജെപി രംഗത്തെത്തിയപ്പോൾ ഇടതു, വലതു പാർട്ടികൾ ഒറ്റക്കെട്ടായി മനുഷ്യന്റെ ഭക്ഷണാവകാശം ഘനിക്കുന്നതാണ് കേന്ദ്രത്തിന്റെ നടപടിയെന്നു വാദിച്ചു രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള ഇടതു നേതാക്കളും എ.കെ. ആന്റണി അടക്കമുള്ള കോൺഗ്രസ് നേതാക്കളും ശക്തമായാണ് വിഷയത്തിൽ പ്രതികരിച്ചത്. കശാപ്പ് നിരോധനം നടപ്പാക്കാനാവാത്ത ഉത്തരവായി മാറുമെന്ന് പിണറായി വിജയൻ വ്യക്തമാക്കിയപ്പോൾ ഉത്തരവ് ചുരുട്ടിക്കൂട്ടി ചവറ്റുകൊട്ടയിൽ എറിയാനായിരുന്നു എ.കെ. ആന്റണിയുടെ ഉപദേശം. മുഖ്യമന്ത്രി പിണറായി വിജയൻ എതിർപ്പ് ഉന്നയിച്ച് പ്രധാനമന്ത്രി മോദിക്കു കത്ത് അയയ്ക്കുകയും ചെയ്തു. ഫെഡറൽ സംവിധാനത്തോടുള്ള കടന്നുകയറ്റമാണ് കേന്ദ്ര നടപടിയെന്നു ചൂണ്ടിക്കാട്ടി മറ്റു മുഖ്യമന്ത്രിമാർക്കും പിണറായി കത്ത് അയയ്ക്കുകയുണ്ടായി.

സോഷ്യൽ മീഡിയയിലടക്കം കടുത്ത വാക് പോരിനും യുദ്ധത്തിനുമാണ് വിഷയം ഇടയാക്കിയത്. നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കളെ എതിർത്തും പരിഹസിച്ചും നിരവധിപ്പേർ രംഗത്ത് എത്തി. പരിഹാസശരം ചൊരിയുന്ന ട്രോളുകളുടെ പെരുമഴയ്ക്കും സോഷ്യൽ മീഡിയ വേദിയായി. കെ. സുരേന്ദ്രൻ അടക്കം സോഷ്യൽ മീഡിയയിൽ ശക്തമായി ഇടപെടുന്ന ബിജെപി നേതാക്കളാണ് വിഷയത്തിൽ പ്രതിരോധവുമായി രംഗത്തുവന്നത്. എന്നാൽ ദേവസ്വം മന്ത്രി കടകംപള്ളിസുരേന്ദ്രൻ അടക്കമുള്ളവർ ഇതിനു മറുപടിയുമായും രംഗത്തുന്നു. ഇതോടൊപ്പം സംസ്ഥാനത്തുടനീളം ബീഫ് ഫെസ്റ്റിവലുകളും നടത്തി ഇടതു വലതു സംഘടനകൾ പ്രതിഷേധ പ്രകടനങ്ങളും നടത്തി.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് കശാപ്പിനായി കന്നുകാലിവിൽപ്പന നിരോധിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്. മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. 1960ൽ പാസാക്കപ്പെട്ട നിയമം നടപ്പാക്കണമെന്ന് സുപ്രീംകോടതിയിൽ ഹർജി വന്നു. നിയമം നടപ്പാക്കാൻ സുപ്രീംകോടതി കേന്ദ്രത്തിന് നിർദ്ദേശം നല്കി. ഇതനുസരിച്ചാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്. പശു, കാള, പോത്ത്, ഒട്ടകം തുടങ്ങിയ കന്നുകാലികളെ കശാപ്പിനായി കാലിച്ചന്തകളിൽ വിൽക്കാൻ പാടില്ലെന്നാണ് വിജ്ഞാപനത്തിൽ നിർദ്ദേശിക്കുന്നത്. മൂന്നു മാസത്തിനകം വിജ്ഞാപനം നടപ്പിലാക്കാനാണ് നിർദ്ദേശിച്ചത്. ജില്ലാ ഭരണകൂടങ്ങൾക്കാണ് ഇതിനുള്ള ചുമതല നല്കിയത്. മതപരമായ ആവശ്യങ്ങൾക്ക് കന്നുകാലികളെ ഉപയോഗിക്കുന്നതും വിജ്ഞാപനത്തിൽ നിരോധിച്ചിട്ടുണ്ട്.