ചെന്നൈ: ജുഡീഡ്യൽ ജോലികളിൽ നിന്നു തന്നെ വിലക്കിയ രണ്ടു സുപ്രീ കോടതി ജഡ്ജിമാർക്കെതിരേ പട്ടികജാതി/പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം എഫ്.ഐ.ആർ എടുക്കാൻ ഉത്തരിടുമെന്ന് ജസ്റ്റിസ് സി.എസ്. കർണൻ. ജുഡീഷ്യൽ ജോലികൾ അനുവദിക്കുന്നതിനേ വിലക്കുള്ളൂവെന്നും തന്റെ ജുഡീഷ്യൽ അധികാരം നിലനിൽക്കുന്നുണ്ടെന്നും ജസ്റ്റിസ് കർണൻ വ്യക്തമാക്കി. ഇന്ത്യയിൽ ജനിച്ചത് അപമാനകരമാണ്. ജാതി വ്യവസ്ഥയില്ലാത്ത മറ്റേതെങ്കിലും രാജ്യത്തേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്നെ കൊൽക്കത്ത ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയ ഉത്തരവ് സ്വയം റദ്ദാക്കിയ സംഭവത്തിലാണ് കർണന്റെ പ്രതികരണം.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂർ അധ്യക്ഷനായ ബെഞ്ചിന്റെ വിധിയാണ് ജസ്റ്റിസ് കർണൻ റദ്ദാക്കിയത്. താൻ ദളിതനായതിനാലാണ് തന്നെ ലക്ഷ്യം വയ്ക്കുന്നതെന്ന് കർണൻ ആരോപിക്കുന്നു. അതുകൊണ്ടു തന്നെ ജാതി വ്യവസ്ഥ ഇല്ലാത്ത ഏതെങ്കിലും രാജ്യത്തേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചീഫ് ജസ്റ്റിസ് സഞ്ജയ് കൗൾ അടക്കം മദ്രാസ് ഹൈക്കോടതിയിലെ നിരവധി ജഡ്ജുമാർ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നുവെന്ന് പരാതിപ്പെട്ടതിനെ തുടർന്നാണ് കർണനെ സ്ഥലം മാറ്റാൻ ഹൈക്കോടതി സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചത്. ഏതായാലും കർണ്ണന്റെ നടപടികൾ പുതിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി വയ്ക്കുകയാണ്.

സുപ്രീംകോടതിയുമായി ഏറ്റുമുട്ടലിനെന്ന സൂചനയാണ് കർണ്ണൻ നൽകുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണ തേടുമെന്നും വ്യക്തമാക്കി. എന്നാൽ ജ്ഡ്ജിയുടെ ഈ പരസ്യ പ്രതികരണങ്ങളെ കടുത്ത അച്ചടക്ക ലംഘനമയാണ് സുപ്രീംകോടതി കാണുന്നത്. ഏതാനും സഹ ജഡ്ജിമാർക്കെതിരെയും മാദ്ധ്യമങ്ങൾക്കു മുന്നിൽ ജസ്റ്റിസ് കർണൻ ആരോപണങ്ങളുടെ കെട്ടഴിച്ചു. 'ജാതിവിവേചനത്തിന്റെ ഇരയാണു ഞാൻ. എന്റെ ജന്മാവകാശങ്ങൾ നിരസിച്ചാൽ, അവ അനുദവദിക്കുന്ന ഏതെങ്കിലുമൊരു രാജ്യത്തേക്കു ഞാൻ കുടിയേറും. ഒക്കെ പാർലമെന്റ് തീരുമാനിക്കട്ടെ. ഞാൻ നിഷ്‌കളങ്കനാണ്.ചില ജഡ്ജിമാർക്കെതിരേ ചില സംശയങ്ങളും കുറ്റങ്ങളും ആരോപിച്ചപ്പോൾ അവ നേരിടുന്നതിനു പകരം എനിക്കെതിരേ ഉത്തരവിറക്കുകയാണവർ.

'തന്റെ സ്ഥലംമാറ്റ ഉത്തരവ് സ്വമേധയാ റദ്ദാക്കിയുള്ള ഉത്തരവിന്റെ പകർപ്പ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ചതിനെയും ജസ്റ്റിസ് കർണൻ ന്യായീകരിച്ചു. സോണിയ പ്രതിപക്ഷ നേതാവാണ്. എന്നെ അനുകൂലിച്ച് അവർ പാർലമെന്റിൽ ശബ്ദമുയർത്തും. സമുദായ നേതാക്കളെന്ന നിലയിലാണ് ലോക് ജനശക്തി പാർട്ടി നേതാവ് റാംവിലാസ് പാസ്വാനും ബി.എസ്‌പി. നേതാവ് മായാവതിക്കും ഉത്തരവിന്റെ പകർപ്പ് അയച്ചത്. മറ്റ് എംപിമാർക്കൊപ്പം അവരും എന്നെ പിന്താങ്ങും ജസ്റ്റിസ് മാദ്ധ്യമങ്ങളോടു പറഞ്ഞു.

ജസ്റ്റിസിന്റെ വെളിപ്പെടുത്തൽ വാർത്തയാക്കിയാൽ അത് കോടതിയലക്ഷ്യം ആകില്ലേയെന്ന ചോദ്യത്തിനും ജസ്റ്റിസ് കർണന്റെ മറുപടി വേറിട്ടതായിരുന്നു. കോടതിയലക്ഷ്യ നടപടി തടഞ്ഞു സുപ്രീം കോടതിക്കും ഹൈക്കോടതിക്കും ഉത്തരവു നൽകുമെന്നു പറഞ്ഞ ജസ്റ്റിസ്, അതു ജുഡീഷ്യൽ ഉത്തരവായിരിക്കുമെന്ന് എടുത്തുപറയുകയും ചെയ്തു.