ചെന്നൈ : കോടതിയിൽ നിന്നുള്ള വാർത്തകൾ കൊടുക്കുമ്പോൾ അഭിഭാഷകരുടെയും ജഡ്ജിമാരുടെയും പേരുകൾ പ്രസിദ്ധീകരിക്കരുതെന്നു മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിർദ്ദേശിച്ചു. അഭിഭാഷകരുടെ പേരുകൾ പ്രസിദ്ധീകരിക്കുന്നത് അവർക്കു പരോക്ഷമായി ലഭിക്കുന്ന പരസ്യമാണെന്നു ബെഞ്ച് നിരീക്ഷിച്ചു.

ഇതു സംബന്ധിച്ചു മാദ്ധ്യമങ്ങൾക്കു നിർദ്ദേശം നൽകാൻ കോടതി രജിസ്റ്റ്രാറെ ചുമതലപ്പെടുത്തി. മധുരയിൽ പൊലീസ് കേസെടുത്ത അഞ്ചു ദലിത് കുട്ടികൾക്കു നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടു പുതിയ തമിഴകം പാർട്ടി പ്രവർത്തകനും അഭിഭാഷകനുമായ എസ്.ഭാസ്‌കർ മധുരം നൽകിയ ഹർജി തള്ളിയതിനൊപ്പമാണു നിർദ്ദേശം. പ്രശസ്തിക്കു വേണ്ടിയാണ് ഈ ഹർജിയെന്നു കോടതി നിരീക്ഷിച്ചു.

ഇയാൾക്കെതിരെ ചട്ടലംഘനത്തിനു നടപടി സ്വീകരിക്കാൻ വിഷയം തമിഴ്‌നാട്, പുതുച്ചേരി ബാർ കൗൺസിലിന്റെ ശ്രദ്ധയിൽപ്പെടുത്താനും രജിസ്റ്റ്രാർക്കു നിർദ്ദേശം നൽകി. അത്യാവശ്യമെങ്കിൽ മാത്രമേ കോടതി വാർത്തകളിൽ ജഡ്ജിമാരുടെ പേരുകൾ ഉപയോഗിക്കേണ്ടതുള്ളൂ.

പക്ഷപാതമില്ലാതെയും വ്യക്തി നിലപാടുകൾ സ്വാധീനിക്കാത്ത രീതിയിലുമാണു ജഡ്ജിമാർ ഹർജികളിൽ തീരുമാനമെടുക്കുന്നത്. അതുകൊണ്ടുതന്നെ വാർത്തകളിൽ അവരുടെ പേരു പറയേണ്ടതില്ലെന്നാണ് അഭിപ്രായം. പകരം, ഹൈക്കോടതിയുടെ പേരു പറഞ്ഞാൽ മതിയെന്നാണ് ബെഞ്ച് നിർദ്ദേശിച്ചത്.