- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൺകെട്ട് വിദ്യയിലൂടെ താൻ ദിവ്യനെന്ന് വിശ്വസിപ്പിക്കും; അത്ഭുതങ്ങൾ കണ്ട് കുട്ടികൾ അന്തം വിടും; സ്വർഗത്തിൽ പോകണമെങ്കിൽ പണവും സ്വർണവും ദാനം ചെയ്യണമെന്ന് പ്രലോഭനം; വിവരം വീട്ടിൽ പറഞ്ഞാൽ മാതാപിതാക്കളുടെ തലപൊട്ടിത്തെറിക്കുമെന്ന് ഭീഷണിയും; കുട്ടികളെ പാട്ടിലാക്കി വീടുകളിൽ നിന്ന് പണവും സ്വർണവും തട്ടിയെടുത്ത മദ്രസ അദ്ധ്യാപകൻ കണ്ണൂരിൽ പിടിയിൽ
കണ്ണൂർ: കുട്ടികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും വീടുകളിൽ നിന്ന് പണവും സ്വർണവും തട്ടിയെടുത്ത മദ്രസ് അദ്ധ്യാപകൻ പിടിയിൽ. കണ്ണൂരിലെ ഒരു മദ്രസ അദ്ധ്യാപകൻ അബ്ദുൾ കരീം(50)ആണ് പിടിയിലായത്. ഒരു കുട്ടിയെ ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായും പൊലീസ് സംശയിക്കുന്നുണ്ട്. പൊലീസിന്റെ പ്രത്യേക സ്‌ക്വാഡാണ് ഇയാളെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
സ്വർഗത്തിൽ പോകണമെങ്കിൽ പണവും സ്വർണവും ദാനം ചെയ്യണം എന്ന് കുട്ടികളെ വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. സ്വർണം വീട്ടിൽ നിന്ന് എടുത്ത് നൽകിയ കാര്യം പുറത്ത് പറഞ്ഞാൽ മാതാപിതാക്കളുടെ തലപൊട്ടിത്തെറിക്കുമെന്ന് പ്രതി കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒരു കുട്ടിയുടെ വീട്ടിൽ നിന്ന് സ്വർണം നഷ്ടമായത് സംബന്ധിച്ച് പരാതി ഉയർന്നതോടെയാണ് സംഭവം ചർച്ചയായത്. മകളുടെ ശരീരത്തിൽ ജിന്ന് ബാധിച്ചിട്ടുണ്ടെന്ന് പ്രതി വീട്ടുകാരോട് പറഞ്ഞു. ബാധ ഒഴിപ്പിച്ചാൽ സ്വർണം തിരികെ ലഭിക്കുമെന്നും വിശ്വസിപ്പിച്ചു. രാത്രി ഒഴിപ്പിക്കൽ ചടങ്ങ് നടത്തി രണ്ടര പവന്റെ സ്വർണ്ണ മാല തിരികെ കൊടുത്തു.
പൊലീസ് തിരച്ചിൽ നടത്തുന്നതറിഞ്ഞ് രണ്ടാഴ്ച മുമ്പാണ് ഇയാൾ മുങ്ങിയത്. മലപ്പുറത്ത് ഉണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് അന്വേഷിച്ചെങ്കിലും അത് ഉപേക്ഷിച്ച ആദ്യഭാര്യയുടെ വീടാണെന്ന് കണ്ടെത്തിയിരുന്നു. ഇയാളുടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ടു കാറുകൾ പൊലീസ് കണ്ടെത്തിയിരുന്നു.
ഇയാൾ ഒന്നിലധികം വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് വിവരം. നാല് വർഷത്തിലധികമായി ഇയാൾ തട്ടിപ്പ് നടത്തുന്നുവെന്നാണ് പരാതി. സ്ഥലത്തെ മറ്റൊരു പള്ളി കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ ഇയാളെ പുറത്താക്കിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുട്ടികളെ വീട്ടിലെത്തിച്ച് കൺകെട്ട് വിദ്യകാണിച്ച് വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തുന്നത്. താൻ ദിവ്യനാണെന്ന് പറഞ്ഞ് ബോധ്യപ്പെടുത്തും. 12 പവൻ നഷ്ടപ്പെട്ടെന്നാണ് പരാതിയെങ്കിലും നൂറിലേറെ പവൻ സ്വർണം പലരിൽ നിന്നായി കുട്ടികളെ ഉപയോഗിച്ച് തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ് പൊലീസ് വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ