ആലപ്പുഴ: മദ്രസ പഠനം സാദ്ധ്യമാക്കാൻ വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസുകൾ രാവിലെ ഒഴിവാക്കണമെന്ന് ആലപ്പുഴ ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ്. രാവിലെ 8.30 വരെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെ നടത്തരുതെന്നും, ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം എല്ലാ പ്രഥമാധ്യാപകർക്കും നൽകണമെന്നും ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് നൽകിയ ഉത്തരവിൽ പറയുന്നു.

സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫെഡറേഷന്റെ കത്ത് അനുസരിച്ചാണ് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ നിന്നാണ് നിർദ്ദേശം. മദ്രസയിൽ ക്ലാസുകൾ നടക്കുമ്പോൾ സ്‌കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ നടത്തുന്നത് നിർത്തണം എന്ന് ആവശ്യപ്പെട്ട് സമസ്ത കേരള സുന്നി സ്റ്റുഡന്റ് ഫെഡറേഷൻ നൽകിയ കത്ത് പരിഗണിച്ചാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ആത്മീയ വിദ്യാഭ്യാസത്തിന് പരിഗണന നൽകുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഉത്തരവിൽ പറയുന്നത്.

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ സ്‌കൂൾ തുറന്നെങ്കിലും ഇപ്പോഴും ഓൺലൈൻ ആയാണ് ക്ലാസുകൾ സജീവമായി മുന്നോട്ട് പോകുന്നത്. രാവിലെ 9.30 മുതൽ വൈകീട്ട് നാല് മണി വരെയാണ് സ്‌കൂളുകളിലെ ക്ലാസുകളുടെ സമയക്രമം എങ്കിലും പ്രഭാത സമയത്തും ക്ലാസുകൾ നടക്കുന്നുണ്ട്. ആത്മീയ വിദ്യാഭ്യാസത്തിന് പരിഗണന നൽകുന്നതിനാൽ രാവിലെ 8.30 വരെയുള്ള സമയത്ത് സ്‌കൂളുകൾ ക്ലാസുകൾ ഒഴിവാക്കണം. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എല്ലാ പ്രഥമാധ്യാപകർക്കും നൽകണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.

അതസസമയം പൊതുവിദ്യാഭ്യാസത്തിന്റെ സമയം ആത്മീയ വിദ്യാഭ്യാസത്തിന് വേണ്ടി മാറ്റിവെക്കണം എന്ന നിർദ്ദേശത്തിൽ ചില കോണുകളിൽ നിന്നും എതിർപ്പും ഉയർന്നിട്ടുണ്ട്. ഉത്തരവിനെ വിവാദമാക്കുന്ന വിധത്തിലാണ് ഒരു വിഭാഗം ആളുകളുടെ പ്രതികരണങ്ങളും. ഉത്തരവ് പകർപ്പ് സൈബർ ലോകത്തും ലഭിക്കുന്നുണ്ട്. അതസമയം ഉത്തരവിനെ അനുകൂലിച്ചും ഒരു വിഭാഗം ആളുകൾ രംഗത്തുവരുന്നുണ്ട്.