മാഡ്രിഡ്: യൂറോപ്യൻ സിറ്റികളിൽ ദരിദ്രനും സമ്പന്നനും തമ്മിൽ ഏറെ അന്തരം നിലനിൽക്കുന്നത് മാഡ്രിഡിലാണെന്ന് അടുത്തകാലത്തു നടത്തിയ സർവേ വ്യക്തമാക്കുന്നു. യൂറോപ്പിലെ പ്രധാന 13 സിറ്റികളിൽ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.

ദരിദ്രനും സമ്പന്നനും തമ്മിലുള്ള അന്തരം ഏറെയായതിനാൽ രണ്ടുകൂട്ടരുടേയും ജീവിത സാഹചര്യങ്ങളും തമ്മിൽ വളരെയേറെ വ്യത്യാസമാണ് ഉള്ളത്. എന്നാലിത് സാമൂഹിക അസ്ഥിരതയ്ക്കു കാരണമാകുകയും നഗരങ്ങളുടെ ആകമാനമുള്ള വികസനത്തിനും തടസം നിൽക്കുകയും ചെയ്യുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. സമൂഹത്തിൽ പരസ്പരമുള്ള തെറ്റിദ്ധാരണകൾക്കും സാമൂഹിക അസ്വാസ്ഥ്യത്തിനും ഇതു വഴിതെളിക്കുമെന്ന് സർവേയ്ക്ക് നേതൃത്വം നൽകിയ പ്രഫ. മാർട്ടിൻ വാൻഹാം പറയുന്നു.

പാരീസ്, ലണ്ടൻ, സ്റ്റോക്ക്‌ഹോം എന്നിവിടങ്ങളിൽ അടുത്തകാലത്ത് നടന്ന ആഭ്യന്തര കലാപത്തിന്റെ കാരണങ്ങൾ വർധിച്ചുവരുന്ന ദാരിദ്ര്യം, അസമത്വം എന്നിവയിൽ നിന്ന് മാറ്റിചിന്തിക്കാവുന്നതല്ല. ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ യൂറോപ്പിലെങ്ങും അടിക്കടി വർധിച്ചുവരുന്നുവെന്നാണ് സർവേ വ്യക്തമാക്കുന്നത്.

യൂറോപ്യൻ സിറ്റികളിൽ ഇത്തരത്തിലുള്ള അസമത്വം വർധിച്ചുവരാൻ കാരണം, ഗ്ലോബലൈസേഷൻ, പലകാര്യങ്ങളിലുമുള്ള അസമത്വം, ലേബർ മാർക്കറ്റിന്റെ പുനർനിർമ്മാണം, വെൽഫെയർ, ഹൗസിങ് സംവിധാനങ്ങളിലുള്ള മാറ്റങ്ങൾ തുടങ്ങിയവയാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. മാഡ്രിഡിൽ ഇത്തരത്തിൽ ദരിദ്രനും സമ്പന്നനും തമ്മിലുള്ള അന്തരം മൂലം സാമ്പത്തിക പ്രതിസന്ധിയും ഉടലെടുത്തിട്ടുണ്ട്. ദരിദ്രൻ കൂടുതൽ ദാരിദ്ര്യത്തിലേക്കും സമ്പന്നൻ കൂടുതൽ സമ്പന്നതയിലേക്കും പോകുന്ന കാഴ്ചയാണ്. അതേസമയം ദരിദ്രനും സമ്പന്നനും തമ്മിലുള്ള അന്തരം ഏറ്റവും കുറവുള്ള നഗരം ഒസ്ലോയാണ്.