ഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ പ്രഭാവത്തിന് പിന്നിൽ അണിനിരന്ന ഇന്ത്യൻ ഗ്രാമങ്ങൾ ബിജെപിയെ കൈവെടിയുകയാണോ? മധ്യപ്രദേശിൽ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപ തിരഞ്ഞെടുപ്പുഫലങ്ങളും ഗ്രാമങ്ങളിൽനിന്ന് മോദി തരംഗം അപ്രത്യക്ഷമായെന്ന സൂചനയാണ് നൽകുന്നത്. എട്ടിടത്തു നടന്ന തിരഞ്ഞെടുപ്പിൽ അഞ്ചിലും ബിജെപിയെ തോൽപിച്ച് കോൺഗ്രസ് നേട്ടമുണ്ടാക്കി.

രത്‌ലാം ലോക്‌സഭാ സീറ്റ് കഴിഞ്ഞ മാസം നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപിയിൽനിന്ന് കോൺഗ്രസ് പിടിച്ചെടുത്തിരുന്നു. അതിന്റെ തുടർച്ചയാണ് ഡിസംബർ 22-ന് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും കണ്ടത്. അഞ്ച് മുൻസിപ്പൽ കൗൺസിലുകളാണ് കോൺഗ്രസ് തിരിച്ചുപിടിച്ചത്.

എന്നാൽ, നഗരങ്ങൾ ഇപ്പോഴും ബിജെപിക്ക് ഒപ്പമാണ്. എട്ട് കോർപറേഷനുകളിൽ ഏഴിടത്തും ബിജെപി അധികാരം നിലനിർത്തി. ഭേരാഘട്ട് കോൺഗ്രസ്സും നിലനിർത്തി. കഴിഞ്ഞവർഷം നടന്ന തിരഞ്ഞെടുപ്പിൽ തദ്ദേശ സ്ഥാപനങ്ങളിൽ ഏറെക്കുറെ പൂർണമായി ബിജെപി അധികാരത്തിലേറിയിരുന്നു. 135 കോർപറേഷനുകളിൽ 83-ഇടത്തും ബിജെപിയാണ് വിജയിച്ചത്.

ബിജെപിയുടെ നല്ലകാലം അസ്തമിച്ചുവെന്ന് കോൺഗ്രസ് വക്താവ് കെ.കെ.മിശ്ര പറഞ്ഞു. ബീഹാറിൽത്തുടങ്ങിയതാണ് അവർക്കുള്ള തിരിച്ചടി. ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിലും അതാവർത്തിച്ചു. രത്‌ലം ലോക്‌സഭാ സീറ്റ് കൈവിട്ടു.ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞടുപ്പിലും ബിജെപിക്ക് തിരിച്ചടിയേറ്റു. പാഴായ വാഗ്ദാനങ്ങളിൽ ജനങ്ങളുടെ മനസ്സുമടുത്തുവെന്നതിന് തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു.

എന്നാൽ, ഈ തിരിച്ചടിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന നിലപാടിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് നന്ദകുമാർ സിങ് ചൗഹാൻ. എന്നാൽ, പാർട്ടി നേതൃത്വം അത്ര അനായാസമായല്ല ഇതിനെ കാണുന്നതെന്ന് സ്പഷ്ടമാണ്. ഗ്രാമപ്രദേശങ്ങളിലും ചെറു പട്ടണങ്ങളിലും മുഖ്യമന്ത്രി നേരിട്ടിറങ്ങി പ്രചാരണം നടത്തിയിട്ടും തിരിച്ചടി നേരിട്ടത് അവരെ അലോസരപ്പെടുത്തുന്നുണ്ട്.