ഹൂസ്റ്റൺ: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ആവേശവും വീറും വാശിയും ഉണർത്തി ഒരു തിരഞ്ഞെടുപ്പിന് വേദിയാകുന്നു ഹൂസ്റ്റൺ. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗി)ന്റെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആവേശം നിറഞ്ഞ പ്രചരണ പരിപാടികള് നടന്നത്. സാമുഹ മാധ്യമങ്ങളെ ഇത്രയധികം ഉപയോഗപ്പെടുത്തിയ ഒരു തിരഞ്ഞെടുപ്പ് മുൻപുണ്ടായിട്ടില്ല.

മൂന്നാഴ്ച മുൻപ് മലയാളി അസോസിയേഷനെ സ്േനഹിക്കുന്ന ഒരു കൂട്ടം മലയാളി സുഹൃത്തുക്കൾ ആരംഭിച്ച 2018 മാഗ് ഇലക്ഷൻ ഡിബേറ്റ് എന്ന വാട്ട്സ് അപ്പ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളുടെ പരിസമാപ്തി കുറിച്ചുകൊണ്ട് നടത്തിയ മീറ്റ് ദി കാൻഡിഡേറ്റ്സ് അമേരിക്കൻ പ്രവാസി മലയാളി സമൂഹത്തിന് മാതൃകയാക്കാവുന്നതാണ്. 170 പേർ ചോദ്യങ്ങളും ഉത്തരങ്ങളും നിർദ്ദേശങ്ങളും കൊണ്ട് സജീവമാക്കി നിലനിർത്തിയ വാട്ട്സ് അപ്പ് ഗ്രൂപ്പിന്റെ ആഗ്രഹ സഫലീകരണമായിരുന്നു ഈ ഡിബേറ്റും മീറ്റ് ദി കാൻഡിഡേറ്റ് പരിപാടിയും.

ജോർജ് ഈപ്പൻ, ഡിബേറ്റിന്റെ നിബന്ധനകളും നിർദ്ദേശങ്ങളും അവതരിപ്പിച്ചു. ജോയി തുമ്പമൺ സ്വാഗതം ആശംസിച്ചു. രണ്ടു ശക്തമായ പാനലുകളാണ് മത്സര രംഗത്തുള്ളത്. പാനലുകൾക്ക് നേതൃത്വം നൽകുന്ന പ്രസിഡന്റ് സ്ഥാനാർത്ഥികളായ ജോഷ്വാ ജോർജിനെയും സുരേഷ് രാമകൃഷ്ണനെയും സ്വയം പരിചയപ്പെടുന്നതിനും ഭാവി പരിപാടികൾ അവതരിപ്പിക്കുന്നതിനും 10 മിനിറ്റ് വീതം നൽകി. തുടർന്ന് ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് സ്വതന്ത്രനായി മത്സരിക്കുന്ന റെജി ജോണിന് അവസരം നൽകി. ശക്തമായ പാനൽ മത്സരങ്ങൾക്കിടയിലും വൻ ഭൂരിപക്ഷത്തോടെ താൻ വിജയിച്ചുവരുമെന്ന് റെജി ജോൺ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

രണ്ടു പാനലുകളിലുമായി 11 പേർ വീതം ബോർഡ് ഓഫ് ഡയറക്ടേഴ്സിലേക്ക് മത്സരിക്കുന്നു. പരിപാടിയിൽ പങ്കെടുത്ത ജോഷ്വാ ജോർജിന്റെ പാനലിലെ തോമസ് മാത്യു (ബാബു മുല്ലശേരി) സാജൻ ഉതുപ്പ് (മണപ്പുറം), ഡോ. മാത്യു വൈരമൺ, രാജൻ യോഹന്നാൻ, ഏബ്രഹാം തോമസ് (അച്ചൻകുഞ്ഞ്) മോൻസി കുര്യാക്കോസ്, തോമസ് സഖറിയ, ആൻഡ്രു ജേക്കബ് എന്നിവർ സ്വയം പരിചയപ്പെടുത്തി സംസാരിച്ചു. സുരേഷ്
രാമകൃഷ്ണന്റെ പാനലിലെ സ്ഥാനാർത്ഥികളായ തോമസ് വർഗീസ് (അച്ചൻകുഞ്ഞ്), സാഖി ജോസഫ്, റോണി ജേക്കബ്, മാത്യു മുണ്ടയ്ക്കൽ, മാത്യു തോട്ടം, സൈമൺ ചാക്കോ വാലാച്ചേരിൽ എന്നിവരും സ്വയം പരിചയപ്പെടുത്തി സംസാരിച്ചു.

മാധ്യമ പ്രവർത്തകരായ ജീമോൻ റാന്നി, ജെ. ഡബ്ല്യു. വർഗീസ് എന്നിവർ മോഡറേറ്ററന്മാരായിരുന്നു. തത്സമയ സംപ്രേഷണം ഉണ്ടായിരുന്ന ഈ ഡിബേറ്റ് 3700 പേർ ഇതിനോടകം കണ്ടു കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. ജിജു കുളങ്ങര, ജീമോൻ റാന്നി, വിജു വർഗീസ്, ജെ. ഡബ്ല്യു. വർഗീസ്, ജോയി തുമ്പമൺ, ചാക്കോ തോമസ്, ജോർജ് ഈപ്പൻ, പ്രേംദാസ് മാമ്മഴിയിൽ എന്നിവരടങ്ങുന്ന അഡ്‌മിൻ പാനലായിരുന്നു ഈ ചടങ്ങിന്റെ സംഘാടകർ.