കൈയിൽകിട്ടുന്നതെന്തും വാങ്ങിക്കഴിക്കുന്ന ശീലക്കാരായി മാറിയതോടെ, ഉള്ളിലെത്തുന്നത് വിഷമാണോ ഭക്ഷണമാണോ എന്നുപോലും ചിന്തിക്കാത്ത ആളുകളായി ഇന്ത്യക്കാർ മാറിക്കഴിഞ്ഞു. ഇന്ത്യൻ ഭക്ഷ്യവിപണിയെക്കുറിച്ച് ഇത്രയേറെ ആശങ്ക വർധിച്ചത് മാഗി ന്യൂഡിൽസ് നിരോധിച്ചതോടെയാണെങ്കിലും, കഴിഞ്ഞ നാലുവർഷത്തിനിടെ അറിയാതെ ഇന്ത്യക്കാർ അകത്താക്കിയത് മുഴുവൻ വിഷമായിരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

2011-നുശേഷം ഇന്ത്യയിൽ ഭക്ഷ്യ സുരക്ഷാ പരിശോധനയിൽ പരാജയപ്പെട്ടത് 30,000-ത്തോളം ഉത്പന്നങ്ങളാണെന്നാണ് റിപ്പോർട്ട്. 2.4 ലക്ഷം ഉത്പന്നങ്ങളിൽ 13 ശതമാനത്തോളം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ പാലിക്കാത്തവയാണ്.

ഇതുപ്രകാരം, ലോകത്തേറ്റവും അപകടകരമായ ഭക്ഷണപദാർഥങ്ങൾ നിർമ്മിക്കുന്ന രാജ്യം ഇന്ത്യയാണ്. ഇക്കാലയളവിൽ 9.9 ശതമാനം ഭക്ഷ്യപദാർഥങ്ങൾ വിലക്കിയ ചൈനയാണ് രണ്ടാം സ്ഥാനത്ത്. ആഗോളാടിസ്ഥാനത്തിൽ വിലപ്പെട്ട ഭക്ഷ്യ പദാർഥങ്ങളുടെ ശരാശരി അഞ്ചുമുതൽ ആറുശതമാനം വരെയാണ്. ആഗോള ശരാശരിയുടെ ഇരട്ടിയിലേറെയാണ് ഇന്ത്യയിലെ കണക്ക്.

2013-14 കാലയളവിൽ മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ അപകടകരങ്ങളായ ഭക്ഷ്യവസ്തുക്കൾ നിർമ്മിച്ചത്. ഇവിടെ നിർമ്മിച്ചതിൽ 40 ശതമാനവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവയാണെന്ന് കണ്ടെത്തിയിരുന്നു. ഉത്തർപ്രദേശിൽ നിർമ്മിച്ച 36 ശതമാനം ഭക്ഷ്യവസ്തുക്കളും പരിശോധനയിൽ പരാജയപ്പെട്ടു. ഉത്തർ പ്രദേശിലെ ഭക്ഷ്യസുരക്ഷാ പരിശോധന കർശനമായതിന്റെ ഫലമായാണ് മാഗി ന്യൂഡിൽസും കുടുങ്ങിയത്.

ഭക്ഷ്യവസ്തുക്കളുടെ കവറിൽ നൽകിയിട്ടുള്ള വിവരങ്ങളിലും തെറ്റായ കാര്യങ്ങളാണ് രേഖപ്പെടുത്താറുള്ളതെന്ന് അധികൃതർ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളിൽ അടങ്ങിയിട്ടുള്ള പോഷകാംശങ്ങളെക്കുറിച്ചും അതിലെ ഘടകങ്ങളെക്കുറിച്ചും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഈ വിവരങ്ങൾ. ഓരോ ഭക്ഷ്യ വസ്തുവിലും അടങ്ങിയിട്ടുള്ള ഘടകങ്ങളേതൊക്കെയെന്ന് കവറിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണമെന്നാണ് നിയമമെങ്കിലും, അത് കൃത്യമായി പാലിക്കപ്പെടാറില്ല.