ടിവി ഷോകളിൽ സെലിബ്രിറ്റി മജീഷ്യന്മാർ വിവിധ തരത്തിലുള്ള ലൈവ് പെർഫോമൻസ് നടത്തി കൈയടി വാങ്ങാറുണ്ട്. എന്നാൽ ഇപ്പോഴിതാ പോളണ്ടിൽ നടന്ന ഇത്തരത്തിലുള്ള ഒരു പ്രകടനം വേദനാജനകമായ അനുഭവമായി മാറിയിരിക്കുകയാണ്. ഇവിടെ മജീഷ്യന് പറ്റിയ ഒരു കൈയബദ്ധം മൂലം ചാറ്റ് ഷോ അവതാരികയുടെ കൈയിൽ കൂറ്റൻ ആണി തറച്ച് കയറുകയായിരുന്നു. തുടർന്ന് അവതാരിക അലറിക്കരയുന്നതാണ് പ്രേക്ഷകർ കണ്ടത്.

മാർസെനെ റോഗൽസ്‌ക എന്ന 46കാരിയുടെ കൈയിലാണ് ആണി തറച്ച് കയറിയിരിക്കുന്നത്. മാജിക്കിന്റെ ഭാഗമായി അവതാരികയോട് ഒരു പേപ്പർ ബാഗിന് മുകളിൽ കൈ വയ്ക്കാൻ ആവശ്യപ്പട്ട മജീഷ്യൻ പെട്ടെന്ന് കൈ താഴ്‌ത്താൻ ആവശ്യപ്പെടുകയും ചെയ്തപ്പോൾ പെട്ടെന്ന് വലിയ ആണി കൈയിൽ തറച്ച് കയറുകയായിരുന്നു.

തുടർന്ന് അവതാരിക കടുത്ത വേദനയാൽ നിലത്തേക്ക് വീഴുകയായിരുന്നു. ഇത് കണ്ട മജീഷ്യനും അസിസ്റ്റന്റും ക്യാമറയ്ക്ക് മുന്നിൽ പരിഭ്രാന്തരാകുന്നതും കാണാം. മാർസെനെ വെറുതെ കരയുകയാണെന്ന് കരുതിയ അസിസ്റ്റന്റ് ആദ്യം അടക്കിച്ചിരിക്കുന്നത് കാണാം. തുടർന്നാണ് അവതാരികയ്ക്ക് ശരിക്കും വേദനയുണ്ടെന്ന് അയാൾ മനസിലാക്കുന്നത്. തുടർന്ന് അവതാരികയെ സമാശ്വസിപ്പിക്കാൻ അവർ ശ്രമിക്കുന്നുണ്ടെങ്കിലും പിന്നീട് അവർക്ക് വൈദ്യ സഹായം വേണ്ടി വന്നുവെന്നാണ് റിപ്പോർട്ട്. അവതാരിക നിലത്ത്കിടന്ന് കരയുമ്പോൾ മജീഷ്യനും അസിസ്റ്റന്റും കൈ പരിശോധിക്കുന്നുണ്ട്. തുടർന്ന് പരിപാടിയുടെ ശേഷിക്കുന്ന ഭാഗത്ത് മാർസെനെ പങ്കെടുത്തതുമില്ല.

പരിപാടിക്ക് മുമ്പ് ഈ ട്രിക്ക് വേണ്ട റിഹേഴ്സൽ നടത്തിയിരുന്നുവെന്നും അപ്പോൾ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നുമാണ് പ്രോഗ്രാമിന്റെ പ്രൊഡ്യൂസർമാർ വെളിപ്പെടുത്തുന്നത്. അവതാരികയെ ഹോസ്പിറ്റലിൽ എത്തിക്കുകയും പരുക്ക് ചെറുതാണെന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് ടെറ്റനസിനെ തടയുന്നതിനുള്ള ഇഞ്ചക്ഷൻ നൽകുകയും ചെയ്തു.