തിരുവനന്തപുരം: അഭിനയമെന്ന ഇന്ദ്രജാലം മാത്രമല്ല, മാജിക് എന്ന കലയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് സൂപ്പർ താരം മോഹൻലാൽ. ലോക മാജിക്കിന്റെ ബൃഹത്തായ കൊട്ടാരം എന്നു വിശേഷിപ്പിക്കുന്ന മാജിക് പ്ലാനറ്റിലെ മായാജാലങ്ങൾക്ക് തുടക്കം കുറിച്ചാണ് സൂപ്പർ താരം ഇന്ദ്രജാലപ്രകടനം നടത്തിയത്. കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് മാജിക് പ്ലാനറ്റ് ഉദ്ഘാടനംചെയ്തത്.

ഇന്ദ്രജാലത്തിന്റെ മായാലോകത്തേക്കുള്ള പ്രവേശനകവാടത്തിൽ ഒരു പെൺകുട്ടിയെ വായുവിൽ ഉയർത്തിയാണ് മോഹൻലാലിന്റെ പ്രകടനത്തിന് തുടക്കമായത്. മജീഷ്യന്റെ കറുത്ത കോട്ടും തൊപ്പിയുമണിഞ്ഞാണു മോഹൻലാൽ എത്തിയത്. ലോകത്താദ്യമായി തയ്യാറാക്കിയ വിസ്മയ ഗ്രഹത്തിന്റെ ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം മാന്ത്രികരാണ് എത്തിയത്. ജൂലിയാന ചെൻ (യുഎസ്എ), മമാഡ (തായ്‌ലാന്റ്), സോമ ഹജ്‌നോസി (ഹങ്കറി), മൈക്ക് ചോ, ജെഫ്‌ലീ (തായ് വാൻ), ടോപ്പാസ് (ജർമനി), ഡേവിഡ് സൂസ (പോർച്ചുഗൽ) എന്നിവർ ഇതിൽ പ്രമുഖരാണ്. ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി, പശ്ചിമബംഗാൾ, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെ പ്രമുഖരായ നിരവധി തെരുവുജാലവിദ്യക്കാരും ഉച്ചകോടിക്ക് മാറ്റുകൂട്ടുവാനെത്തി.

വിസ്മയങ്ങളുടെ ലോകത്തിലെ ആദ്യത്തെ മാന്ത്രിക കൊട്ടാരമായ മാജിക് പ്ലാനറ്റ് മാജിക് അക്കാദമിയുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നവംബർ ഒന്നിനും രണ്ടിനും കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ മാജിക് അക്കാദമി, കേരള സംസ്ഥാന ടൂറിസം വകുപ്പ്, കേരള സംഗീത നാടക അക്കാദമി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന മാന്ത്രിക ഉച്ചകോടിയിൽ നിരവധി ദേശീയോദ്‌ഗ്രഥന പരിപാടികൾ, തെരുവുജാലവിദ്യകൾ, മാജിക് മത്സരങ്ങൾ, ചർച്ചകൾ, വിദേശ മാന്ത്രികർ നയിക്കുന്ന മാജിക് ക്ലാസുകൾ, പബ്ലിക് ഗാലാ ഷോസ് തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.

ക്ലോസപ്പ്, സ്റ്റേജ് ഇല്യൂഷൻ ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തുന്നത്. വിജയികൾക്ക് ക്യാഷ് അവാർഡും കേരള സംഗീത നാടക അക്കാദമി നൽകുന്ന മെമെന്റോയും സർട്ടിഫിക്കറ്റും നൽകും. തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച പെർഫോർമറിന് 2,22,222 രൂപയുടെ ക്യാഷ് അവാർഡും കേരള സംഗീത നാടക അക്കാദമി നൽകുന്ന മെമെന്റോയും സർട്ടിഫിക്കറ്റും ലഭിക്കും.

സമ്മേളനത്തിനുശേഷം വിജയികളുടെ പ്രകടനവും വിദേശ മാന്ത്രികരുടെ ഗാലാ ഷോയും നടക്കും. വൈകുന്നേരങ്ങളിലെ ഗാലാ ഷോകളിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കും.

മാജിക് പ്ലാനറ്റ് ഉദ്ഘാടനത്തിന് നാന്ദി കുറിച്ച് കഴിഞ്ഞദിവസം ശാന്തിഗിരി ലോട്ടസ് പർണശാലയിൽനിന്ന് കഴക്കൂട്ടം കിൻഫ്ര ഫിലിം വീഡിയോ പാർക്ക് വരെ 3 യുവമാന്ത്രികർ കണ്ണുകെട്ടി മോട്ടോർ സൈക്കിൾ ഓടിച്ചു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി, പശ്ചിമബംഗാൾ, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ നിന്നെത്തുന്ന പ്രമുഖരായ തെരുവുജാലവിദ്യക്കാരുടെ ജാലവിദ്യകളും അരങ്ങേറി.

വിസ്മയങ്ങളുടെ മാന്ത്രിക കൊട്ടാരമാണ് കഴക്കൂട്ടത്തെ മാജിക് പ്ലാനറ്റ്. ഇന്ദ്രജാലമെന്ന പാരമ്പര്യ കലാരൂപത്തെ കൂടുതൽ ജനകീയമാക്കി അതിലൂടെ ഇന്ത്യൻ ജാലവിദ്യകളുടെ വളർച്ച ലക്ഷ്യമിട്ടാണ് മാജിക് പ്ലാനറ്റ് പ്രവർത്തിക്കുന്നത്. ഗണിതം, ശാസ്ത്രം, സാഹിത്യം എന്നിവയിലടങ്ങിയിരിക്കുന്ന മാന്ത്രികത നേരിട്ട് അനുഭവിച്ചറിയാനും അവയെ ഇഷ്ടവിഷയമാക്കാനും പഠിക്കാനും മാജിക് പ്ലാനറ്റ് അവസരമൊരുക്കും. മാജിക് പ്ലാനറ്റിലെ പറഞ്ഞാലും തീരാത്ത വിസ്മയവിശേഷങ്ങൾ ഇവയാണ്.

ഹിസ്റ്ററി മ്യൂസിയം
ബിസി 6000 മുതലുള്ള ഇന്ദ്രജാലത്തിന്റെ നാൾവഴികൾ ദൃശ്യവത്കരിച്ചിട്ടുള്ള ഹിസ്റ്ററി മ്യൂസിയത്തിൽ ആദിമ മനുഷ്യരിൽ നിന്നും തുടങ്ങിയ ഇന്ദ്രജാലം ഈജിപ്ഷ്യൻ കാലഘട്ടത്തിലൂടെ കടന്ന് ഹാരി ഹൂദിനി വരെയെത്തുന്ന അന്താരാഷ്ട്ര ഇന്ദ്രജാല ചരിത്രം വിവരിക്കുന്നുണ്ട്. രാജസദസ്സുകളെ വിസ്മയിപ്പിച്ച ഇന്ദ്രജാല മഹാരഥന്മാരിൽ തുടങ്ങി തെരുവു ജാലവിദ്യക്കാരിലൂടെ വളർന്ന് പി സി സർക്കാർ വരെയത്തിയ ഭാരതീയ ഇന്ദ്രജാല ചരിത്രവും കൂട്ടിയിണക്കി നിശ്ചല ദൃശ്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ മാജിക്കിന്റെ പിതാവ് എന്നറിയപ്പെടുന്ന പി സി സർക്കാർ സീനിയർ വിഭാവനം ചെയ്ത വാട്ടർ ഓഫ് ഇന്ത്യ ഇന്ദ്രജാല ചരിത്ര മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ നദികളുടെ സംയോജനത്തിന്റെ പ്രതീകമായി ഒഴിഞ്ഞ കുടത്തിൽ നിന്നും ഇന്ത്യൻ നദികളിലെ ജലം ഒന്നിനുപിറകെ ഒന്നായി പ്രവഹിക്കുന്നതാണ് ഈ ഇന്ദ്രജാലം. അന്താരാഷ്ട്ര തലത്തിൽ വാട്ടർ ഓഫ് ഇന്ത്യ മാജിക് ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. ഇന്ത്യൻ മാജിക്കിന്റെ വളർച്ച വിശദീകരിക്കുന്ന വിഭാഗത്തിലാണ് പി സിസർക്കാർ സീനിയറിന്റെ വാട്ടർ ഓഫ് ഇന്ത്യ പ്രദർശിപ്പിച്ചിട്ടുള്ളത്. ചരിത്രാതീതകാലം മുതൽ നാളിതുവരെയുള്ള ഇന്ദ്രജാല ചരിത്രത്തെ ദൃശ്യരൂപങ്ങളിലൂടെ അവതരിപ്പിക്കുന്നത് ഇതാദ്യമായാണ്.

ഭൂഗർഭ തുരങ്കം
സ്വപ്നങ്ങളുടെ പിറകേ പോയ ഒരു കുഞ്ഞു പെൺകുട്ടിയുടെ ജീവിത കഥയാണ് ഇവിടെ ദൃശ്യവത്കരിച്ചിരിക്കുന്നത്. വീടെന്ന അന്തരീക്ഷത്തിൽ നിന്നും രക്ഷപ്പെടാനാഗ്രഹിച്ച അവൾ കാറ്റിനോടും മരത്തോടും പൂക്കളോടും പുഴകളോടുമൊപ്പം കളിച്ചു രസിച്ചു ജീവിക്കാനിഷ്ടപ്പെട്ടു. ഒടുവിൽ ഇവരാരും തുണയില്ലാതെ കാട്ടിനകത്ത് ഒറ്റപ്പെട്ടു പോകുന്ന പെൺകുട്ടി വീട് തന്നെയാണ് സ്വർഗമെന്ന് മനസ്സിലാക്കുന്നു. രക്ഷപ്പെടാൻ വഴിയില്ലാതെ കുഴങ്ങിയ അവളുടെ മുമ്പിലേയ്ക്ക് മാന്ത്രിക പരവതാനി പ്രത്യക്ഷപ്പെടുകയും അതിലൂടെ അവൾ വീട്ടിലേയ്ക്ക് എത്തിച്ചേരുകയും ചെയ്യുന്ന വിസ്മയ ലോകമാണ് ഇവിടെ ദൃശ്യവത്കരിച്ചിട്ടുള്ളത്. പൂക്കളും വെള്ളച്ചാട്ടവും കൊടുങ്കാടിന്റെ അന്തരീക്ഷവും പക്ഷി മൃഗാദികളും ഇവിടെ കഥാപാത്രങ്ങളാവുന്നു.



ക്ലോസപ്പ് തീയേറ്റർ
കൈയടക്കത്തിന്റെ അതിവേഗ കലയെ അവതരിപ്പിക്കുന്ന ഒരു വിഭാഗം. ഒരേ സമയം മുപ്പത് പേരുടെ മുന്നിൽ അറിയപ്പെടുന്ന ക്ലോസപ് ജാലവിദ്യക്കാർ അവതരിപ്പിക്കുന്ന ക്ലോസപ് വിസ്മയങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഒരു കൈപ്പാടകലെ വിസ്മയങ്ങളെ നോക്കിക്കാണുന്നതിനുള്ള സവിശേഷ അവസരം ഇവിടെ ലഭിക്കുന്നു.

സയൻസ് കോർണർ
കണ്ണാടികൾ കൊണ്ട് മാത്രം നിർമ്മിച്ചിട്ടുള്ള കണ്ണാടിക്കൊട്ടാരത്തിൽ കടന്നാൽ അവിടെ വഴി കണ്ടുപിടിക്കാനാവാതെ കുഴങ്ങും. ഇന്ദ്രപ്രസ്ഥത്തിലെത്തിയ ദുര്യോധനന്റെ അവസ്ഥയാകും പിന്നീട്. എവിടെ നോക്കിയാലും കണ്ണാടിക്കൊട്ടാരത്തിൽ കയറുന്നയാളിന്റെ മുഖം മാത്രം. യഥാർത്ഥ വഴി കണ്ടുപിടിച്ച് പുറത്തിറങ്ങുക എന്നതാണ് സന്ദർശകർ നേരിടുന്ന വെല്ലുവിളി. കൂടാതെ സൈക്കിൾ ചവിട്ടുന്ന വ്യക്തിക്കൊപ്പം അസ്ഥികൂടവും സൈക്കിളിൽ സഞ്ചരിക്കുന്നത്, ഒരു കസേര ഒരേ സമയത്ത് നേരയും തലതിരിഞ്ഞുമിരിക്കുന്നത്, മീറ്റിങ് പോയിന്റ്, തെരുവുജാലവിദ്യാ കോർണർ, 3ഡി മാജിക് സിനിമകളുടെ പ്രദർശനം, ഇല്യൂഷൻ ഷോകൾ, ക്ലോസപ്പ് ജാലവിദ്യകൾ, ഷാഡോ പ്ലേ, വാക്ക് എറൗണ്ട് മാജിക്, സൈക്കോ മാജിക്, വെർച്വൽ സൂപ്പർ മാർക്കറ്റ് എന്നിവയും സയൻസ് കോർണറിന്റെ ഉള്ളടക്കത്തിലൊരുങ്ങുന്നു.

തെരുവുജാലവിദ്യാ കോർണർ
ശാസ്ത്രീയതയുടെ അടിത്തറയുള്ള ഇന്ദ്രജാല കലയുടെ പൊൻതൂവലായി പാരമ്പര്യ തെരുവുജാലവിദ്യകൾ നിലകൊള്ളുന്നു. അതുകൊണ്ടുതന്നെ മാസ്റ്റർ ഓഫ് മോഡേൺ മജീഷ്യൻസ് എന്നാണ് തെരുവു മാന്ത്രികരെ അറിയപ്പെടുന്നത്. അത്യന്തം അപകടം നിറഞ്ഞതും ദുർഘടവുമായ ഇത്തരം ജാലവിദ്യകൾ തുറന്ന വേദികളിൽ സാങ്കേതിക വിദ്യയുടെ അകമ്പടിയുമില്ലാതെയാണ് അവതരിപ്പിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് മാന്ത്രികർ അവതരിപ്പിക്കുന്ന മായാജാലക്കാഴ്ചകളിൽ നിന്ന് ഏറെ മികവുറ്റതാണ് ഈ തെരുവുജാലവിദ്യകൾ. വടാരോഹണ ജാലവിദ്യ, ഇന്ത്യൻ ബാസ്‌ക്കറ്റ്, ഗ്രീൻ മാംഗോ ട്രീ ജാലവിദ്യ തുടങ്ങി അത്യപൂർവങ്ങളായ പരമ്പരാഗത മാന്ത്രിക വിദ്യകൾ ഭാരതത്തിലെ അതിപ്രശസ്തരായ തെരുവുജാലവിദ്യക്കാർ ഇവിടെ അവതരിപ്പിക്കുന്നു.

ടെംപെസ്റ്റ്
സാഹിത്യത്തിലെ മാന്ത്രികത വെളിവാക്കുന്ന വില്യം ഷേക്‌സ്പിയറിന്റെ 'ദി ടെംപെസ്റ്റ്''എന്ന നാടകത്തിന്റെ മാന്ത്രിക പുനരവതരണവും മാജിക് പ്ലാനറ്റിന്റെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്. സാഹിത്യത്തിന്റെ സൗന്ദര്യവും ആകർഷണീയതയും കുട്ടികൾക്ക് മനസ്സിലാക്കാനുതകും വിധത്തിലാണ് ഇതിന്റെ രൂപകൽപന. ടെംപെസ്റ്റിലെ കഥാപാത്രങ്ങളായ പ്രോസ്‌പെറോ, മിറാൻഡാ, ഫെർഡിനന്റ്, കാലിബാൻ, ഏരിയൽ തുടങ്ങിയ കഥാപാത്രങ്ങൾ സന്ദർശകർക്ക് മുന്നിലെത്തും.

ഓഡിറ്റോറിയം
ഒരേ സമയം മുന്നൂറ് പേർക്ക് പ്രവേശിക്കാവുന്ന തരത്തിൽ സജ്ജീകരിച്ചിട്ടുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയ ഓഡിറ്റോറിയത്തിൽ ഇല്യൂഷൻ ജാലവിദ്യകളാണ് അവതരിപ്പിക്കുന്നത്.

കൂടാതെ ജഗ്ലിങ്, വാക്ക് എറൗണ്ട് മാജിക്, ഷാഡോ പ്ലേ, ചിൽഡ്രൻസ് പാർക്, ഫൺ വിത്ത് ഹാരി, മാജിക് ഷോർട്ട് ഫിലിം പ്രദർശനം തുടങ്ങിയവും മാജിക് പ്ലാനറ്റിന്റെ പ്രധാന ആകർഷണങ്ങളാണ്.

ഫുഡ് കോർട്ട്
മാജിക് പ്ലാനറ്റിന്റെ മറ്റൊരു സവിശേഷത ഫുഡ് കോർട്ടാണ്. നാടൻ വിഭവങ്ങളും പുതുതലമുറയുടെ ഇഷ്ടവിഭവങ്ങളും ഫുഡ്‌കോർട്ടിൽ ഒരുക്കിയിട്ടുണ്ട്. സ്വീകാര്യമായ വിലയിൽ മേൽത്തരം ഭക്ഷണം നൽകുക എന്നതാണ് ഫുഡ്‌കോർട്ടിന്റെ ലക്ഷ്യം. ഒരേ സമയം ഇരുനൂറിലേറെ പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഫുഡ് കോർട്ടിലുണ്ട്.

പാർക്കിങ്
കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിന്റെ വിശാലമായ ഗ്രൗണ്ടിലാണ് പാർക്കിങ് സൗകര്യം ക്രമീകരിച്ചിരിക്കുന്നത്. ഒരേ സമയം നൂറുകണക്കിന് ബസുകൾക്കും കാറുകൾക്കും ഇവിടെ പാർക്ക് ചെയ്യാൻ സാധിക്കും.

ഇന്ദ്രിയങ്ങളെ അസാധാരണമായ അത്ഭുത ലോകത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനായി മാജിക് അക്കാദമി ഒരുക്കുന്ന ഒരപൂർവ പദ്ധതിയാണ് മാജിക് പ്ലാനറ്റ്. കലയും ശാസ്ത്രവും സാഹിത്യവും സാങ്കേതികവിദ്യയുമെല്ലാം ഇന്ദ്രജാലത്തോട് സമന്വയിക്കുമ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുത്സവ കാഴ്ചയുടെ പ്രതീതിയാവും ഉണ്ടാവുക. ഇവയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുവാനും കുട്ടികളുടെ ഇമോഷണൽ ഇന്റലിജൻസ് മെച്ചപ്പെടുത്തുവാനും മാജിക് പ്ലാനറ്റ് അവസരമൊരുക്കുന്നു.

ലോകപ്രശസ്ത ഇന്ദ്രജാലക്കാരനും രക്ഷപ്പെടൽ ജാലവിദ്യയുടെ ഉപജ്ഞാതാവുമായ ഹാരി ഹൂഡിനിയോടുള്ള ആദരസൂചകമായി ഹാരി'എന്ന കണ്ണടവച്ച കുട്ടിപ്പയ്യൻ ആണ് മാജിക് പ്ലാനറ്റിന്റെ ഭാഗ്യചിഹ്നം. സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന മാജിക് എന്ന കലാരൂപത്തെ ജനകീയമാക്കാൻ മുന്നിട്ടിറങ്ങിയ, ഏഷ്യയിലെ ആദ്യത്തെ മാജിക് പഠന കേന്ദ്രം എന്ന ഖ്യാതി നേടിയ ദി അക്കാദമി ഓഫ് മാജിക്കൽ സയൻസസിന്റെ ചിന്തയിൽ നിന്നുതിർന്നതാണ് മാജിക് പ്ലാനറ്റ് എന്ന ആശയം.‘ഇന്നത്തെ കുട്ടികൾ ഭാവിയുടെ ഐൻസ്റ്റീൻ എന്ന മുദ്രാവാക്യവുമായാണ് മാജിക് പ്ലാനറ്റ് പൊതുജനങ്ങൾക്ക് മുന്നിലെത്തുന്നത്.ഏറെ വർഷങ്ങളുടെ സ്വപ്നമാണ് യാഥാർഥ്യമാകുന്നതെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. മാജിക്ക് പ്ലാനറ്റിൽ നിന്നുള്ള ഒരു രൂപ പോലും സ്വന്തമായി ഉപയോഗിക്കില്ലെന്നും ഇതു തെരുവു മാന്ത്രികരുടെ പുനരധിവാസത്തിനാണ് ഉപയോഗിക്കുകയെന്നും അദ്ദേഹം പറഞ്ഞു.