ജൈവസമ്പന്ന വനമേഖലകൾ സംരക്ഷിക്കപ്പെടണമെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. ഈ പ്രദേശങ്ങളിലേക്ക് മനുഷ്യരെ കാലുകുത്താൻ അനുവദിക്കരുതെന്ന് വാദിക്കുന്നവർക്ക് മുമ്പിലേക്കിതാ ഒരു മാന്ത്രി ഹോട്ടൽ വാതിൽ തുറക്കുന്നു. വൈവിധ്യമാർന്ന സസ്യ ജന്തു വർഗങ്ങളുടെ ആവാസ കേന്ദ്രമായ ചിലിയിലെ ആൻഡിസ് പർവ്വതനിരകൾക്കു മധ്യത്തിലാണ് ഈ മൊണ്ടാന മാജിക്ക് ലോഡ്ജ് എന്ന ഈ ആഢംബര ഹോട്ടൽ പ്രവർത്തിക്കുന്നത്. അഗ്നിപർവ്വതത്തിന്റെ രൂപത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ എടുപ്പിന്റെ മുകളിൽ മനോഹരമായ വെള്ളച്ചാട്ടവും ഉണ്ട്. ഒറ്റനോട്ടത്തിൽ തന്നെ ഏതോ കെട്ടുകഥയിലെ ഭൂതക്കോട്ട പോലെ തോന്നിപ്പിക്കുന്ന ഈ ഹോട്ടൽ നിർമ്മിച്ചിരിക്കുന്നത് മരവും കല്ലും ഉപയോഗിച്ചാണ്. മുകളിൽ നിന്നും താഴേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന വെള്ളം, അങ്ങിങ്ങായി വളർന്നു വലുതായ പുല്ലുകൾ, ഇവയ്ക്കിടയിലൂടെ കാണുന്ന ജാലകങ്ങൾ, ഒറ്റ കാഴ്ചയിൽ ഇതൊരു മലതുരന്നുണ്ടാക്കിയതാണെന്ന് തോന്നിപ്പോകും.

ലോകത്തെ ഏറ്റവും വിലപ്പെട്ട പരിസ്ഥിതി ലോലപ്രദേശങ്ങളിലൊന്നിന്റെ നടുവിലാണ് ഈ മാന്ത്രിക ഹോട്ടൽ പ്രവർത്തിക്കുന്നത്. വിശ്രമത്തിനായി ഒരു ഹോട്ടൽ എന്നതിലുപരി ഇവിടെ എത്തുന്ന അതിഥികൾക്ക് അപൂർവ്വ ജീവജാലങ്ങളെ കാണാനും അവസരമുണ്ട്. തൂങ്ങിയാടുന്ന നൂൽപ്പാലത്തിലൂടെ മാത്രമെ ഇവിടെ എത്താനാകൂവെന്നതിനാൽ അതിഥികൾക്ക് അൽപം ധൈര്യം കൂടുതൽ വേണ്ടിവരും. ഇവിടേക്ക് നടന്നെത്താൻ മാത്രമെ വഴിയുള്ളൂ. അകത്ത് വിവിധ തട്ടുകളിലായി 13 ചെറിയ മുറികളും ഭീമൻ മരങ്ങൾ കടഞ്ഞെടുത്തുണ്ടാക്കിയ ബാത്ത് ടബും പുരാതന സെറ്റപ്പുകളുള്ള ബാറും റസ്ട്രന്റും ഹോട്ടലിൽ ഒരുക്കിയിട്ടുണ്ട്.

മിനിഗോൾഫ്, കുതിര സവാരി, യഥേഷ്ടം ഹൈക്കിങ്, ചങ്ങാടം തുഴയൽ തുടങ്ങിയവയ്ക്കും സംവിധാനങ്ങളുണ്ട്. റിസർവ് വനത്തിനു മുകളിലൂടെ 1500 അടി ഉയരത്തിൽ കടന്നു പോകുന്ന ദക്ഷിണ അമേരിക്കയിലെ ഏറ്റവും ദൈർഘ്യമേറിയ റോപ് വേയിലൂടെ പോകാനും അവസരമുണ്ട്. ഹോട്ടൽ കോംപ്ലക്‌സിന്റെ ഒരു ഭാഗമാണ് മൊണ്ടാന മാജിക്ക ഹോട്ടൽ. തൂങ്ങിയാടുന്ന നടപ്പാതകളാണ് ഈ സമുച്ചയത്തിലെ കെട്ടിടങ്ങളെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത്. സമീപ ഹോട്ടലുകളെ അപേക്ഷിച്ച് ചെലവുകളും ഇവിടെ വളരെ കുറവാണെന്നത് സന്ദർശകരെ ഇങ്ങോട്ട് ആകർഷിക്കുന്നു.