ക്രൈസ്റ്റ് ചർച്ച്: ക്രൈസ്റ്റ് ചർച്ചിന് 180 കിലോമീറ്റർ ദൂരെ ആർതർ പാസിന് പടിഞ്ഞാറു വശത്ത് മെഥോവനിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ ആദ്യം 6.4 രേഖപ്പെടുത്തിയ ഭൂകമ്പം പിന്നീട് ശക്തി കുറഞ്ഞ് ആറിൽ എത്തി. രാവിലെ 6.48നാണ് ശക്തമായ തോതിൽ ഭൂചനം അനുഭവപ്പെട്ടത്.

ആദ്യത്തെ ശക്തമായ ഭൂകമ്പത്തിനു ശേഷം പിന്നീട് ഇരുപതിലധികം തുടർ ചലനങ്ങൾ അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇനിയും തുടർചലനങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് ന്യൂസിലാൻഡിന്റെ ജിയോ നെറ്റ് അഡൈ്വസറി സർവീസ് വ്യക്തമാക്കി. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.

13 തുടർചലനങ്ങൾ ഒരു മണിക്കൂറിനുള്ളിലാണ് ഉണ്ടായത്. അതിൽ നാലെണ്ണം റിക്ടർ സ്‌കെയിലിൽ നാലിൽ അധികം രേഖപ്പെടുത്തുന്നതായിരുന്നു. അതേസമയം വർഷത്തിൽ 20,000 ലധികം ചെറു ചലനങ്ങൾ ന്യൂസിലാൻഡിൽ ഉണ്ടാകുന്നതായി ജിയോ നെറ്റ് വ്യക്തമാക്കുന്നു. ഇതിൽ ശരാശരി തീവ്രത ആറ് രേഖപ്പെടുത്തുന്ന ഒട്ടേറെ ഭൂചലനങ്ങൾ ഉണ്ടാകാറുണ്ട്.

ഭൂകമ്പ ബാധിത പ്രദേശമായാണ് ന്യൂസിലാൻഡിനെ കണക്കാക്കിയിരിക്കുന്നത്.  ന്യൂസിലാൻഡിനു സമീപം പസഫിക് സമുദ്രത്തിൽ റിങ് ഓഫ് ഫയർ എന്ന ഭാഗമാണ് ഇതിനു കാരണമായി പറയുന്നത്. 2011-ൽ ക്രൈസ്റ്റ് നഗറിൽ ഉണ്ടായ ഭൂകമ്പം രാജ്യത്തെ ആകെ പിടിച്ചുലച്ചിരുന്നു. അന്ന് 185 പേരാണ് കൊല്ലപ്പെട്ടത്. ഒട്ടേറെ നാശനഷ്ടങ്ങളും സംഭവിച്ചിരുന്നു.