- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് മഹാനവമി; സരസ്വതീപൂജ നടത്തി നവരാത്രിക്ക് പൂർണതനൽകുന്ന ദിവസം; ക്ഷേത്രങ്ങളിലും വീടുകളിലും സരസ്വതിയെ ധ്യാനിച്ച് പുസ്തകങ്ങളും എഴുത്തുപകരണങ്ങളും പൂജവച്ചു
ഇന്ന് മഹാനവമി; സരസ്വതീപൂജ നടത്തി നവരാത്രിക്ക് പൂർണതനൽകുന്ന ദിവസം; ക്ഷേത്രങ്ങളിലും വീടുകളിലും സരസ്വതിയെ ധ്യാനിച്ച് പുസ്തകങ്ങളും എഴുത്തുപകരണങ്ങളും പൂജവച്ചു തിരുവനന്തപുരം: ഇന്നാണ് മഹാനവമി. നവരാത്രി ആഘോഷങ്ങളിൽ പ്രധാനദിവസം. ആദ്യത്തെ മൂന്നുദിവസങ്ങൾ ദുർഗയെയും രണ്ടാമത്തെ മൂന്നുദിവസം മഹാലക്ഷ്മിയെയും പ്രീതിപ്പെടുത്തിയിട്ട് സരസ്വതീപൂജ നടത്തി നവരാത്രിക്ക് പൂർണതനൽകുന്ന ദിവസമാണ് മഹാനവമി. അന്ധകാരത്തിന്റെ ശക്തികളോട് ദേവി പൊരുതുന്ന രാത്രിയാണിത്. ദുർഗാം ധ്യായതു ദുർഗതി പ്രശമന്യാം ദുർവാദള ശ്യാമളാം എന്ന മന്ത്രത്താൽ മുഖരിതമായ അന്തരീക്ഷത്തിൽ കേരളത്തിലെ വിവിധ ദേവീക്ഷേത്രങ്ങളിൽ ഇന്നലെ ദീപാരാധനയും ദുർഗാഷ്ടമിപൂജയും കഴിഞ്ഞ് പൂജവയ്പ് മഹോത്സവം തുടങ്ങി. ക്ഷേത്രങ്ങളിലും മഠങ്ങളിലും വീടുകളിലും സരസ്വതിയെ ധ്യാനിച്ച് പുസ്തകങ്ങളും എഴുത്തുപകരണങ്ങളും പൂജവച്ചു. ആയുധങ്ങളും പുസ്തകങ്ങളും തൂലികയും സംഗീതോപകരണങ്ങളും എന്നു തുടങ്ങി ഓരോരുത്തരുടെയും ഉപജീവനമാർഗവുമായി ബന്ധമുള്ള ഉപകരണങ്ങൾ ദേവിയുടെ സമക്ഷം സമർപ്പിച്ച് പൂജിച്ചശേഷം വിജയദശമിദിവസ
ഇന്ന് മഹാനവമി; സരസ്വതീപൂജ നടത്തി നവരാത്രിക്ക് പൂർണതനൽകുന്ന ദിവസം; ക്ഷേത്രങ്ങളിലും വീടുകളിലും സരസ്വതിയെ ധ്യാനിച്ച് പുസ്തകങ്ങളും എഴുത്തുപകരണങ്ങളും പൂജവച്ചു
തിരുവനന്തപുരം: ഇന്നാണ് മഹാനവമി. നവരാത്രി ആഘോഷങ്ങളിൽ പ്രധാനദിവസം. ആദ്യത്തെ മൂന്നുദിവസങ്ങൾ ദുർഗയെയും രണ്ടാമത്തെ മൂന്നുദിവസം മഹാലക്ഷ്മിയെയും പ്രീതിപ്പെടുത്തിയിട്ട് സരസ്വതീപൂജ നടത്തി നവരാത്രിക്ക് പൂർണതനൽകുന്ന ദിവസമാണ് മഹാനവമി. അന്ധകാരത്തിന്റെ ശക്തികളോട് ദേവി പൊരുതുന്ന രാത്രിയാണിത്.
ദുർഗാം ധ്യായതു ദുർഗതി പ്രശമന്യാം ദുർവാദള ശ്യാമളാം എന്ന മന്ത്രത്താൽ മുഖരിതമായ അന്തരീക്ഷത്തിൽ കേരളത്തിലെ വിവിധ ദേവീക്ഷേത്രങ്ങളിൽ ഇന്നലെ ദീപാരാധനയും ദുർഗാഷ്ടമിപൂജയും കഴിഞ്ഞ് പൂജവയ്പ് മഹോത്സവം തുടങ്ങി. ക്ഷേത്രങ്ങളിലും മഠങ്ങളിലും വീടുകളിലും സരസ്വതിയെ ധ്യാനിച്ച് പുസ്തകങ്ങളും എഴുത്തുപകരണങ്ങളും പൂജവച്ചു. ആയുധങ്ങളും പുസ്തകങ്ങളും തൂലികയും സംഗീതോപകരണങ്ങളും എന്നു തുടങ്ങി ഓരോരുത്തരുടെയും ഉപജീവനമാർഗവുമായി ബന്ധമുള്ള ഉപകരണങ്ങൾ ദേവിയുടെ സമക്ഷം സമർപ്പിച്ച് പൂജിച്ചശേഷം വിജയദശമിദിവസം ശുഭമുഹൂർത്തത്തിൽ അവ തിരികെയെടുക്കുന്നു.
പീഠത്തിൽ വെള്ളവസ്ത്രം വിരിച്ച് സരസ്വതീ ദേവിയുടെയോ ശാരദാദേവിയുടെയോ ചിത്രമോ വിഗ്രഹമോ സ്ഥാപിച്ച് നിലവിളക്കിൽ അഞ്ച് തിരിയിട്ട് തെളിച്ചാണ് പൂജവയ്പുചടങ്ങ് നടത്തിയത്. നാളെ പൂജയെടുക്കുന്നതുവരെ വിളക്ക് അണയാതെ കാക്കണം.
നാളെ വിജയദശമി നന്മയുടെയും ധർമ്മത്തിന്റെയും വിജയദിനമാണ്. വിദ്യാഭ്യാസം തുടങ്ങാനും ആയുധ, സുകുമാര കലാപഠനം തുടങ്ങാനും യോജിച്ചദിവസമാണ്. വിജയദശമിദിനത്തിൽ വെളുപ്പിന് നാലുമുതൽ ഗണപതിക്കും സരസ്വതിക്കും ഗുരുവിനും പൂജകൾ ചെയ്താണ് അക്ഷരമെഴുത്തു തുടങ്ങുന്നത്.
വിദ്യാരംഭത്തിൽ ഏറെ പ്രചാരം കുരുന്നുകളെ എഴുത്തിനിരുത്താണ്. കസവുനേര്യത് ഉടുത്ത് പരിഭ്രമത്തോടെ ആചാര്യന്മാരുടെ മടിയിലിരുത്തുന്ന കുരുന്നിന് വിരൽപിടിച്ച് ഉണക്കലരിയിലോ മണലിലോ ഹരിശ്രീ ഗണപതായെ നമഃ എന്നെഴുതിക്കുന്നു. കുഞ്ഞുനാവിൽ പൊന്നുരച്ച് തേച്ച് നല്ലതുരുചിക്കാനുള്ള പ്രചോദനം പകരുന്നു. ഒടുവിൽ വിദ്യയുടെ വിഹായസിലേറി വിജയം വരിക്കട്ടേയെന്ന് ആചാര്യൻ നെറുകിൽ തൊട്ട് അനുഗ്രഹിക്കുന്നതോടെ എഴുത്തിനിരുത്തൽ ചടങ്ങ് പൂർത്തിയാകും
കേരളത്തിനുപുറത്തുകൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലാണ് വിദ്യാരംഭം പ്രാധാന്യത്തോടെ നടത്തുന്നത്. കേരളത്തിലെ പ്രധാന സരസ്വതീക്ഷേത്രങ്ങളിലും ദേവീക്ഷേത്രങ്ങളിലും വിദ്യാരംഭം നടത്തും. ശിവഗിരി ശാരദാമഠത്തിലും വെളുപ്പിനുമുതൽ കുട്ടികളെ എഴുത്തിനിരുത്തും.
ഭാരതം മുഴുവൻ കൊണ്ടാടുന്ന ഈ വിശേഷോത്സവം കേരളത്തിൽ വഞ്ചിരാജാക്കന്മാരുടെ മേൽനോട്ടത്തിലാണ് നടന്നുവന്നത്. എന്നാൽ, തിരുവനന്തപുരത്ത് നവരാത്രി പൂജാ ആഘോഷങ്ങൾക്ക് കൂടുതൽ മേന്മ പകർന്നത് സ്വാതി തിരുനാളിന്റെ ഭരണകാലത്താണ്.
നവരാത്രി വിഗ്രഹങ്ങൾ എഴുന്നള്ളിച്ചെത്തിയാൽ തിരുവനന്തപുരം സംഗീത പാൽക്കടലാകും. പത്മനാഭപുരം കൊട്ടാരത്തിലെ സരസ്വതിദേവീ, വേളിമല കുമാരകോവിലിലെ കുമാരസ്വാമി, ശുചീന്ദ്രത്തിലെ മുന്നൂറ്റിനങ്ക എന്നീ ദേവീവിഗ്രഹങ്ങൾക്കാണ് അനന്തപുരി ആതിഥ്യമരുളുന്നത്. പത്തുദിവസത്തെ ആഘോഷങ്ങൾക്കുശേഷം നവരാത്രി വിഗ്രഹങ്ങൾ മടങ്ങുന്നതോടെ തിരുവനന്തപുരത്തെ സംഗീതോത്സവത്തിന് വിരാമമാകും.