തിരുവനന്തപുരം: ദുൽഖർ സൽമാന്റെ ആദ്യ തെലുങ്കു ചിത്രമായ മഹാനടിയുടെ ടീസർ എത്തി. തെലുങ്കിലും തമിഴിലും വിഖ്യാതയായ നടി സാവിത്രിയുടെ ജീവിതകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് മഹാനടി. ചിത്രത്തിൽ സാവിത്രിയുടെ ഭർത്താവ് ജെമിനി ഗണേശനായാണ് ദുൽഖർ സൽമാൻ് എത്തുന്നത്.

സാവിത്രിയുമായുള്ള ജമനി ഗണേശന്റെ വിവാഹം മൂന്ന് വർഷത്തോളം രഹസ്യമാക്കി വച്ചിരുന്നു. തമിഴ് സിനിമയിലെ കാതൽ മന്നൻ എന്നാണ് ജമിനി ഗണേശനെ വിശേഷിപ്പിക്കുന്നത്.20 കോടി മുതൽ മുടക്കിൽ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് വൈജയന്തി മൂവീസ് ആണ്. തമിഴ്, മലയാളം പതിപ്പുകളും പുറത്തിറങ്ങുന്നുണ്ട്.

നാഗ ചൈതന്യ, ജൂനിയർ എൻടിആർ എന്നിവർ കൂടി തങ്ങളുടെ പൂർവികരുടെ വേഷം അവതരിപ്പിച്ചു കൊണ്ട് ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുഷ്‌ക ഷെട്ടിയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. തെലുങ്ക് നടിയും സംവിധായികയും എഴുത്തുകാരിയും നിർമ്മാതാവുമായിരുന്ന ഭാനുമതിയുടെ വേഷത്തിലാണ് അനുഷ്‌ക എത്തുക.