ചെന്നൈ: കൊള്ളപ്പലിശക്കാരൻ മഹാരാജ മഹാദേവനെ ചെന്നൈയിൽ നിന്നും കേരള പൊലീസ് പിടികൂടിയത് അതി സാഹസികമായി. കേരളത്തിലേക്ക് ഇയാളെ എത്തിക്കുന്നതിനായി ചെന്നൈ വിമാനത്താവളത്തിൽ നിന്നും അന്വേഷണസംഘം പുറപ്പെട്ടു കഴിഞ്ഞുവെന്ന് പള്ളുരുത്തി സിഐ അനീഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. കേരളത്തിലെ നഗരങ്ങിൽ മാത്രം 500 കോടിയുടെ പലിശ ഇടപാട് ഇയാൾക്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.

അതിസാഹസികമായാണ് മഹാരാജനെ പള്ളുരുത്തി സിഐയും സംഘവും അറസ്റ്റ് ചെയ്തത്. ചെന്നൈയിൽ എത്തിയ പൊലീസ് മഹാരാജൻ താമസിക്കുന്ന കോളനിയിൽ എത്തുകയായിരുന്നു. എന്നാൽ വലിയ തോതിലുള്ള പ്രതിഷേധത്തെ തുടർന്ന് പൊലീസിന് ഇയാളെ വണ്ടിയിൽ കയറ്റാൻ കഴഞ്ഞില്ല. അക്രമാസക്തമായ സാഹചര്യം ഉണ്ടായതോടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ച് ആളുകളെ വിരട്ടിയോടിച്ചു. തുടർന്നാണ് മഹാരാജനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിനുശേഷം കോടതിയിൽ ഹാജരാക്കി. ജൂലൈ 28 ന് കേരള പൊലീസ് ഇയാളെ പിടികൂടിയിരുന്നു. എന്നാൽ പൊലീസിന്റെ വണ്ടി തടഞ്ഞുവെച്ച് കൂട്ടാളികൾ മഹാരാജനെ രക്ഷിക്കുകയായിരുന്നു.

അന്ന് കൊച്ചി റെയ്ഞ്ച് ഐജിയുടെ നേതൃത്വത്തിലെ സംഘം ആയിരുന്നു കേരളത്തിൽ ഇയാൾക്കെതിരെ അന്വേഷമം നടത്തിയത്. എന്നാൽ തമിഴ്‌നാട്ടിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തുകൊണ്ട് വരുന്ന വഴിയിൽ മുപ്പതോളം വരുന്ന ഗുണ്ടാ സംഘം സിനിമ സ്‌റ്റൈലിലാണ് ഇയാളെ രക്ഷിച്ച് കൊണ്ട് പോയത്. തോക്കും വടിവാളും സൈക്കിൾ ചെയ്‌നും ഉൾപ്പടെയുള്ള മാരക ആയുധങ്ങൾ കാണിച്ച് വിരട്ടിയാണ് അന്ന് മഹാരാജയെ ഗുണ്ടകൾ രക്ഷിച്ച് കൊണ്ട് പോയത്.

കൊച്ചി സ്വദേശിയായ ഫിലിപ്പ് ജേക്കബ് എന്നയാളാണ് കൊള്ളപ്പലിശക്കാരായ സംഘത്തിനെതിരെ ആദ്യം പരാതി നൽകിയത്. 45 ലക്ഷം രൂപ വായ്‌പ്പയെടുക്കുകയും പിന്നീട് പലിശയും കൊള്ളപ്പലിശയുമടക്കം തിരികെ നൽകിയിട്ടും മഹാരജയുടെ കൂട്ടാളികൾ ഉപദ്രവിക്കുന്നെന്ന് പൊലീസിൽ പരാതി നൽകിയത്. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേരളം കേന്ദ്രീകരിച്ച് 500 കോടി രൂപയുടെ പലിശ ഇടപാട് നടത്തുന്നത് ചെന്നൈ സ്വദേശിയായ മഹാരാജ മഹാദേവനാണെന്ന് പൊലീസിന് വ്യക്തമായത്.

കോടിക്കണക്കിനു രൂപ ഇയാൾ കൊച്ചിയിൽ പലിശയ്ക്കു നൽകിയിട്ടുണ്ടെന്നു പറയുന്നു. ഫോർട്ട് കൊച്ചി, പള്ളുരുത്തി സ്റ്റേഷനുകളിൽ നിന്നുള്ള പൊലീസ് സംഘങ്ങൾ മുൻപ് ഇയാളെ പിടികൂടാൻ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.കേരള പൊലീസ് കരുമത്തംപട്ടി പൊലീസിൽ നൽകിയ പരാതിയിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. കണിയൂർ ടോൾ ഗേറ്റിലെയും സമീപത്തെയും സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചിരുന്നെങ്കിലും കാര്യമായ ഫലമുണ്ടായില്ല.

ഓപ്പറേഷൻ കുബേരയിലും കുടുങ്ങിയില്ല

സംസ്ഥാനത്ത് പലിശ ഇടപാടുകാരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കുന്നതിനാണ് ഓപ്പറേഷൻ കുബേര രൂപീകരിച്ചത്. എന്നാൽ ചെറുകിട പലിശയിടപാടുകാർ മാത്രം കുടുങ്ങിയ അതിൽ മഹാരാജ മഹാദേവനെ സ്പർശിക്കാൻ പോലും കഴിഞ്ഞില്ല. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ നിരവധി ഇടപാടുകളാണ് ഇയാൾ നടത്തുന്നത്. ആഡംബര കാറുകൾ പണയമായി സ്വീകരിച്ച് ലക്ഷങ്ങളാണ് പലിശയിനത്തിലും കൂട്ടുപലിശയിനത്തിലും ഈടാക്കുന്നത്. പണയം വെച്ചയാൾ ഇരട്ടിയിലധികം തുക നൽകിയാലും വീണ്ടും ഗുണ്ടകളെ ഉപയോഗിച്ച് വിരട്ടി പണം കൈക്കലാക്കുന്നതും പണയവസ്തു കൈക്കലാക്കുന്നതും ഇയാളുടെ രീതിയാണ്

ഇടപാടുകാരായി വൻ ബിസിനസുകാർ മുതൽ സിനിമ താരങ്ങൾ വരെ

കേരളത്തിലെ മൂന്ന് പ്രധാന നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം കോഴിക്കോട് എന്നിവിടങ്ങളിൽ മാത്രം 500 കോടിയുട ബിസിനസ് ഇയാൾക്ക് ഉണ്ട്. ഇതിൽ പലരും പണത്തിന് അത്യവിശ്യക്കാരായ ബിസിനസുകാരാണ്. ഈടായി നൽകുന്ന ആഡംബര വാഹനങ്ങളും വസ്തുക്കളും സ്വന്തമാക്കി ധനം കുമിഞ്ഞ് കൂടിയതനുസരിച്ച് ഇയാളുടെ സംരംഭം വളരുകയും ചെയ്തു. വൻ കോടീശ്വരന്മാർ പോലും ഇടപാടുകാരായി ലഭിച്ചതോടെ എന്തുമാകാം എന്ന അവസ്ഥയുമായി. ഇയാൾക്ക് കേരളത്തിലും വൻ ഗുണ്ടാ സന്നാഹം തന്നെ ഉണ്ട്.

ഈച്ച പോലും കടക്കാത്ത സങ്കേതം

കളി കേരളത്തിലായാലും അങ്ങ തമിഴ്‌നാട്ടിലായാലും മഹാരാജയെ തൊടാൻ ഏത് പൊലീസും ഒന്ന് വിറയ്ക്കും. വിവിഐപികൾക്ക് പോലും ഇല്ലാത്ത സുരക്ഷയും ചാവേർ സംഘവുമാണ് രാജയുടെ ബലം. തമിഴ് സിനിമകളിലെ ഗുണ്ടാ സങ്കേതങ്ങളെ അനുസ്മരിക്കുന്ന വിധത്തിലാണ് യാത്ര. എസ്‌കോർട്ടായി പത്തോളം എസ്‌യുവി വാഹനങ്ങൾ. നാട്ടുകാരെ വിറപ്പിക്കുന്ന യാത്ര ഒപ്പം സദാ അങ്കരക്ഷകരും സന്നാഹങ്ങളും ഒക്കെയായിട്ടാണ് ഈ പലിശക്കാരന്റെ യാത്ര