കൊച്ചി: കേരളം കേന്ദ്രീകരിച്ച് അഞ്ഞൂറ് കോടി രൂപയുടെ കൊള്ളപ്പലിശ ഇടപാട് നടത്തിയ ചെന്നൈ സ്വദേശി മഹാരാജിനെ പത്തുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡി അപേക്ഷ പണിഗണിക്കുന്നതിനിടെ തോപ്പുംപടി കോടതിയിൽ നടകിയ രംഗങ്ങൾ അരങ്ങേറി. തനിക്ക് പറയാനുള്ളത് കേൾക്കണം എന്ന പ്രോസിക്യുട്ടറുടെ അപേക്ഷ തോപ്പുംപടി മജിസ്‌ട്രേറ്റ് തള്ളി. തുടർന്നും സർക്കാർ അഭിഭാഷകൻ സംസാരിച്ചതോടെ മജിസ്‌ട്രേട് കോടതി നിർത്തിവച്ചു ചേംബറിലേക്ക് പോയി. തമിഴ്‌നാട്ടിലെ വിരുതാംപാക്കത്ത് നിന്നും പള്ളുരുത്തി സിഐയും സംഘവും കസ്റ്റഡിയിൽ എടുത്ത മഹാരാജയെ ഇന്നലെ തോപ്പുംപടി മജിസ്‌ട്രേട് ജാമ്യത്തിൽ വിട്ടിരുന്നു.

പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോൾ കോടതിയിൽ ഹാജരാകാനായിരുന്നു നിർദ്ദേശം നൽകിയത്. രാവിലെ കേസ് പരിഗണിച്ച കോടതി പത്തു ദിവസം കസ്റ്റഡി അനുവദിച്ചു. മൂന്നു ദിവസം കസ്റ്റഡിയിൽ വയ്‌ക്കേണ്ട ആവശ്യമേ ഉള്ളു എന്ന പ്രതിഭാഗത്തിന്റെ വാദം നിരാകരിച്ചാണ് പത്തു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടത്. തനിക്ക് പറയാനുള്ളത് കൂടി കേൾക്കണമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. പ്രോസിക്യുഷന്റെ അവശ്യ പ്രകാരം കസ്റ്റഡി അനുവദിച്ചതിനാൽ തുടർ വാദം അനുവദിക്കാനാവില്ലെന്ന് മജിസ്‌ട്രേട് വ്യക്തമാക്കി. വിശദമായ വാദം ഈ ഘട്ടത്തിൽ ആവില്ല. എന്നാൽ വലിയ മാനങ്ങളുള്ള തട്ടിപ്പാണെന്നും സർക്കാർ ഭാഗം കേൾക്കണമെന്നും പ്രോസിക്യുട്ടർ അവർത്തിച്ചു. കോടതിയെ തന്റെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതോടെ മജിസ്‌ട്രേട് കോടതി നടപടികൾ നിർത്തിവെച്ചു ചേമ്പറിലേക്ക് പോവുകയായിരുന്നു

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട പ്രതിക്കെതിരെ നിസാര വകുപ്പുകൾ മാത്രമേ ചുമത്തിയിട്ടുള്ളുവെന്ന ആരോപണവും ഇതിനിടെ ഉയർന്നുവെന്നു. കസ്റ്റഡിയിലെടുക്കുന്നതിനിടെ രക്ഷപ്പെട്ട കൊള്ളപലിശക്കാരൻ മഹാരാജ മഹാദേവനെ താവളത്തിലെത്തിയാണ് പള്ളുരുത്തി ശനിയാഴ്ച ഉച്ചയോടെ പിടികൂടിയത്. തമിഴ്‌നാട്ടിലെ വിരുതംപാക്കം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇയാളുടെ വീടിന് തൊട്ടടുത്ത ജംങ്ങ്ഷനിൽവെച്ച് മഹാരാജനെ പിടികൂടുകയായിരുന്നു. നാല് ദിവസമായി മഹാരാജ താമസിക്കുന്ന വിഐപി കോളനിയിൽ എത്തി ഇയാളെ നിരീക്ഷിച്ച് വരുകയായിരുന്ന പള്ളുരുത്തി സിഐ അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ക്ഷമയോടെ കാത്തിരുന്നാണ് പ്രതിയെ പിടികൂടിയത്. ഉച്ചയോടെ വീട്ടിൽ നിന്ന് തൊട്ടടുത്ത ജംങ്ങ്ഷനിലേക്ക് ഇറങ്ങുകയായിരുന്ന മഹാരാജനെ സ്വകാര്യവാഹനം കുറുകെയിട്ട് എട്ടംഗ സംഘം വളയുകയായിരുന്നു. പിന്നാലെ ഇയാളുടെ ഭാര്യയും മക്കളും അണികളുമടക്കം വൻ സംഘം പൊലീസിനെ വളഞ്ഞു.

ഇതോടെ സിഐ അനീഷ് ആകാശത്തേക്ക് ഒരു റൗണ്ട് വെടിയുതിർത്തു. ലോക്കൽ പൊലീസിനെ വിവരമറിയച്ചതിനെതുടർന്ന് വിരുതാംപാക്കം പൊലീസ് സ്റ്റേഷനിൽ നിന്ന് പൊലീസ് സംഘമെത്തി പ്രതിയെ അങ്ങോട്ട് മാറ്റി. തുടർന്ന് ഞാറാഴ്ച രാവിലെ ആറ് മണിയോടെ പ്രതിയേയും കൊണ്ട് വിമാനമാർഗ്ഗം കരിപ്പൂർ വിമാനത്താവളത്തിലെത്തിയ സംഘം 11 മണിയോടെയാണ് കൊച്ചിയിലെത്തിയത്. ജൂലൈ 28 ന് അറസ്റ്റ് ചെയ്ത മഹാരാജനെ കേരളത്തിലേക്ക് എത്തിക്കുന്ന സമയത്ത് ഇയാളുടെ കൂട്ടാളികൾ വന്ന് മാരാകായുധങ്ങൾ കാട്ടി പൊലീസിനെ ഭീഷണിപ്പെടുത്തി, മുപ്പതോളം വരുന്ന ഗുണ്ടാസംഘം സിനിമ സ്‌റ്റൈലിലാണ് തോക്കും വടിവാളും സൈക്കിൾ ചെയിനും കാട്ടി പേടിപ്പിച്ച് മഹാരാജയെ രക്ഷിച്ച് കൊണ്ടുപോകുകയായിരുന്നു. അന്ന് കൊച്ചി റെയിഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാൾക്കെതിരെ അന്വേഷണം നടത്തിയത്.

കൊച്ചി സ്വദേശിയായ ഫിലിപ്പ് ജേക്കപ്പാണ് കൊള്ളപലിശക്കാരനായ മഹാരാജയ്‌ക്കെതിരെ ആദ്യം പരാതി നൽകുന്നത്. 45 ലക്ഷം രൂപ വായ്പ എടുക്കുകയും പിന്നീട് മുതലും പലിശയും ചേർത്ത് നൽകിയിട്ടും മഹാരാജയുടെ ഗുണ്ടകൾ ഉപദ്രവിക്കുന്നുവെന്നായിരുന്നു പരാതി. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ മൊഴി അനുസരിച്ചാണ് കേരളം കേന്ദ്രീകരിച്ച് 500 കോടി രൂപയുടെ പലിശ ഇടപാട് ചെന്നൈ സ്വദേശിയായ മഹാരാജ മഹാദേവന്റെ നേതൃത്വത്തിൽ നടത്തുന്ന വിവരം പൊലീസിന് ലഭിച്ചത്. വൻ ബിസിനസ്സുകാർ മുതൽ സിനിമ രംഗത്തെ ആളുകൾ വരെ ഇയാളിൽ നിന്ന് പലിശയ്ക്ക് പണം വാങ്ങിയിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച സൂചന. സിനിമ നിർമ്മാണത്തിനായായിരുന്നു ഇയാൾ പ്രധാനമായും പണം നൽകിയിരുന്നത്. പളിശയ്ക്ക് പണം നൽകുകയും, തുടർന്ന് അവരെ ഭീഷണിപ്പെടുത്തി മുതലിന്റെ ഇരട്ടിയെങ്കിലും സമ്പാദിക്കുകയായിരുന്നു ഇയാളുടെ രീതി. കോടിക്കണക്കിന് രൂപ ഇയാളാൾ കൊച്ചിയിൽ മാത്രം പലിശയ്ക്ക് നൽകിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.