മുംബൈ: അസമിൽ തുടർഭരണം. പുതുച്ചേരിയിൽ സഖ്യകക്ഷിയുമായി അധികാരത്തിൽ... എന്നാൽ ബംഗാളിലെ തോൽവിയും കേരളത്തിലെ ശൂന്യതയും തമിഴ്‌നാട്ടിലെ തിരിച്ചടിയും ബിജെപിയെ വേദനിപ്പിക്കുന്നു. ഇതിനിടെയും ബിജെപിക്ക് പ്രതീക്ഷയുടെ തുരുത്താവുകയാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയിലെ പന്ധർപുർ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ ശിവസേനയും എൻസിപിയും കോൺഗ്രസും ചേർന്നുള്ള മഹാ വികാസ് അഘാഡിയെ മലർത്തിയടിച്ചിരിക്കുകയാണു ബിജെപി.

ഉദ്ധവ് താക്കറെയും ശരദ് പവാറും നാനാ പഠോളെയും ചേർന്നു നിന്നയിടത്താണ് ദേവേന്ദ്ര ഫഡ്‌നാവിസ് തന്ത്രങ്ങളിലൂടെ ജയം നേടിയത്. അഘാഡി സർക്കാർ അധികാരമേറ്റെടുത്ത് ഒന്നരവർഷമെത്തിയിരിക്കെ ആദ്യമായി നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ബിജെപി വിജയക്കൊടി നാട്ടിയിരിക്കുന്നത്. അഘാഡിക്ക് ഇത് വലിയ ക്ഷീണമാണുണ്ടാക്കിയിരിക്കുന്നത്. മഹാരാഷ്ട്രയിൽ ഒറ്റയ്ക്ക് നിന്നാലും ജയിക്കാനാകുമെന്ന പ്രതീക്ഷയാണ് ബിജെപിക്ക് കൈവരുന്നത്. എൻസിപിയുടെ കുത്തക മണ്ഡലമായ പന്ധർപുരിൽ പാർട്ടി എംഎൽഎ ഭരത് ഭാൽകെയുടെ മരണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്. അദ്ദേഹത്തിന്റെ മകൻ ഭഗീരഥ് ഭാൽകയെ സ്ഥാനാർത്ഥിയാക്കിയ എൻസിപി, സഹതാപതരംഗത്തിലും മഹാ വികാസ് അഘാഡിയുടെ കരുത്തിലും വിശ്വസിച്ച് അനായാസ ജയം പ്രതീക്ഷിച്ചു.

എന്നാൽ, ബിജെപി സ്ഥാനാർത്ഥി സമാധാൻ ഔത്താഡെയോടു മണ്ഡലം ചേർന്നുനിന്നു. ഭൂരിപക്ഷം - 3733 വോട്ട്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേനയുടെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാർത്ഥിയായിരുന്നു ഔത്താഡെ. ഉപതിരഞ്ഞെടുപ്പു വിജയത്തോടെ മഹാരാഷ്ട്ര നിയമസഭയിൽ ബിജെപിയുടെ കക്ഷിനില 106 ആയി ഉയർന്നു. എൻസിപിയുടേത് 53 ആയി കുറഞ്ഞു. ശിവസേനയ്ക്ക് 56ഉം, കോൺഗ്രസിന് 44ഉം സീറ്റുകളാണുള്ളത്. 153 എംഎൽഎമാരുള്ള അഘാഡിക്ക് സ്വതന്ത്രരും മറ്റുള്ളവരുമായി പത്തിലേറെപ്പേരുടെ പിന്തുണയുമുണ്ട്. ഭരണം മറിയില്ലെങ്കിലും ബിജെപിക്ക് മഹാരാഷ്ട്രയിൽ പ്രതീക്ഷ നൽകുന്നതാണ് ഇത്. ഉദ്ധവ് സർക്കാരിന്റെ ഭരണത്തോടുള്ള ജനവികാരമാണ് തിരഞ്ഞെടുപ്പിൽ ഫലിച്ചതെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.

സോലാപുർ ജില്ലയിലാണ് പന്ധർപുർ മണ്ഡലം. കരിമ്പുകൃഷി ഏറെയുള്ള മണ്ഡലത്തിൽ വലിയ തോതിലുള്ള ആറോളം പഞ്ചസാര സഹകരണസംഘങ്ങളും ഫാക്ടറികളുമുണ്ട്. എൻസിപി സ്ഥാനാർത്ഥിയായ ഭഗീരഥ് ഭാൽകെയുടെ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് ഇതിലൊരണ്ണം. ബിജെപി സ്ഥാനാർത്ഥിയായ സമാധാൻ ഔത്താഡെയാണ് മറ്റൊരു പഞ്ചസാര സഹകരണസംഘത്തിന്റെയും ഫാക്ടറിയുടെയും അധിപൻ.

കരിമ്പുകർഷകർക്കുള്ള കുടിശിക നൽകുന്നതിൽ ഭഗീരഥ് ഭാൽകെയുടെ സഹകരണസംഘം വരുത്തിയ വീഴ്ചയാണ് എൻസിപിക്കു തിരിച്ചടിയായത്. പണം നൽകുന്നതു വൈകിയതോടെ കരിമ്പുകർഷകരുടെ വോട്ട് ബിജെപിക്കായി.