മുംബൈ: സംസ്ഥാന ശരാശരിയെക്കാൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവുള്ള 25 ജില്ലകളിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയേക്കുമെന്ന സൂചന നൽകി മഹാരാഷ്ട്രാ സർക്കാർ. മുംബൈയിൽ അടക്കം നിയന്ത്രണങ്ങൾ ലഘൂകരിക്കും.

സംസ്ഥാനത്തെ 11 ജില്ലകളിൽ കോവിഡ് വ്യാപനം രൂക്ഷമാണെന്നും അവിടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി രാജേഷ് ടൊപ്പെ മാധ്യമങ്ങളോട് വ്യക്തമാക്കി. 25 ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തും. ഇതുസംബന്ധിച്ച വിശദമായ മാർഗനിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു.



രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ യാത്രചെയ്യാൻ അനുമതി നൽകിയേക്കുമെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിനുശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എന്നാൽ പുണെ, സോളാപുർ, സാംഗ്ലി, സത്താറ, കോലാപുർ, റായ്ഗഢ്, രത്നഗിരി, സിന്ധുദുർഗ്, ബീഡ്, അഹമ്മദ് നഗർ തുടങ്ങിയ പ്രദേശങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാകില്ല. സംസ്ഥാന ശരാശരിയെക്കാൾ അധികമാണ് ഇവിടങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പ്രാദേശിക ഭരണകൂടങ്ങൾ ഈ പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

രണ്ട് ഡോസ് വാക്സിനെടുത്തവരെ ലോക്കൽ ട്രെയിനുകളിൽ സഞ്ചരിക്കാൻ അനുവദിക്കുന്ന കാര്യം യോഗം വിശദമായി ചർച്ച ചെയ്തു. യാത്രക്കാർ വാക്സിനെടുത്ത കാര്യം എങ്ങനെ ഉറപ്പാക്കും എന്നകാര്യം ആലോചിക്കുകയാണ്. റെയിൽവെ അധികൃതരുമായി ഇക്കാര്യം ചർച്ചചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.