- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുവതിയുടെ ആത്മഹത്യയിൽ ആരോപണ വിധേയനെ മന്ത്രിയാക്കി; സഞ്ജയ് റാത്തോഡിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിൽ ഏക്നാഥ് ഷിൻഡെയ്ക്ക് എതിരെ ബിജെപി; എതിർപ്പുണ്ടെങ്കിൽ ചർച്ച ചെയ്യാമെന്ന് ഷിൻഡെ; മഹാരാഷ്ട്ര സഖ്യസർക്കാരിൽ തുടക്കത്തിലെ കല്ലുകടി
മുംബൈ: യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ എംഎൽഎ സഞ്ജയ് റാത്തോഡിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനേച്ചൊല്ലി മഹാരാഷ്ട്ര സഖ്യസർക്കാരിൽ തുടക്കത്തിലെ തർക്കം മുറുകുന്നു. സഞ്ജയ് റാത്തോഡിനെ വീണ്ടും മന്ത്രിയാക്കിയതിനെതിരെ ബിജെപി. രംഗത്തെത്തി. ഉദ്ദവ് താക്കറെ മന്ത്രിസഭയിൽ നിന്നും രാജിവയ്‌ക്കേണ്ടി വന്ന റാത്തോഡിനെ വീണ്ടും മന്ത്രിയാക്കിയതിൽ വിമർശനവുമായി ബിജെപി. സംസ്ഥാന ഉപാധ്യക്ഷ ചിത്ര വാഗാണ് രംഗത്തെത്തിയത്.
മഹാരാഷ്ട്രയുടെ പുത്രിയായ പൂജ ചവാന്റെ മരണത്തിൽ ആരോപണ വിധേയനായ റാത്തോഡിനെ വീണ്ടും മന്ത്രിയാക്കിയത് നിർഭാഗ്യകരമാണെന്ന് ചിത്ര വാഗ് പറഞ്ഞു. സഞ്ജയ് റാത്തോഡിനെതിരായ പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു. പ്രതിപക്ഷത്തിരുന്നപ്പോൾ റാത്തോഡിനെതിരെ കടുത്ത വിമർശനമുയർത്തിയ ബിജെപി നേതാവ് ദേവേന്ദ്ര ഫട്നവിസ് ഉപമുഖ്യമന്ത്രിയായ മന്ത്രിസഭയിലാണ് റാത്തോഡ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.
എന്നാൽ, റാത്തോഡിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ സ്വീകരിച്ചത്. മുൻ സർക്കാരിന്റെ കാലത്തു തന്നെ പൊലീസ് സഞ്ജയ്ക്ക് ക്ലീൻ ചിറ്റ് നൽകിരുന്നതായും അതുകൊണ്ടാണ് അദ്ദേഹത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതെന്നും ഏക്നാഥ് ഷിൻഡേ പറഞ്ഞു. ആർക്കെങ്കിലും എതിർപ്പുണ്ടെങ്കിൽ ചർച്ചയ്ക്ക് തയാറാണെന്നും ഷിൻഡേ കൂട്ടിച്ചേർത്തു.
ഉദ്ധവ് താക്കറെ മന്ത്രിസഭയിൽ വനംവകുപ്പ് മന്ത്രിയായിരുന്ന സഞ്ജയ് റാത്തോഡ് ബീഡ് സ്വദേശിയായ 23-കാരിയുടെ മരണവുമായി ബന്ധപ്പെടുത്തി ബിജെപി ഉയർത്തിയ ആരോപണങ്ങളെ തുടർന്നാണ് രാജിവെച്ചത്. ഫെബ്രുവരി എട്ടിനാണ് പൂജ ചവാൻ എന്ന യുവതിയെ പുണെയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മരണം സംബന്ധിച്ച് രണ്ടുപേരുടെ സംഭാഷണം അടങ്ങുന്ന ഓഡിയോ ക്ലിപ്പ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഓഡിയോ ക്ലിപ്പിൽ സംസാരിക്കുന്നവരിൽ ഒരാൾ സഞ്ജയ് റാത്തോഡ് ആണെന്നായിരുന്നു ആരോപണം.
അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ സഞ്ജയ് റാത്തോഡ് നിഷേധിച്ചിരുന്നു. വൃത്തികെട്ട രാഷ്ട്രീയമാണ് ബിജെപി നടത്തുന്നതെന്നും ഇതിൽ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്നുമാണ് സഞ്ജയ് റാത്തോഡ് പ്രതികരിച്ചത്. ഉദ്ദവ് സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കി സഖ്യസർക്കാർ രൂപീകരിച്ച വിമത ശിവസേന - ബിജെപി കൂട്ടുകെട്ടിന് റാത്തോഡ് വിഷയം പ്രതിസന്ധി സൃഷ്ടിച്ചേക്കും.
ന്യൂസ് ഡെസ്ക്