മുബൈ: മാഹയുതി സഖ്യത്തോട് വിടപറഞ്ഞ് മഹാരാഷ്ട്രയിൽ ഒറ്റയ്ക്കാണ് ബിജെപി മത്സരിക്കുന്നത്. ശിവസേനയുടെ വോട്ട് ബാങ്കിൽ മോദി തരംഗത്തിലൂടെ കടന്നു കയറി ഭരണം പിടിച്ചെടുക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മഹാരാഷ്ട്രയിലെ ബിജെപി. പ്രചരണത്തിന്റെ മുഖ്യായുധം.

പ്രചരണത്തിൽ കോൺഗ്രസിനേയും എൻ.സി.പിയേയുമാണ് മോദി വിമർശിക്കുന്നത്. ശിവസേനയ്ക്ക് എതിരെ പരാമർശവുമില്ല. മഹായുതി സഖ്യം ആരാണ് തകർത്തത് എന്നു പോലും പറയുന്നില്ല. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി മോദി എത്തുന്നത്. അന്തരിച്ച ശിവസേന തലവൻ ബാൽ താക്കറെയോട് ബഹുമാനം ഉള്ളതിനാൽ ശിവസേനയ്‌ക്കെതിരെ ഒരു വാക്കു പോലും പറയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

25 വർഷത്തെ ബന്ധം അവസാനിപ്പിച്ചിട്ടും ശിവസേനയ്‌ക്കെതിരെ താൻ ഒരു വാക്കു പോലും പറയാത്തത് എന്തുകൊണ്ടാണെന്ന് രാഷ്ട്രീയ നിരീക്ഷകർ തിരക്കുന്നുണ്ട്. എന്നാൽ അതിന് കാരണം ബാൽ താക്കറെയോടുള്ള ബഹുമാനമാണെന്ന് ടാസ്ഗാവിൽ തിരഞ്ഞെടുപ്പ് റാലിയിൽ മോദി വിശദീകരിച്ചു. രാഷ്ട്രീയത്തിനും മുകളിൽ ചില കാര്യങ്ങളുണ്ട്, വികാരങ്ങളുമുണ്ട്. അതൊന്നും രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കാനാവില്ല മോദി പറഞ്ഞു.

ബാൽതാക്കറെയുടെ ഓർമകളോട് അനാദരവ് കാണിക്കാൻ താൽപര്യമില്ലാത്തതുകൊണ്ടാണിതെന്നും മോദി പറഞ്ഞു. താക്കറെയുടെ സന്നിധ്യമില്ലാത്ത ആദ്യത്തെ വോട്ടെടുപ്പാണിത്. ജനങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു അദ്ദേഹമെന്നും മോദി പറഞ്ഞു. തിരഞ്ഞെടുപ്പു പ്രചരണത്തിനു വേണ്ടി ഞാൻ ഇവിടെ വന്നിരുന്നു. അന്നു ഞാൻ നിങ്ങളോട് ബിജെപിയെ വിജയിപ്പിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ നിങ്ങൾ ഞാൻ ചോദിച്ചതിനെക്കാൾ അധികം എനിക്ക് തന്നു. മഹാരാഷ്ട്രയിലെ സാധാരണ ജനങ്ങളുടെയും കർഷകരുടെയും ക്ഷേമത്തിനു വേണ്ടി ഞാൻ പ്രവർത്തിക്കുമെന്നും മോദി പറഞ്ഞു.

എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാറിനെയും റാലിയിൽ മോദി രൂക്ഷമായി വിമർശിച്ചു. ഒരു മറാത്ത നേതാവിന്റെ നേതൃഗുണം ഇല്ലാത്തയാളാണ് പവാറെന്ന് പറഞ്ഞ മോദി, മഹാരാഷ്ട്രയിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാൻ കേന്ദ്ര കൃഷിമന്ത്രി ആയിരിക്കെ അദ്ദേഹം ശ്രമിച്ചില്ലെന്നും കുറ്റപ്പെടുത്തി. പവാർ കർശന നിലപാട് എടുത്തിരുന്നെങ്കിൽ കർഷർക്ക് ആത്മഹത്യ ചെയ്യേണ്ടി വരില്ലായിരുന്നുവെന്നും മോദി പറഞ്ഞു. ശിവാജി സൂററ്റിലെ നിധി കൊള്ളയടിച്ചു എന്ന് പവാറിന്റെ പരാമർശത്തെയും മോദി വിമർശിച്ചു.

1960ൽ മഹാരാഷ്ട്ര രൂപപ്പെടുന്നതിന് മുമ്പ് ഗുജറാത്ത് അതിന്റെ ഭാഗമായിരുന്നു. മഹാരാഷ്ട്രയെ മുതിർന്ന സഹോദരനെ പോലെയാണ് ഗുജറാത്തിലുള്ളവർ കണ്ടിരുന്നത്. പവാറിന്റെ വാക്കുകൾ തന്നെ വല്ലാതെ വേദനിപ്പിച്ചു എന്നും മോദി പറഞ്ഞു. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരാണ് മുംബയ് വിമാനത്താവളത്തിന് ശിവജിയുടെ പേര് നൽകിയത്. വിക്ടോറിയ ടെർമിനസിനെ ഛത്രപതി ശിവജി ടെർമിനസ് എന്ന് പുനർനാമകരണം ചെയ്തതും വാജ്‌പേയി സർക്കാരാണെന്ന് മോദി ഓർമിപ്പിച്ചു.

ശിവജിയുടെ ഗുണഗണങ്ങൾ പവാറിന് കിട്ടയിട്ടുണ്ടെന്ന് തോന്നുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ ജലസേചന നയങ്ങൾ പവാർ നടപ്പാക്കിയിരുന്നെങ്കിൽ മഹാരാഷ്ടട്രയിൽ കർഷകർ ആത്മഹത്യ ചെയ്യില്ലായിരുന്നു എന്നും മോദി ചൂണ്ടിക്കാട്ടി. നർമദ പദ്ധതിയും ജലസേചന സൗകര്യമില്ലായ്മയുമാണ് ഇവിടുത്തെ കർഷകരുടെ പ്രധാന പ്രശ്‌നം. കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്നതിനാലാണ് നർമ്മദ പദ്ധതി വൈകാൻ കാരണം. എന്നാൽ ഈ പദ്ധതി പ്രാവർത്തികമാക്കാൻ പരമാവധി ശ്രമിക്കുമെന്നും മോദി പറഞ്ഞു.

സീറ്റ് വിഭജന ചർച്ച പരാജയപ്പെട്ടതോടെയാണ് ശിവസേനയുമായുള്ള 25 വർഷത്തെ സഖ്യം ഉപേക്ഷിച്ച് ചെറുകക്ഷികൾക്കൊപ്പം നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി തീരുമാനിച്ചത്. ഛത്രപതി ശിവജിയുടെ വികാരമുയർത്തി ശിവസേന വോട്ടുകളിൽ വിള്ളലുണ്ടാക്കാമെന്നതാണ് ബിജെപി. തന്ത്രം. അതുതന്നെയാണ് പ്രചരണ യോഗത്തിൽ മോദി നടപ്പാക്കുന്നത്. വികസന മുദ്രാവാക്യവും വോട്ട് നേടാൻ ഉപയോഗിക്കുന്നു.

അതിനിടെ മോദി സർക്കാരിന്റെ ഭരണം പൂർണ പരാജയമാണെന്ന സോണിയാ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപിയും രംഗത്ത്. തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയിൽ നിന്ന് സോണിയ മുക്തയായിട്ടില്ലെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് പ്രതികരിച്ചു. യുപിഎ ഭരണം മികച്ചതായിരുന്നെങ്കിൽ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം കോൺഗ്രസ് നേരിട്ടതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

മൂന്നുമാസം കൊണ്ട് പെട്രോൾ വില മൂന്നു തവണ കുറഞ്ഞു. ഇത് പച്ചക്കറികളുടെ വില കുറയാൻ ഇടയാക്കി. മേക്ക് ഇൻ ഇന്ത്യ പദ്ധതി വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കള്ളപ്പണം തിരികെയെത്തിക്കാൻ പ്രത്യേക സംഘത്തിനു രൂപം നൽകിയതായും രവിശങ്കർ പ്രസാദ് വിശദീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി കണക്കിലെടുത്തെങ്കിലും സോണിയാ ഗാന്ധിയുടെ പ്രസംഗം തയാറാക്കുന്നവർ കാര്യങ്ങൾ പഠിക്കാൻ തയാറാകണമെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു.