മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ രാജിവച്ചു. സർക്കാറിനുള്ള പിന്തുണ എൻസിപി പിൻവലിച്ച സാഹചര്യത്തിലാണ് ചവാന്റെ രാജിപ്രഖ്യാപനം. ശിവസേനയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ച ബിജെപിയുമായി എൻസിപി തെരഞ്ഞെടുപ്പ് കൂട്ടുകെട്ടുണ്ടാക്കിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഇതിനിടെയാണ് പൃഥ്വിരാജ് ചവാൻ രാജിവച്ചിരിക്കുന്നത്. ഇവിടെ രഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ പത്ത് വർഷമായി എൻസിപി- കോൺഗ്രസ് സഖ്യമാണ് മഹാരാഷ്ട്ര ഭരിച്ചിരുന്നത്. എന്നാൽ കോൺഗ്രസിനുള്ള ബന്ധം അവസാനിപ്പിക്കുന്നതായി ഇന്നലെ എൻസിപി പ്രഖ്യാപിച്ചിരുന്നു. എൻ.സി.പിയെ കോൺഗ്രസ് അവഗണിക്കുകയാണെന്നും ഇതെത്തുടർന്നാണ് സഖ്യം അവസാനിപ്പിക്കുന്നതെന്നുമാണ് എൻ.സി.പി വ്യക്തമാക്കിയത്. കുറഞ്ഞത് 135 സീറ്റ് നൽകണമെന്നും മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കണമെന്നുമായിരുന്നു എൻ.സി.പിയുടെ ആവശ്യം. എന്നാൽ ഇത് കോൺഗ്രസ് അംഗീകരിച്ചില്ല.

എൻ.സി.പി വിട്ടുവീഴ്‌ച്ച ചെയ്യണമെന്ന നിലപാടിലായിരുന്നു പ്രഥ്വിരാജ് ചൗഹാൻ. എന്നാൽ എൻ.സി.പിയോട് ആലോചിക്കാതെ കോൺഗ്രസ് 118 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തിക്കുകയും ചെയ്തതോടെ ഇരുചേരികളും തമ്മിലുള്ള അഭിപ്രായവ്യത്യാസം മൂർച്ചിക്കുകയും ചെയ്തു. ശിവസേനയും ബിജെപിയും തമ്മിലുള്ള സഖ്യം ഉപേക്ഷിച്ചതോടെ മണ്ഡലത്തിൽ ചതുഷ്‌കോണ മത്സരത്തിനാണ് അവസരം ഒരുങ്ങിയത്.

അതേസമയം എൻസിപി- ബിജെപി കൂട്ടുകെട്ട് തെരഞ്ഞെടുപ്പിൽ ഉണ്ടായേക്കുമെന്നാണ് സൂചന. ശനിയാഴ്ചയാണ് 288 അംഗ നിയമസഭയിലേക്ക് പത്രിക സമർപ്പിക്കാനുള്ള അവസാനദിവസം. ഒക്ടോബർ 15ലെ തിരഞ്ഞെടുപ്പിൽ നാലു പ്രമുഖകക്ഷികളും ഒറ്റയ്ക്ക് മത്സരിക്കുമ്പോൾ ചെറുകക്ഷികളായ രാജ്താക്കറെയുടെ മഹാരാഷ്ട്ര നവനിർമ്മാൺ സേനയുടെയും സമാജ്വാദി പാർട്ടിയുടെയും ബഹുജൻസമാജ്പാർട്ടിയുടെയും തങ്ങളുടെ സ്വാധീനമുള്ള പോക്കറ്റുകളിലെ നിലപാടുകൾ ഏറെ നിർണായകമാകും.