മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ. സർക്കാറിന്റെ തീരുമാനങ്ങൾ വിശദീകരിക്കാനും അന്തിമ തീരുമാനം എടുക്കാനും ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ മറ്റുള്ളവർ എന്നിവരുമായി തിരക്കിട്ട ചർച്ചയിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ.

രാജ്യത്ത് മഹാരാഷ്ട്രയിലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം. ഇന്നലെ അരലക്ഷത്തോളം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണം കടുപ്പിക്കാൻ തീരുമാനിച്ചത്. രാത്രി എട്ടുമണി മുതൽ രാവിലെ ഏഴുമണിവരെയാണ് നൈറ്റ് കർഫ്യൂ. അവശ്യ സേവനങ്ങൾ മാത്രമേ ഈ സമയത്ത് അനുവദിക്കൂ. വാരാന്ത്യത്തിൽ മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താനും തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ട്.

കോവിഡ് വർദ്ധിക്കുന്നത് തടയാൻ ദിവസങ്ങൾക്ക് മുൻപ് രാത്രി കർഫ്യൂ മഹാരാഷ്ട്ര നടപ്പിലാക്കിയെങ്കിലും ഇതിൽ കാര്യമായ ഫലം ഉണ്ടാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് മഹാരാഷ്ട്ര സർക്കാറിന്റെ പുതിയ നീക്കം. ഇത് പ്രകാരം ഇപ്പോൾ തുടരുന്ന രാത്രി കർഫ്യൂ തുടരും. എന്നാൽ സമയം ദീർഘിപ്പിക്കും. രാത്രി 8 മണി മുതൽ രാവിലെ 7 മണിവരെയായിരിക്കും രാത്രി കർഫ്യൂ.

ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജീവനക്കാർ വീടുകളിൽ ഇരുന്ന് ജോലി ചെയ്യണം. നൈറ്റ് കർഫ്യൂ സമയത്ത് പാർസൽ സർവീസ് മാത്രമേ അനുവദിക്കൂവെന്ന് മന്ത്രി അസ്ലം ഷെയ്ക്ക് പറഞ്ഞു.

അതേ സമയം തന്നെ വാരാന്ത്യങ്ങളിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തനാണ് മഹാരാഷ്ട്ര സർക്കാർ ആലോചിക്കുന്നത്. വെള്ളിയാഴ്ച രാത്രി 8 മണിക്ക് ആരംഭിക്കുന്ന ലോക്ക് ഡൗൺ തിങ്കളാഴ്ച രാവിലെ 7 മണിവരെ തുടരും. സർക്കാർ ഓഫീസുകളിലും മറ്റും 50 ശതമാനം ജീവനക്കാരെ മാത്രമേ അനുവദിക്കൂ. ഓട്ടോ, ടാക്‌സി, പൊതുഗതാഗതം എന്നിവയിൽ 50 ശതമാനം യാത്രക്കാരയെ അനുവദിക്കൂ. തീയറ്റർ, പാർക്കുകൾ, കളിസ്ഥലങ്ങൾ എന്നില അടച്ചിട്ടും.

ഈ തീരുമാനങ്ങൾ നടപ്പിലാക്കുവനാണ് മഹാരാഷ്ട്ര സർക്കാർ ഗൗരവമായി ആലോചിക്കുന്നത്. ഇന്നോ നാളെയോ ഇതിൽ അന്തിമ തീരുമാനം വരും എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പറയുന്നത്.

കഴിഞ്ഞ ദിവസം 93,249 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്തെ എട്ടു സംസ്ഥാനങ്ങളിൽ മാത്രം ഈ കേസുകളുടെ 81.42 ശതമാനം റിപ്പോർട്ട് ചെയ്തു. ഇതിൽ മഹാരാഷ്ട്ര, കർണാടക, ചത്തീസ്ഗഢ്, ഡൽഹി, തമിഴ്‌നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്നു.

ഈ സംസ്ഥാനങ്ങളോട് ശക്തമായ നടപടി എടുക്കാൻ കേന്ദ്രം ഇതിനകം നിർദ്ദേശം നൽകിയിട്ടുണ്ട്. പുതിയ ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസിന്റെ വ്യാപനമാണ് രാജ്യത്തെ പുതിയ കോവിഡ് തരംഗത്തിന് കാരണമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.

പ്രദേശിക ലോക്ക്‌ഡൗണുകൾ, കണ്ടെയ്‌മെൻ സോണുകൾ പോലുള്ള കർശ്ശന നടപടികൾ വേണ്ടിവരുമെന്നാണ് കേന്ദ്രത്തിന്റെ കോവിഡ് സംബന്ധിച്ച ടാസ്‌ക് ഫോർസ് തലവൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്.