- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വ്യാപനം രൂക്ഷം: മഹാരാഷ്ട്രയിൽ പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു; സാഹചര്യം വിലയിരുത്തി പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും
മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ പത്താം ക്ലാസ്-പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു. പ്ലസ്ടു പരീക്ഷ മെയ് അവസാന വാരത്തിലേക്കും പത്താക്ലാസ് പരീക്ഷ ജൂണിലേക്കും മാറ്റിയതായി വിദ്യാഭ്യാസ മന്ത്രി വർഷ ഗായ്കവാദ് അറിയിച്ചു.
കോവിഡ് സാഹചര്യം വിലയിരുത്തിയതിന് ശേഷം കൃത്യമായ തീയതികൾ പിന്നീട് പ്രഖ്യാപിക്കും. സിബിഎസ്ഇ, ഐസിഎസ്ഇ, കേംബ്രിഡ്ജ് ബോർഡ് എന്നിവർക്ക് കത്തെഴുതുമെന്നും പരീക്ഷകൾ മാറ്റിവെക്കാൻ അവരോടും ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
'നിലവിലെ സാഹചര്യങ്ങൾ പരീക്ഷ നടത്തുന്നതിന് അനുയോജ്യമല്ല. നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങൾക്ക് പ്രധാനം.' ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ, വിവിധ രാഷ്ട്രീയ പാർട്ടികളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, ടെക് കമ്പനി മേധാവികൾ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പരീക്ഷ മാറ്റിവെക്കുന്നതിനുള്ള തീരുമാനത്തിലേക്ക് സർക്കാർ നീങ്ങിയത്.
ഈ കൂടിക്കാഴ്ചയിൽ വിദ്യാർത്ഥികളുടെ ആരോഗ്യം, ക്ഷേമം, വിദ്യാർത്ഥികളുടെ ഭാവി എന്നിവ മനസ്സിൽ കണ്ടുകൊണ്ട് വിദ്യാർത്ഥികളെ വിലയിരുത്തുന്നതിനുള്ള ബദൽ മാർഗങ്ങളെ കുറിച്ചും ചർച്ച ചെയ്തിരുന്നു. എന്നാൽ പരീക്ഷ നീട്ടിവെക്കുക എന്നുള്ളതാണ് പ്രായോഗികമായ പരിഹാരം എന്ന തീരുമാനത്തിലേക്ക് പിന്നീട് എത്തിച്ചേരുകയായിരുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. മാർഗനിർദേശങ്ങൾ നൽകിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്ക്കും അവർ നന്ദി അറിയിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അർധ ലോക്ഡൗൺ, രാത്രികാല കർഫ്യൂ തുടങ്ങി വിവിധ നിയന്ത്രണങ്ങൾ സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിക്കേണ്ടി വരുമെന്നാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ ദിവസം 63,294 കേസുകളാണ് മഹാരാഷ്ട്രയിൽ നിന്ന് റിപ്പോർട്ട് ചെയ്തത്. 349 മരണങ്ങളും സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 34,07,245 ആയി ഉയർന്നിരുന്നു. 57,987 പേരാണ് ഇവിടെ കോവിഡ് ബാധിച്ച് മരിച്ചത്.
ന്യൂസ് ഡെസ്ക്