- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുട്ടികൾക്കായി പ്രത്യേക കോവിഡ് കെയർ സെന്റർ; പീഡിയാട്രിക് ടാസ്ക് ഫോഴ്സ്; കോവിഡ് മൂന്നാംതരംഗം നേരിടാൻ ഒരുങ്ങി മഹാരാഷ്ട്ര
മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ മൂന്നാം തരംഗവും ഉണ്ടായേക്കുമെന്ന മുന്നറിയിപ്പുകൾ വന്നതോടെ പ്രതിരോധ സംവിധാനം ശക്തമാക്കാൻ മഹാരാഷ്ട്ര സർക്കാർ. കുട്ടികളെ കൂടുതൽ ബാധിച്ചേക്കാവുന്ന കോവിഡ് മൂന്നാം തരംഗത്തെ നേരിടാൻ വിപുലമായ സംവിധാനങ്ങൾ ഒരുക്കാനാണ് നീക്കം.
വൈറസിന്റെ മൂന്നാംതരംഗം നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് ചൈൽഡ് കോവിഡ് കെയർ സെന്റർ, പീഡിയാട്രിക് ടാസ്ക് ഫോഴ്സ് എന്നിവ സജ്ജമാക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപെ പറഞ്ഞു.
മൂന്നാംതരംഗം കുട്ടികളെ കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുള്ളതിനാൽ ഇതിനെ നേരിടാൻ പീഡിയാട്രിക് ടാസ്ക് ഫോഴ്സും രൂപീകരിക്കും. ഒരു കുട്ടി കോവിഡ് പോസിറ്റീവായാൽ ഒറ്റയ്ക്ക് നിർത്താൻ പറ്റില്ല. അമ്മയും കുട്ടിക്കൊപ്പം ഉണ്ടാകണം. ചികിത്സയ്ക്കായി കുട്ടികൾക്ക് പ്രത്യേക പീഡിയാട്രിക് വെന്റിലേറ്ററുകളും ആവശ്യമായി വരും. ഇവ സംഭരിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചർച്ച ചെയ്തുവെന്നും രാജേഷ് തോപെ കൂട്ടിച്ചേർത്തു.
കോവിഡ് മൂന്നാംതരംഗം 18 വയസിന് താഴെയുള്ള കുട്ടികളെ മാരകമായി ബാധിച്ചേക്കാം. കുട്ടികളുടെ ചികിത്സയ്ക്ക് പ്രത്യേകമായി ചൈൽഡ് കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. നിലവിലുള്ള സംവിധാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കുട്ടികൾക്ക് പ്രത്യേക വെന്റിലേറ്റർ കിടക്കകളും മറ്റു മെഡിക്കൽ ഉപകരണങ്ങളും ആവശ്യമാണെന്നും രാജേഷ് തോപെ മാധ്യമങ്ങളോട് വ്യക്തമാക്കി.
നിലവിൽ കുട്ടികൾക്ക് നൽകാവുന്ന കോവിഡ് വാക്സിൻ ഇന്ത്യയിൽ ലഭ്യമല്ല. കാനഡയിൽ ഫൈസർ വാക്സിൻ കുട്ടികൾക്ക് നൽകാൻ അനുമതി ലഭിച്ചിട്ടുണ്ട്. 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകാൻ അമേരിക്കയും ഉടൻ അനുമതി നൽകിയേക്കും.