- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അധികാരം സ്വപ്നം കണ്ട് ഷിൻഡെയും സംഘവും ഗുവാഹത്തിയിൽ; പിന്തുണയ്ക്കാൻ ശിവസേന എംപിമാരും; നേതൃത്വത്തിന്റെ മനസ്സറിയാൻ ഫട്‌നാവിസ് ഡൽഹിയിൽ; ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയിലെന്ന് പവാർ; ബലാബലം നോക്കാൻ കോൺഗ്രസും; മഹാ വികാസ് അഘാടി സർക്കാരിന്റെ ഭാവി ഉടൻ അറിയാം
മുംബൈ: ശിവസേനയിലെ വിമത നീക്കത്തിൽ പ്രതിസന്ധിയിലായ മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടി സർക്കാരിന്റെ ഭാവി തുലാസിൽ. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് പൂർണപിന്തുണയെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറയുമ്പോഴും തീരുമാനത്തിൽ മാറ്റമില്ലെന്നാണ് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം വ്യക്തമാക്കുന്നത്. ശിവസേന വിമത വിഭാഗത്തെ ഒപ്പം നിർത്തി സർക്കാർ രൂപീകരിക്കുന്നതിനുള്ള മുന്നൊരുക്കത്തിലാണ് ബിജെപി.
വ്യാഴാഴ്ച, മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് 13 എംഎൽഎമാർ മാത്രമാണ് എത്തിയത്. അതേസമയം , വിമതനേതാവ് ഏകനാഥ് ഷിൻഡെയ്ക്കൊപ്പം 41 എംഎൽഎമാരുണ്ട്. ഇതു തെളിയിക്കുന്ന വിഡിയോ വിമതക്യാംപ് പുറത്തുവിട്ടു. അസമിലെ ഗുവാഹത്തിയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ് വിമതർ തങ്ങുന്നത്. കൂറുമാറ്റ നിരോധനനിയമം മറികടക്കാൻ മൂന്നിൽ രണ്ടു പേരുടെ പിന്തുണ ഉണ്ടെന്നാണ് ഷിൻഡെ വിഭാഗം അവകാശപ്പെടുന്നത്. ഏകനാഥ് ഷിൻഡെ വെള്ളിയാഴ്ച ഗവർണറെ കണ്ടേക്കും.
എല്ലാ എംഎൽഎമാരുടെയും അഭിപ്രായം മഹാസഖ്യം സഖ്യം വിടാനാണെങ്കിൽ അത് പരിഗണിക്കാമെന്നും അതാഗ്രഹിക്കുന്നവർ മുംബൈയിലെത്തി നേരിട്ട് നേതാക്കളുമായി ചർച്ച നടത്തണമെന്നാണ് സഞ്ജയ് റാവത്ത് മുന്നോട്ട് വെക്കുന്ന നിർദ്ദേശം. റിസോട്ടിലേക്ക് മാറിയ വിമത എംഎൽഎമാർ 24 മണിക്കൂറിനകം നേരിട്ടെത്തണമെന്നും റാവത്ത് ആവശ്യപ്പെടുന്നു. മഹാസഖ്യം വിടാമെന്ന ശിവസേനയുടെ ഇപ്പോഴത്തെ പ്രസ്താവന പാർട്ടി പിടിച്ചു നിറുത്താനുള്ള തന്ത്രം മാത്രമാണെന്നാണ് ബിജെപി വൃത്തങ്ങളുടെ വിലയിരുത്തൽ.
അതേസമയം, മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ രൂപീകരിക്കുന്നത് വൈകില്ലെന്നാണ് പാർട്ടി കേന്ദ്രനേതൃത്വം സൂചന നൽകുന്നത്. തല്ക്കാലം വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടേണ്ടതില്ലെന്നാണ് ബിജെപി തീരുമാനം. കോൺഗ്രസ്- എൻസിപി സഖ്യം വിടുന്നതും ആലോചിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞെങ്കിലും കരുതലോടെ മുന്നോട്ട് പോകാൻ തന്നെയാണ് ഇപ്പോഴും ബിജെപി തീരുമാനം. ശിവസേനയിലെ പിളർപ്പിന് പിന്നിൽ ബിജെപിയാണെന്ന ആരോപണം തള്ളുന്നതല്ലാതെ നേരിട്ടുള്ള ഇടപെടൽ ബിജെപി ഇതുവരെയും നടത്തിയിട്ടില്ല. ഏക്‌നാഥ് ഷിൻഡെയുടെ കൂടെ നിൽക്കുന്ന എംഎൽഎമാർ നിലപാടു മാറ്റുമോ എന്ന് പറയാറായിട്ടില്ലെന്നും ബിജെപി കരുതുന്നു.
അതേ സമയം ഗുവാഹത്തിയിലെ ഹോട്ടലിൽ ബിജെപി നേതാക്കൾ സന്ദർശനം നടത്തി. സർക്കാർ രൂപീകരിച്ചാൽ ഷിൻഡെയ്ക്കും കൂട്ടാളികൾക്കും നൽകുന്ന സ്ഥാനം സംബന്ധിച്ചും പ്രാഥമിക ചർചകൾ നടന്നതായാണ് വിവരം
കാര്യങ്ങൾ മെല്ലെ ബിജെപി പക്ഷത്തേക്ക് വരുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. ഒന്നുകിൽ ശിവസേന എംഎൽഎമാർ ബിജെപിയിൽ ചേർന്ന് കൂറുമാറ്റ നിയമം മറികടക്കും. അല്ലെങ്കിൽ ഉദ്ധവ് താക്കറെ ഇപ്പോഴത്തെ സഖ്യം വിടാൻ നിർബന്ധിതനാകും. രണ്ടായാലും ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയും ഏക്‌നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയും ആകാനുള്ള സാഹചര്യം ഉരുത്തിരിയുമെന്നാണ് ബിജെപി പാർട്ടി നേതൃത്വം കരുതുന്നത്. സഞ്ജയ് റൗത്ത് അഘാടി സംഖ്യം വിടുന്നത് ആലോചിക്കുമെന്ന് പറഞ്ഞെങ്കിലും സഖ്യം വിടില്ലെന്നാണ് ഉദ്ധവ് താക്കറെ എൻസിപിയേയും കോൺഗ്രസിനേയും അറിയിച്ചത്. രണ്ട് പാർട്ടികളും സ്ഥിതി നിരീക്ഷിക്കുകയാണ്. വിശ്വാസവോട്ടെടുപ്പ് ഇപ്പോൾ ആവശ്യപ്പെടേണ്ടെന്ന് ബിജെപി തീരുമാനിച്ച സാഹചര്യത്തിൽ നാടകം ഇനിയും നീളാനാണ് സാധ്യത.
ശിവസേനയെ കൂടുതൽ പ്രതിരോധത്തിലേക്കു തള്ളിവിട്ട് എംപിമാരും വിമതപക്ഷത്തേക്കു ചേക്കേറുകയാണ്. ഒരു ഡസനിലേറെ എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതപക്ഷത്തേക്കു പോയെന്നാണു റിപ്പോർട്ടുകൾ. രാജൻ വിചാർ (താനെ), ഭാവ്‌ന ഗൗലി (വാഷിം), കൃപാൽ തുമാനെ (റംതേക്), ശ്രീകാന്ത് ഷിൻഡെ (കല്യാൺ), രാജേന്ദ്ര ഗാവിട്ട് (പൽഗർ) തുടങ്ങിയവരാണു വിമതപക്ഷത്തെത്തിയത്.
ഇതിൽ രാജൻ വിചാർ, ശ്രീകാന്ത് ഷിൻഡെ എന്നിവർ ഗുവാഹത്തിയിൽ വിമതർ തങ്ങുന്ന റിസോർട്ടിലാണുള്ളത്. വിമത പക്ഷത്തേക്കു മാറിയെന്ന ആരോപണം കൃപാൽ തുമാനെ വ്യാഴാഴ്ച രാവിലെ തള്ളിയിരുന്നു. ലോക്‌സഭയിൽ 19 എംപിമാരും രാജ്യസഭയിൽ മൂന്ന് എംപിമാരുമാണു ശിവസേനയ്ക്കുള്ളത്. മഹാരാഷ്ട്ര നിയമസഭയിൽ ശിവസേനയ്ക്ക് 55 എംഎൽഎമാരാണുള്ളത്. അതിൽ 41 പേർ ഏക്‌നാഥ് ഷിൻഡെയ്‌ക്കൊപ്പമുണ്ടെന്നാണ് വിമതരുടെ അവകാശവാദം.
വിമതപക്ഷത്തെ അനുനയിപ്പിക്കാൻ മഹാസഖ്യം വിടാൻ പോലും തയ്യാറെന്ന അടവുനയവുമായി നിലവിലെ ശിവസേന നേതൃത്വം രംഗത്ത് വന്നതിൽ അതൃപ്തി പ്രകടിപ്പിച്ച കോൺഗ്രസും എൻസിപിയും അടിയന്തര യോഗങ്ങൾ ചേർന്നു.
അതേസമയം, മുന്നണിയുടെ ഭൂരിപക്ഷം നിയമസഭയിൽ തെളിയിക്കുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. ഉദ്ദവ് താക്കറെയ്ക്ക് ഒപ്പം മുന്നണി ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കിയ ശരദ് പവാർ, വിമത എംഎൽഎമാർ മുംബൈയിൽ തിരികെ എത്തിയാൽ സാഹചര്യം മാറുമെന്നും പറഞ്ഞു.
ഉദ്ധവ് താക്കറെയ്ക്കു പിന്തുണയുമായും ശിവസേന എംപിമാർ രംഗത്തെത്തി. ഇതു പോരാടേണ്ട സമയമാണെന്ന് ശിവസേന രാജ്യസഭാംഗം പ്രിയങ്കാ ചതുർവേദി ട്വിറ്ററിൽ കുറിച്ചു. സർക്കാരിനെ നിലനിർത്താൻ എല്ലാം ചെയ്യുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറും പറഞ്ഞു. ഉദ്ധവ് താക്കറെയ്ക്കു പൂർണ പിന്തുണ നൽകുന്നതായും പവാർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്