- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജിത് പവാറിന്റെ 1400 കോടിയുടെ ബിനാമി സ്വത്ത് ആദായനികുതി വകുപ്പ് കണ്ടുകെട്ടി; ഗോവയിലെ 250 കോടിയുടെ റിസോർട്ട്, 600 കോടി വിലമതിക്കുന്ന ജരന്ദേശ്വറിലെ പഞ്ചസാര ഫാക്ടറി അടക്കമുള്ള സ്വത്തുക്കൾ കണ്ടുകെട്ടി; ബിജെപി പാളയത്തിൽ എത്തിയപ്പോൾ ക്ലീനാക്കിയ കേസുകൾ എല്ലാം പൊടി തട്ടി എൻസിപിയിലെ 'ദാദ'യെ പൂട്ടാൻ കേന്ദ്രം
മുംബൈ: എൻസിപിയിലെ 'ദാദ'യെ പൂട്ടാൻ ഒരുങ്ങി കേന്ദ്രസർക്കാർ. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത്ത് പവാറിന്റെ 1400 കോടി രൂപയിലേറെ വില മതിക്കുന്ന ബിനാമി സ്വത്തുകൾ താൽക്കാലികമായി കണ്ടുകെട്ടിയ നടപടി കൊണ്ട് കേന്ദ്രം ഉന്നം വെക്കുന്നത് മഹാരാഷ്ട്രയിലെ സർക്കാറിന് വീഴ്ത്തുക എന്നതു തന്നെയാണ്. ആദായ നികുതി വകുപ്പിന്റെ ബിനാമി പ്രോപ്പർട്ടി വിങ്ങിന്റേതാണ് നടപടി. താൽക്കാലികമായി കണ്ടുകെട്ടിയ സ്വത്തുകൾ നിയമപരമായി വാങ്ങിയതാണെന്ന് തെളിയിക്കാൻ അജിത് പവാറിന് മൂന്ന് മാസത്തെ സാവകാശം നൽകിയിട്ടുണ്ട്.
ദക്ഷിണ ഡൽഹിയിൽ 20 കോടി വിലമതിക്കുന്ന ഫ്ളാറ്റ്, മുംബൈ നിർമ്മൽ ഹൗസിലുള്ള 25 കോടി വിലമതിക്കുന്ന മകൻ പാർത്ഥ പവാറിന്റെ ഓഫിസ്, 600 കോടി വിലമതിക്കുന്ന ജരന്ദേശ്വറിലെ പഞ്ചസാര ഫാക്ടറി, ഗോവയിൽ 250 കോടിയുടെ റിസോർട്ട്, 27 ഇടങ്ങളിൽ 500 കോടിയോളം വിലമതിക്കുന്ന ഭൂമി എന്നിവയാണ് താൽക്കാലികമായി കണ്ടുകെട്ടിയത്. ജരന്ദേശ്വറിലെ പഞ്ചസാര ഫാക്ടറി നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കണ്ടുകെട്ടിയതാണ്.
കോഴപ്പണം വെളുപ്പിച്ചെന്ന കേസിൽ മറ്റൊരു മുതിർന്ന എൻ.സി.പി നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ അനിൽ ദേശ്മുഖിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് അജിത് പവാറിനെതിരെ ആദായ നികുതി വകുപ്പ് നടപടി. ശരദ് പവാറിന്റെ സഹോദര പുത്രനാണ് അജിത് പവാർ. ശരദ് പവാറിന്റെ തണലിൽ നിന്നു മഹാരാഷ്ട്ര രാഷ്്ട്രീയത്തിലെ 'ദാദ'യായി അജിത് പവാർ ആരേയും അത്ഭുതപ്പെടുത്തിയാണ് ബിജെപി ക്യാമ്പിലും നേരത്തെ ചാടിയിരുന്നു.
ദാദ എന്നാണ് അജിത് പവാറിനെ അണികൾ വിളിക്കുന്നത്. ആരെയും കൂസാത്ത പ്രകൃതം. മഹാരാഷ്ട്രയിൽ ഇത്തവണ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ജയിച്ച അജിത് (1.65 ലക്ഷം വോട്ട്) കരുത്തനായതു പവാറിന്റെ തണലിലായിരുന്നു. പ്രശസ്ത ചലച്ചിത്രകാരൻ വി. ശാന്താറാമിനൊപ്പം പ്രവർത്തിച്ചിട്ടുള്ള ആളാണ് അജിത്തിന്റെ പിതാവ് അനന്ത്റാവു. അച്ഛനെ പോലെ സിനിമാക്കാരനാകാനായിരുന്നില്ല അജിത്ത് താൽപ്പര്യം. ഇളയച്ഛന്റെ വഴിയേ രാഷ്ട്രീയത്തിലെത്തി. വിശ്വസ്തനാവുകയും ചെയ്തു. 1967 മുതൽ ശരദ് പവാർ തുടർച്ചയായി 6 വട്ടം വിജയിച്ച ബാരാമതി നിയമസഭാ മണ്ഡലം സഹോദരപുത്രൻ അജിത്തിനു കൈമാറിയത് 1991 ലായിരുന്നു. പിന്നീട് തുടർച്ചയായി ജയിച്ചത് 7 വട്ടം. പ്രശ്നങ്ങൾ കത്തി കയറയുന്നത് ഈ ലോക്സഭാ തെരഞ്ഞെടുപ്പോടെയാണ്.
2004 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെക്കാൾ 2 സീറ്റ് കൂടുതൽ നേടിയെങ്കിലും കോൺഗ്രസിനു മുഖ്യമന്ത്രി സ്ഥാനം വിട്ടുനൽകാൻ പവാർ തയാറായി. മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിതിയിൽ മുൻപ് ശരത് പവാറിനും അജിത്തിനുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്് (ഇഡി) കേസെടുത്തിരുന്നു. 70,000 കോടി രൂപയുടെ അഴിമതി ആരോപണം അജിത് പവാർ അടക്കം എൻസിപി മന്ത്രിമാർക്കെതിരെ ദേവേന്ദ്ര ഫഡ്നാവിസ് ഉയർത്തിക്കൊണ്ടുവന്നതാണ്. 25,000 കോടി രൂപയുടെ മഹാരാഷ്ട്ര സഹകരണ ബാങ്ക് കുംഭകോണമാണ് അജിത്തിനെതിരെയുള്ള മറ്റൊരു പ്രധാന കേസ്. ഒരിക്കൽ ബിജെപി പാളയത്തിലേക്ക് അജിത് പവാർ പോയപ്പോൾ തീർന്ന കേസുകളാണ് വീണ്ടും കുത്തിപ്പൊക്കുന്നത്.
മറുനാടന് ഡെസ്ക്