മുംബൈ: സംസ്ഥാനത്തെ 18 മുതൽ 44 വരെ പ്രായമുള്ളവർക്ക സൗജന്യ കോവിഡ് വാക്‌സീൻ പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. 6500 കോടി രൂപയാണ് ഇതിനു ചെലവു പ്രതീക്ഷിക്കുന്നത്. കോവിഡ് സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം.

ഈ പ്രായത്തിലുള്ളവർക്കു മെയ്‌ ഒന്നു മുതൽ തന്നെ വാക്‌സീൻ നൽകി തുടങ്ങേണ്ടതില്ലെന്നും ഉദ്ധവ് താക്കറെ സർക്കാർ തീരുമാനിച്ചു. 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സീൻ നൽകുന്നതു തുടരുമെന്നും സർക്കാർ അറിയിച്ചു.

മെയ്‌ ഒന്നിന് തന്നെ 18നും 44നും ഇടയിൽ പ്രായമുള്ളവർക്കു വാക്‌സീൻ നൽകുന്ന നടപടികൾ തുടങ്ങണമെന്നാണു കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം. എന്നാൽ നിരവധി സംസ്ഥാനങ്ങൾ ആവശ്യത്തിന് വാക്‌സീൻ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്.

'ഞങ്ങളുടെ കയ്യിൽ ആവശ്യത്തിന് വാക്‌സീൻ സ്റ്റോക്ക് ഇല്ല. മെയ്‌ ഒന്നു മുതൽ തന്നെ വാക്‌സിനേഷൻ തുടങ്ങില്ല. സ്റ്റോക്ക് എത്തുമ്പോൾ വാക്‌സീൻ നൽകി തുടങ്ങും' മന്ത്രി രാജേഷ് ടോപ് പ്രതികരിച്ചു. 1844 പ്രായക്കാർക്കുള്ള വാക്‌സിനേഷൻ ആറു മാസത്തിൽ പൂർത്തിയാക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്.

സ്പുട്‌നിക് വാക്‌സീൻ സംസ്ഥാനത്ത് എത്തിക്കാനാണു മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ കോവിഷീൽഡ്, കോവാക്‌സീൻ എന്നിവയാണു കുത്തിവയ്ക്കുന്നത്.