ന്യൂഡൽഹി: മോദി തരംഗത്തിന് കുറവില്ല. ഇപ്പോഴും അത് തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിറകിലേറി ഹരിയാനയിൽ ബിജെപി അധികാരത്തിലെത്തുന്നു. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേവല ഭൂരിപക്ഷം നേടുന്നത. ശക്തമായ ചതുഷ്‌കോണ മത്സരം നടക്കുന്ന മഹാരാഷ്ട്രയിലും വ്യക്തമായ മുൻതൂക്കം ബി.ജെപിക്കുണ്ട്. എന്നാൽ ചതുഷ്‌കോണ ചൂടിൽ കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്ത് എത്താനെ മോദിയുടെ ബിജെപിക്കാവുന്നുള്ളൂ.

മഹാരാഷ്ട്ര(288)
ബിജെപി-122
ശിവസേന-63
കോൺഗ്രസ്-42
എൻസിപി-41
എംഎൻഎസ്-1
സിപിഐ(എം)-1
മജ്‌ലിസ് മുസളിമീൻ-2
ബഹുജൻ വികാസ് ആഗാദി-3
ഭാരിപ ബഹുജൻ മഹാസംഘ്-1
പെസന്റ്‌ ആൻഡ് വർക്കേഴ്‌സ് പാർട്ടി-3
രാഷ്ട്രീയ സമാജ് പക്ഷ്-1
സമാജ് വാദി പാർട്ടി-1
സ്വതന്ത്രർ-7

മഹാരാഷ്ട്രയിൽ കേവല ഭൂരിപക്ഷത്തിന് 25 സീറ്റോളം കുറവുള്ള ബിജെപിക്ക് മറ്റുള്ള സ്വതന്ത്രരുടെ സഹായത്തോടെ സർക്കാരുണ്ടാക്കാനാകുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തവണ മഹായുതി സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച ബിജെപിക്ക് 48 സീറ്റ് മാത്രമാണ് ലഭിച്ചിരുന്നത്. ഒറ്റയ്ക്ക് മത്സരിച്ച് രണ്ടിരട്ടിയലധികം സീറ്റാണ് അവർ നേടിയത്. ശിവസേനയ്ക്ക് 44 സീറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. സഖ്യം പിരിഞ്ഞിട്ടും സേനയ്ക്ക് കൂടുതൽ സീറ്റ് ലഭിച്ചു എന്നതും ശ്രദ്ധേയമാണ്. അതിനാൽ വോട്ട് ബാങ്കിൽ ചോർച്ച വന്നില്ലെന്ന് അവർക്കും വാദിക്കാം.

എന്നാൽ കോൺഗ്രസിന് 40 ഓളം സീറ്റും എൻസിപിക്ക് 25ഓളം സീറ്റും കുറഞ്ഞു. കോൺഗ്രസുമായി കൂട്ടുപരിഞ്ഞെങ്കിലും പരമ്പരാഗത വോട്ട് ബാങ്ക് എൻസിപി നിലനിർത്തി. 45 ഇടത്ത് ഒറ്റയ്ക്ക് ശരത് പവാറിന്റെ എൻസിപിക്ക് ജയിക്കാനായി. അതുകൊണ്ട് തന്നെ കോൺഗ്രസിനാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് വലിയ നഷ്ടം വരുത്തുന്നത്. ബിജെപിക്ക് 29ഉം ശിവസേനയ്ക്ക് 19ശതമാനം വോട്ടും ലഭിച്ചു. കോൺഗ്രസിന് 18ഉം എൻസിപിക്ക് 17ഉം. മറാത്താ വികാരമുയർത്തി മത്സരിച്ച എം.എൻ.എസിന് 3 ശതമാനം വോട്ട് മാത്രമേ ലഭിച്ചൂള്ളൂ. രാജ് താക്കറെയുടെ പാർട്ടിക്ക് മഹാരാഷ്ട്രയിലെ രാഷ്ട്രീയത്തിൽ സ്വാധീനം നഷ്ടമാകുന്നതിന്റെ തെളിവാണിത്.

ഇവിടെ സിപിഎമ്മിനും ഒരു സീറ്റുകിട്ടി. പ്രാദേശിക കക്ഷികളും നേട്ടമുണ്ടാക്കി. ഇതിൽ രാഷ്ട്രീയ സമാജ് പക്ഷയും ഭാരിപ്പ ബഹുജൻ മഹാസംഘും ബിജെപി അനുകൂല കക്ഷികളാണ്. ബഹുജൻ വികാസ് അഗാദിയും പിന്തുണച്ചേക്കും. രാജ് താക്കറെയുടെ എംഎൻഎസും ബിജെപി പക്ഷത്താണ്. അതിലുപരി ശിവസേനയും ഭരണത്തിൽ കൂട്ടുകൂടുമെന്നാണ് ബിജെപി പ്രതീക്ഷ. കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരിയുടെ നേതൃത്വത്തിൽ സേനാ നേതൃത്വവുമായി ചർച്ച തുടരാനാണ് ബിജെപി നീക്കം. അതായത് പ്രതീക്ഷിച്ചതു പോലെ മഹായുതി സഖ്യം പുനർജീവിക്കുമെന്ന് സാരം.

ഹരിയാനയിലെ വിശദ പാർട്ടി നില(90)
ബിജെപി-47
ഐൻഎൽഎൽഡി-19
കോൺഗ്രസ്-15
ഹരിയാന ജനഹിത കോൺഗ്രസ്-2
ബഹുജൻ സമാജ് പാർട്ടി-1
ശിരോമണി അകാലിദൾ-1
സ്വതന്ത്രർ-5

ഹരിയാനയിൽ മോദിയുടെ പ്രചാരണങ്ങൾ ഫലം കണ്ടു. ത്രികോണ മത്സരത്തിന്റെ കാഠിന്യത്തിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നായിരുന്നു മിക്ക എക്‌സിറ്റ് പോളുകളുടേയും പ്രവചനം. അത് അസ്ഥാനത്താക്കിയാണ് ഹരിയാനയിൽ ആദ്യമായി ബിജെപി അധികാരത്തിലെത്തുന്നത്.

ഹരിയാനയിൽ ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിലേറുമ്പോൾ പത്ത് വർഷം ഭരിച്ച കോൺഗ്രസ് മൂന്നാം സ്ഥാനത്താണ്. ഐൻഎൽഎൽഡിയാകും മുഖ്യ പ്രതിപക്ഷം. ഹരിയാനയിൽ 33 ശതമാനം വോട്ടാണ് ബിജെപി നേടിയത്. ചൗട്ടാലിയുടെ ഐഎൻഎൽഡി 24ഉം കോൺഗ്രസ് 20 ശതമാനം വോട്ടും നേടി. മത്സരിക്കാതെ മാറിനിന്ന് നോട്ട ചെയ്യാൻ ആഹ്വാനം ചെയ്ത ആംആദ്മി പാർട്ടിയുടെ നീക്കവും ഫലിച്ചില്ല. 0.4 തമാനം പേർ മാത്രമാണ് ആപ്പിന്റെ ആഹ്വാനപ്രകാരം നോട്ടയിൽ വോട്ട് ചെയ്തത്.

ഹരിയാനയിൽ കോൺഗ്രസിനെ വെട്ടി ഓം പകാശ് ചൗട്ടാലയുടെ ഐഎൻഎൽഡി രണ്ടാമതെത്തിയെങ്കിലും ബിജെപി തരംഗത്തിൽ പ്രതീക്ഷിച്ചത്ര നേട്ടമുണ്ടാക്കാനായില്ല. 2009ൽ  നാല് സീറ്റിൽ മാത്രം വിജയിച്ചിരുന്ന സ്ഥാനത്ത് നിന്നാണ് അൻപതിലേറെ സീറ്റുകളിൽ വിജയിച്ച് ബിജെപി അധികാരത്തിലേറുന്നു എന്നത് ശ്രദ്ധേയം. അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഓംപ്രകാശ് ചൗട്ടാല ജാമ്യത്തിലിറങ്ങി പ്രചാരണ പരിപാടികളിൽ പങ്കെടുത്തുവെങ്കിലും സഹതാപ തരംഗം വേണ്ടത്ര ഏശിയില്ല.

എന്നാൽ മോദിയുടെ പ്രചരങ്ങണങ്ങൾ ബിജെപിക്ക് ഗുണം ചെയ്തു. മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയ്‌ക്കെതിരായ ആരോപണങ്ങളെ പ്രതിരോധിക്കാനും കോൺഗ്രസിന് കഴിഞ്ഞില്ല. ഇതിനൊപ്പം റോബർട്ട് വദേരയ്ക്ക് എതിരായ ആക്ഷേപങ്ങളും തിരിച്ചടിയായി. ഹരിയാനയിലെ ജാട്ട് രാഷ്ട്രീം കൂടി അനുകൂലമാക്കിയാണ് ബിജെപി അധികാരത്തിലെത്തുന്നത്.

ജാതി രാഷ്ട്രീയം അനുകൂലമാക്കിയാണ് ബിജെപി മുന്നേറ്റം. ഹരിയാനയിൽ ജാട്ടുകൾ ഐഎൻഎൽഡിക്ക് ഒപ്പം നിന്നപ്പോൾ ദളിതരടക്കമുള്ള മറ്റ് വിഭാഗങ്ങളുടെ വോട്ട് ഒന്നടങ്കം ബിജെപിയിലേക്ക് ഒഴുകി. ഈ സമവാക്യമൊന്നും കോൺഗ്രസിന് അനുകൂലമായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ഹരിയാനാ ജനഹിത കോൺഗ്രസിനും മുന്നേറ്റം ഉണ്ടാക്കാനായില്ല. അവർ രണ്ട് സീറ്റിൽ മാത്രമാണ് ജയിച്ചത്.

റെക്കോഡ് പോളിങ് നടന്ന ഹരിയാനയിൽ 76.54 ശതമാനമായിരുന്നു പോളിങ്ങ്. 90 സീറ്റുകളുള്ള ഹരിയാനയിൽ 57 സ്ഥലങ്ങളിലാണ് എണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. ഹരിയാനയിൽ 1351 പേരാണ് ജനവിധി നേടിയത്.