മുംബൈ: മഹാരാഷ്ട്രയിൽ ശിവസേന പിളർപ്പിലേക്ക് നീങ്ങുകയും ഉദ്ധവ് താക്കറെ സർക്കാർ പതനത്തിന്റെ വക്കിൽ എത്തി നിൽക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ഡൽഹിക്കു പുറപ്പെട്ടു.

മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരായ വിമത എംഎൽഎമാർ ഗുവാഹത്തിയിൽ തുടരുന്നതിനിടെയാണ് ഫഡ്‌നാവിസിന്റെ നീക്കം. ഫഡ്‌നാവിസ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി ദേശീയ നേതാക്കളുമായി അദ്ദേഹം ചർച്ച ചെയ്യുമെന്നാണ് സൂചന.

നാഗ്പൂരിലെ ഫഡ്‌നാവിസിന്റെ വീടിന്റെ സുരക്ഷ വർധിപ്പിച്ചതായി പൊലീസ് അറിയിച്ചു. മുംബൈയിലെ ശിവസേന ഭവനിലും മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിയായ 'മാതോശ്രീ'യിലും കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാന നില ചർച്ച ചെയ്യുന്നതിനായി മുംബൈ പൊലീസ് കമ്മിഷനർ സഞ്ജയ് പാണ്ഡെ മുഖ്യമന്ത്രിയെ കണ്ടു.

ശിവസേനയുമായി എംഎൽഎമാർ ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ മുംബൈ നഗരത്തിൽ ശിവസേന പ്രവർത്തകർ അക്രമത്തിനു മുതിരാൻ സാധ്യതയുണ്ടെന്നാണു പൊലീസ് റിപ്പോർട്ട്. അതേസമയം അസന്തുഷ്ടരായ കുറച്ച് ശിവസേന എംഎൽഎമാർ മറ്റൊരു സംസ്ഥാനത്തേക്കു പോയതു മാത്രമാണ് ഇപ്പോഴത്തെ പ്രശ്‌നമെന്ന് എൻസിപി നേതാവ് ജയന്ത് പാട്ടീൽ പറഞ്ഞു. എംഎൽഎമാരെ ശിവസേന തിരികെയെത്തിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും ജയന്ത് പാട്ടീൽ വ്യക്തമാക്കി.

അതേസമയം ദേവേന്ദ്ര ഫഡ്‌നവിസിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഔറംഗാബാദിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മുഖ്യമന്ത്രി ആയതിന് ശേഷം ദേവേന്ദ്രജി പാന്ധർപൂരിൽ എത്തി മൗലി മാതാവിന് മുന്നിൽ പ്രാർത്ഥന നടത്തുമെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.

സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വം തുടരുമ്പോഴും തികഞ്ഞ ആത്മവിശ്വാസത്തിലാണ് വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ. എം എൽ എമാർ മടങ്ങി എത്തിയാൽ 24 മണിക്കൂറിനുള്ളിൽ മഹാ വികാസ് അഖാഡി സഖ്യം ഉപേക്ഷിക്കാമെന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ ഉപാധി ഷിൻഡെ തള്ളി. റാവത്തിന്റെ വാഗ്ദാനത്തിന് ഇനി പ്രസക്തിയില്ലെന്നും, സമയം ഒരുപാട് വൈകിപ്പോയെന്നുമായിരുന്നു ഷിൻഡെയുടെ പ്രതികരണം.


ശിവസേനയിലെ പിളർപ്പിന് പിന്നിൽ ബിജെപിയാണെന്ന ആരോപണം തള്ളുന്നതല്ലാതെ നേരിട്ടുള്ള ഇടപെടൽ ബിജെപി ഇതുവരെയും നടത്തിയിട്ടില്ല. ഏക്‌നാഥ് ഷിൻഡെയുടെ കൂടെ നിൽക്കുന്ന എംഎൽഎമാർ നിലപാടു മാറ്റുമോ എന്ന് പറയാറായിട്ടില്ലെന്നും ബിജെപി കരുതുന്നു.

തല്ക്കാലം വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെടേണ്ടതില്ലെന്നാണ് ബിജെപി തീരുമാനം. കോൺഗ്രസ്- എൻസിപി സഖ്യം വിടുന്നതും ആലോചിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞെങ്കിലും കരുതലോടെ മുന്നോട്ടു പോകാൻ തന്നെയാണ് ഇപ്പോഴും ബിജെപി തീരുമാനം. ഏക്‌നാഥ് ഷിൻഡെയുടെ കൂടെ നിൽക്കുന്ന എംഎൽഎമാർ നിലപാടു മാറ്റുമോ എന്ന് പറയാറായിട്ടില്ലെന്നും ബിജെപി കരുതുന്നു.

എല്ലാ എംഎൽഎമാരുടെയും അഭിപ്രായം മഹാസഖ്യം സഖ്യം വിടാനാണെങ്കിൽ അത് പരിഗണിക്കാമെന്നും അതാഗ്രഹിക്കുന്നവർ മുംബൈയിലെത്തി നേരിട്ട് നേതാക്കളുമായി ചർച്ച നടത്തണമെന്നാണ് സഞ്ജയ് റാവത്ത് മുന്നോട്ട് വെക്കുന്ന നിർദ്ദേശം. റിസോട്ടിലേക്ക് മാറിയ വിമത എംഎൽഎമാർ 24 മണിക്കൂറിനകം നേരിട്ടെത്തണമെന്നും റാവത്ത് ആവശ്യപ്പെടുന്നു. മഹാസഖ്യം വിടാമെന്ന ശിവസേനയുടെ ഇപ്പോഴത്തെ പ്രസ്താവന പാർട്ടി പിടിച്ചു നിറുത്താനുള്ള തന്ത്രം മാത്രമാണെന്നാണ് ബിജെപി വൃത്തങ്ങളുടെ വിലയിരുത്തൽ.

കാര്യങ്ങൾ മെല്ലെ ബിജെപി പക്ഷത്തേക്ക് വരുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. ഒന്നുകിൽ ശിവസേന എംഎൽഎമാർ ബിജെപിയിൽ ചേർന്ന് കൂറുമാറ്റ നിയമം മറികടക്കും. അല്ലെങ്കിൽ ഉദ്ധവ് താക്കറെ ഇപ്പോഴത്തെ സഖ്യം വിടാൻ നിർബന്ധിതനാകും. രണ്ടായാലും ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രിയും ഏക്‌നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രിയും ആകാനുള്ള സാഹചര്യം ഉരുത്തിരിയുമെന്നാണ് ബിജെപി പാർട്ടി നേതൃത്വം കരുതുന്നത്.

സഞ്ജയ് റൗത്ത് അഘാടി സംഖ്യം വിടുന്നത് ആലോചിക്കുമെന്ന് പറഞ്ഞെങ്കിലും സഖ്യം വിടില്ലെന്നാണ് ഉദ്ധവ് താക്കറെ എൻസിപിയേയും കോൺഗ്രസിനേയും അറിയിച്ചത്. രണ്ടു പാർട്ടികളും സ്ഥിതി നിരീക്ഷിക്കുകയാണ്. വിശ്വാസവോട്ടെടുപ്പ് ഇപ്പോൾ ആവശ്യപ്പെടേണ്ടെന്ന് ബിജെപി തീരുമാനിച്ച സാഹചര്യത്തിൽ നാടകം ഇനിയും നീളാനാണ് സാധ്യത.