മുംബൈ: മഹാരാഷ്ട്രയിലെ 16 വിമത എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച ഹർജിയിൽ ഇന്നും തീരുമാനമായില്ല. വാദം കേൾക്കുന്നത് സുപ്രീം കോടതി ഒരാഴ്ചത്തേക്ക് മാറ്റിവച്ചു. ഭരണഘടനാ വിഷയങ്ങൾ കേസിലുണ്ടെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ ഹർജികൾ പരിഗണിക്കവേ പറഞ്ഞു. എന്നാൽ തൽക്കാലം വിപുലമായ ബഞ്ചിന് വിടുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

ഏതൊക്കെ വിഷയങ്ങൾ ഉടൻ കേൾക്കണമെന്ന് അറിയിക്കാൻ കോടതി അഭിഭാഷകർക്ക് നിർദ്ദേശം നൽകി. മഹാരാഷ്ട്രയിലെ പുതിയ സർക്കാർ വന്നത് നിയമവിരുദ്ധ നീക്കത്തിലൂടെ എന്ന് ഉദ്ധവ് താക്കറെ വിഭാഗം കോടതിയിൽ വാദിച്ചു. പാർട്ടിയിലെ ഭൂരിപക്ഷത്തിന് നിയസഭകക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ അവകാശമുണ്ടെന്നായിരുന്നു ഏക്‌നാഥ് ഷിൻഡെയ്ക്കു വേണ്ടി ഹാജരായ ഹരീഷ് സാൽവെ വാദിച്ചത്. നിയമസഭ രേഖകൾ സൂക്ഷിക്കാൻ കോടതി നിർദ്ദേശം നല്കി.

എംഎൽഎമാരുടെ അയോഗ്യത സംബന്ധിച്ച ഹർജിയിൽ അടുത്ത വാദം ഓഗസ്റ്റ് 1 ന് നടക്കുമെന്നും അറിയിച്ചു. ശിവസേന എംഎൽഎമാരുടെ അയോഗ്യതയും, ഏക്നാഥ് ഷിൻഡെയുടെ സത്യപ്രതിജ്ഞയും ചോദ്യം ചെയ്യുന്ന നിരവധി ഹർജികൾ സുപ്രീം കോടതി ബുധനാഴ്ച പരിഗണിച്ചിരുന്നു. എന്നാൽ കോടതിയുടെ ഭാഗത്തുനിന്ന് നിർണ്ണായക തീരുമാനം ഒന്നും തന്നെ ഉണ്ടായില്ല.

ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ ഇരുകക്ഷികളോടും കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് എൻവി രമണ, ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ അട്ടിമറിക്കുന്നത് ജനാധിപത്യം അപകടത്തിലാകുമെന്ന് ഉദ്ധവ് താക്കറെ വിഭാഗത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. ഇത്തരമൊരു ആചാരം തുടങ്ങുന്നത് മഹാരാഷ്ട്രയ്ക്ക് മാത്രമല്ല, രാജ്യത്തെവിടെയും ആപത്താണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീം കോടതി കേസുകൾ പരിഗണിക്കുമ്പോൾ മഹാരാഷ്ട്ര ഗവർണർ പുതിയ സർക്കാരിന് സത്യവാചകം ചൊല്ലിക്കൊടുക്കാൻ പാടില്ലായിരുന്നുവെന്നും സിബൽ പറഞ്ഞു.

അതേസമയം, വിഷയം കൂറുമാറ്റമല്ലെന്നായിരുന്നു ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ അഭിപ്രായപ്പെട്ടത്. മറ്റൊരു പാർട്ടിയിലും പോകാതെ സ്വന്തം നേതാവിനെ ചോദ്യം ചെയ്യുന്നെങ്കിൽ അതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. മറ്റേതെങ്കിലും പാർട്ടിക്കൊപ്പം പോകുമ്പോൾ കൂറുമാറ്റ നിയമം ബാധകമാണെന്നും കൂറുമാറ്റമില്ലാതെ പാർട്ടിക്കുള്ളിൽ ശബ്ദമുയർത്തുന്നതിൽ തെറ്റില്ല എന്നും ഹരീഷ് സാൽവെ പറഞ്ഞു.