മുംബൈ: ശിവസേനയുടെ കടുത്ത എതിർപ്പിനിടയിലും മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വിശ്വാസവോട്ട് നേടി. ബിജെപി എംഎൽഎ ആശിഷ് ഷേലാർ കൊണ്ടുവന്ന വിശ്വാസപ്രമേയം ശബ്ദവോട്ടോടെയാണ് സഭ പാസാക്കിയത്.

ശിവസേന എംഎൽഎമാർ വോട്ടിങ് ആവശ്യപ്പെട്ട് സഭയുടെ നടുത്തളത്തിലിറങ്ങി. എന്നാൽ മുമ്പുതന്നെ ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ച എൻസിപി നിശബ്ദരായി അവരുടെ ഇരിപ്പിടങ്ങളിലിരിക്കുകയായിരുന്നു. പ്രത്യേക വോട്ടെടുപ്പു വേണമെന്ന് അവർ ആവശ്യപ്പെട്ടതുമില്ല. ശിവസേനയുടെ ബഹളത്തിനിടെ വിശ്വാസപ്രമേയം പാസായതായി സ്പീക്കർ ഹരിഭൗ ബാഗദെ പ്രഖ്യാപിച്ചു. എൻസിപി അംഗങ്ങൾ നിശബ്ദരായിരുന്നു ബിജെപിക്ക് 'പിന്തുണ' നൽകുകകൂടി ചെയ്തതോടെ ശിവസേനയുടെ പ്രതിഷേധം നിഷ്ഫലമായി. ഇതോടെയാണ് വിശ്വാസപ്രമേയം പാസായതായി സ്പീക്കർ പ്രഖ്യാപിച്ചത്.

വിശ്വാസവോട്ടെടുപ്പ് വീണ്ടും നടത്തണമെന്ന് കോൺഗ്രസും ശിവസേനയും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകം വോട്ടെടുപ്പ് നടത്താതെ സർക്കാരിനെ അംഗീകരിക്കില്ലെന്ന് അവർ പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് പിന്നീട് ഗവർണറെ കാണാൻ ഇരുപാർട്ടി അംഗങ്ങളും പോകുകയും ചെയ്തു. ഇതേതുടർന്ന് അഞ്ചു കോൺഗ്രസ് എംഎൽഎമാർക്കു സസ്‌പെൻഷൻ ലഭിച്ചു. നിയമസഭയ്ക്കു മുന്നിൽ ഗവർണറെ തടഞ്ഞതിനാണ് സസ്‌പെൻഷൻ. ശബ്ദവോട്ടെടുപ്പിലൂടെ ഫഡ്‌നാവിസ് സർക്കാർ വിശ്വാസം നേടിയതിനെതിരെയായിരുന്നു കോൺഗ്രസ് എംഎൽഎമാരുടെ പ്രതിഷേധം.

വിശ്വാസ വോട്ടെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയ ശിവസേന, തങ്ങളുടെ ഏകനാഥ് ഷിൻഡെയെ പ്രതിപക്ഷ നേതാവാക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി. സഭ ബഹളത്തിൽ മുങ്ങിയതോടെ പ്രതിപക്ഷ നേതാവായി ഷിൻഡെയെ സ്പീക്കർ പ്രഖ്യാപിച്ചു. ബിജെപി വിശ്വാസ വോട്ട് നേടിയത് ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്നാണ് കോൺഗ്രസ് പറഞ്ഞത്. ജനാധിപത്യത്തെ കശാപ്പു ചെയ്ത് ബിജെപി നേടിയ വിജയം അംഗീകരിക്കില്ലെന്നു കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാൻ പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങളുടെ വിശ്വാസം തകർത്തിരിക്കുകയാണ് ബിജെപിയെന്നു ശിവസേന നേതാവ് രാംദാസ് കാദം പറഞ്ഞു.

ഇന്നു രാവിലെ സഭ സമ്മേളിച്ചപ്പോഴാണ് ഹരിഭൗ ബാഗദെ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. ശിവസേനയും കോൺഗ്രസും സ്പീക്കർ സ്ഥാനാർത്ഥികളെ നിർത്തിയിരുന്നെങ്കിലും ബിജെപിയുടെ അഭ്യർത്ഥനയെ തുടർന്ന് പിൻവലിക്കുകയായിരുന്നു. ഔറംഗാബാദ് ജില്ലയിലെ പുലാംബരി നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഹരിബാവു ബാഗ്‌ദേ ബിജെപിയുടെ മുതിർന്ന നേതാവാണ്.

ബുധനാഴ്ച രാവിലെ ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് ബിജെപിക്കെതിരെ നിൽക്കാനുള്ള തീരുമാനം ശിവസേന ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബിജെപിയുമായി സഹകരിക്കാൻ പരമാവധി ശ്രമിച്ചു. അവർക്കെതിരെ വോട്ടു ചെയ്യാനാണ് ഇപ്പോൾ ഞങ്ങളുടെ തീരുമാനം. ആദ്യം അനുകൂലമായി വോട്ട് ചെയ്യൂ, ശേഷം ചർച്ച നടത്താം എന്നതാണ് ബിജെപിയുടെ നിലപാട്. അത് സ്വീകാര്യമല്ലാത്തതിനാൽ പ്രതിപക്ഷത്തിരിക്കുമെന്ന് ശിവസേനാ നേതാക്കൾ വ്യക്തമാക്കുകയായിരുന്നു. ആഭ്യന്തരം അടക്കം പന്ത്രണ്ട് മന്ത്രി സ്ഥാനങ്ങൾ ആവശ്യപ്പെട്ട ശിവസേനക്ക് ആറ് മന്ത്രി സ്ഥാനങ്ങൾ മാത്രമെ നൽകാൻ കഴിയു എന്ന ബിജെപി നിലപാടാണ് ഒത്തുതീർപ്പിന് തടസ്സമായത്.

ഫഡ്‌നാവിസ് സർക്കാർ എൻസിപി പിന്തുണയോടെ വിശ്വാസവോട്ട് തേടുന്നതിനെ ശിവസേന മുഖപത്രമായ സാമ്‌നയും രൂക്ഷമായി വിമർശിച്ചിരുന്നു.