കൊൽക്കത്ത: 150 നോവലുകൾ, 350 കഥകൾ, നിരവധി നാടകങ്ങൾ, എണ്ണമില്ലാത്ത മറ്റു രചനകൾ വിപുലമായൊരു സാഹിത്യലോകം സ്വന്തമായി തീർത്ത ഇന്ത്യൻ സാഹിത്യലോകത്തെ മഹാറാണിയായിരുന്നു മഹാശ്വേതാദേവി. ഈ വിപുലമായ സാഹിത്യരചനയ്ക്കിപ്പുറം തൊണ്ണൂറാം വയസ്സിൽ ആ മഹാ സാഹിത്യകാരി വിടവാങ്ങുമ്പോൾ അവർ ഉയർത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടുകളും ആദിവാസികൾക്കും അധസ്ഥിതർക്കുംവേണ്ടി അവരുയർത്തിയ മുദ്രാവാക്യങ്ങളുമായിരിക്കും ഏറെ ചർച്ചചെയ്യപ്പെടുക.

ഇടതുചിന്തകൾ മനസ്സിൽ സൂക്ഷിച്ച് അതിനായി പ്രവർത്തിക്കുമ്പോഴും ഇടുതുകക്ഷികളുടെ, പ്രത്യേകിച്ച് സിപിഎമ്മിന്റെ നിശിത വിമർശകമയായിരുന്നു മഹാശ്വേതാദേവി. വരേണ്യകുടുംബത്തിൽ പിറന്നപ്പോഴും എന്നും താഴേത്തട്ടിലേക്ക് നോക്കിനടന്ന മനുഷ്യസ്നേഹിയാണ് വിടപറഞ്ഞത്.

ഒരേസമയം ഇടതുപക്ഷത്തിന്റെ ഇഷ്ടക്കാരിയും വിമർശകയുമായിരുന്നപ്പോൾത്തന്നെ കേരളത്തിലെ നേതാക്കളുമായും സാംസ്‌കാരിക നായകന്മാരുമായും പ്രത്യേക മമതയും അവർ കാത്തുസൂക്ഷിച്ചു. ഏറ്റവുമൊടുവിൽ ടിപി ചന്ദ്രശേഖന്റെ വധം വല്ലാതുലച്ച മനസ്സുമായാണ് അവർ കേരളത്തിൽ വരുന്നത്.

2012 മെയ് മാസത്തിൽ തകഴി ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ അവർ അവിടെനിന്ന് പോയത് ടിപി ചന്ദ്രശേഖരന്റെ ചിതയുടെ അരികിലേക്കാണ്. ടിപിയുടെ വിധവ രമയെ സന്ദർശിക്കുകയും പിന്നീട് കോഴിക്കോട് നടന്ന ഒരു യോഗത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

ഈ വിഷയത്തിൽ പിണറായിയോട് കലഹിച്ച് കത്തെഴുതിയതും ടിപിയോട് സ്നേഹമുണ്ടെങ്കിൽ വി എസ് പാർട്ടിവിടണമെന്ന് ആഹ്വാനം ചെയ്തതും കേരളത്തിൽ വലിയ രാഷ്ട്രീയ ചർച്ചയായി. 'എല്ലാ തുറയിലുംപെട്ടവർ എന്നെവന്നു കാണുകയും എന്നോട് സംസാരിക്കുകയും ചെയ്തു. അവർ പറഞ്ഞ ഒരു കഥ എന്നെ ശരിക്കും ഭയപ്പെടുത്തി. സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മാളികയുടെ അടുത്തേയ്ക്കുപോലും കേരളത്തിലെ ആർക്കും പോകാൻ സാധിക്കില്ലത്രേ!' പിണറായിക്കയച്ച കത്തിലെ ഈ പരാമർശം വൻ വിവാദമായി.

'വിജയൻ! എനിക്കത് വിശ്വസിക്കാൻ കഴിയുന്നില്ല. ചന്ദ്രശേഖരന് അയാളുടെ ജീവൻ നഷ്ടപ്പെടാനുള്ള കാരണങ്ങളിലൊന്ന് ചില ഒഞ്ചിയം സഖാക്കളെ ഈ മാളിക അവരുടെ നഗ്നനേത്രങ്ങൾക്ക് മുമ്പിൽ കാട്ടിക്കൊടുക്കാൻ അതിനരികിലേക്ക് അയാൾ കൂട്ടിക്കൊണ്ടുപോകാൻ ധൈര്യം കാട്ടി എന്നതാണ് എന്നവർ പറയുമ്പോൾ, എന്റെയുള്ളിൽ ഒരു ഭയം പൊന്തിവരുന്നു. എന്റെ കണ്ണുകൾ കൊണ്ടതു കാണുന്നതു വരെ എനിക്കത് വിശ്വസിക്കാൻ സാധിക്കില്ല'- അവർ കത്തിൽ പറഞ്ഞു

കത്തിൽ പറഞ്ഞ കാര്യങ്ങൾ പിന്നീട് വിവാദമായതോടെ വിഷയത്തിൽ അവർ മാപ്പുപറഞ്ഞുവെന്ന് പ്രചരണമുണ്ടായി. പിണറായി തന്റെ വീടുകാണാൻ മഹാശ്വേതാദേവിയെ ക്ഷണിക്കുകയും ചെയ്തു. പിണറായി വിജയന്റെ ക്ഷണം സ്വീകരിക്കുന്നതായി അവർ മറുപടിക്കത്തയച്ചു.

വീടിനെക്കുറിച്ച് നടത്തിയ പരാമർശത്തിൽ താൻ ക്ഷമ ചോദിച്ചെന്ന വാർത്ത തെറ്റാണെന്നു വ്യക്തമാക്കിയ അവർ പിണറായിയുടെ വീട്ടിൽ തനിക്കൊപ്പം പൊതുജനങ്ങളുമുണ്ടാകുമെന്നും അവർക്കും പ്രവേശനം നൽകണമെന്നും വ്യക്തമാക്കുകയും ചെയ്തു. അത്തരമൊരു സന്ദർശനം ഉണ്ടായില്ലെങ്കിലും ആ കത്ത് കേരളത്തിൽ പാർട്ടിക്കകത്തും പുറത്തും വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. എംഎ ബേബി, തോമസ് ഐസക് തുടങ്ങിയ കേരളത്തിലെ മിക്ക ഇടതുനേതാക്കളുമായും സാഹിത്യകാരന്മാരുമായും വലിയ സൗഹൃദം പുലർത്തിയിരുന്നു അവർ.

ബംഗാളിലും അവരുടെ പോരാട്ടം ഇടതുഭരണത്തിനെതിരെയായിരുന്നു. ഏറ്റവുമൊടുവിൽ ബംഗാളിൽ ഇടതുപക്ഷത്തിന് അധികാരം നഷ്ടപ്പെട്ടതിന് മുഖ്യകാരണങ്ങളായ നന്ദിഗ്രാം, സിംഗൂർ സമരങ്ങളിൽ മുൻനിര പോരാളിയായിരുന്നു മഹാശ്വേത. മമതാ ബാനർജിയോടൊപ്പം തിരഞ്ഞെടുപ്പു പ്രവർത്തനത്തിനും അവർ ഇറങ്ങി. മാത്രമല്ല, ബംഗാളിലെ എഴുത്തുകാരെയും കലാകാരന്മാരെയും കലാകാരികളെയും ഇടതുപക്ഷത്തിനെതിരെ നയിക്കാനും മഹാശ്വേതാ ദേവി മുന്നിലുണ്ടായിരുന്നു. ബംഗാളിലെയും ഝാർഖണ്ഡിലെയും ആദിവാസി മേഖലകളിലെ ഇടപെടലും ഇന്ത്യയിലെമ്പാടുമുള്ള ആദിവാസികളുടെ സംസ്‌കാരവും ഭാഷയും സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളും അവർ നിരന്തരം നടത്തി. പാവങ്ങളുടെയും അശരണരുടെയും നിന്ദിതരുടെയും പീഡിതരുടെയും പക്ഷംപിടിച്ചായിരുന്നു അവരുടെ എഴുത്തുകൾ.

മഹാശ്വേതാദേവി തന്റെ എഴുത്തിലൂടെയുള്ള പോരാട്ടം 1954ലാണ് ആരംഭിക്കുന്നത്. 1857 ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതിയ 'ത്സാൻസി റാണിയുടെ ജീവചരിത്ര'മെന്ന അവരുടെ ആദ്യ കൃതി പുറത്തിറങ്ങി. 1940ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമെടുത്ത മഹാശ്വേതയും ഭർത്താവ് ബിജോൺ ഭട്ടാചാര്യയും ബംഗാൾ ക്ഷാമകാലത്ത് പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ചരിത്രം സൃഷ്ടിച്ച 'നവാന' എന്ന നാടകം രചിച്ചത് ബിജോൺ ഭട്ടാചാര്യയാണ്.

എന്നാൽ നവലിബറൽ സാമ്പത്തിക നയങ്ങൾ സ്വീകരിക്കപ്പെട്ടതോടെ അവർ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് അകന്നു. തുടർന്നങ്ങോട്ട് രൂക്ഷമായ ഭാഷയിലാണ് സിപിഐ.എമ്മിനെതിരെ എഴുതിയത്. ബംഗാളിൽ മമത ഭരണമേറ്റെടുത്ത് 6 മാസം കഴിഞ്ഞപ്പോൾ തന്നെ മമതയെ ഫാസിസ്റ്റ് എന്നു വിളിക്കാനും വിമർശിക്കാനും അവർ ധൈര്യം കാണിച്ചുവെന്നത് മറ്റൊരു വസ്തുത. ഇതിനാൽത്തന്നെ മഹാശ്വേതയ്ക്ക് എഴുത്ത് വികസനത്തിന്റെ പേരിൽ ജീവിതം നഷ്ടപ്പെടുന്ന ജനങ്ങളുടെ അതിജീവനത്തിനുള്ള പോരാട്ടമായിരുന്നു എപ്പോഴും. ആദിവാസികൾ, പാവപ്പെട്ട കൂലിപ്പണിക്കാർ, ഭൂരഹിതർ, കർഷകർ, ഖനിത്തൊഴിലാളികൾ, പൊലീസ് അതിക്രമങ്ങൾ, സർക്കാർ കമ്മീഷനുകളുടെ ജനവിരുദ്ധത, പ്രകൃതി പരിസ്ഥിതി പ്രശ്നങ്ങൾ എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് അവർ ഈ അടുത്തകാലംവരെയും നിരന്തരം തൂലിക ചലിപ്പിച്ചുകൊണ്ടിരുന്നു.

1981 ൽ പ്രാദേശിക പത്രപ്രവർത്തകനായ രാമേശ്വരനുമൊത്ത് പാലമു ജില്ലയിലെ അടിമപ്പണിക്കാരെ സംഘടിപ്പിച്ചു. അന്നുമുതൽ നിരവധി ആദിവാസി തൊഴിലാളി സംഘടനകളുടെ സജീവ പ്രവർത്തകയാണ്. പശ്ചിമബംഗാളിലെ ഏറ്റവും പിന്നോക്ക ജില്ലയായ പുരുലിയ കേന്ദ്രമാക്കിയ 'പശ്ചിമ ബംഖേഡിയ സബർ കല്ല്യാൺ സമിതി' യുടെ പ്രവർത്തനങ്ങളിൽ അവർ സജീവമായിരുന്നു. പുരുലിയയിലെ ഖേരിയ എന്ന വർഗത്തെപ്പറ്റി ബ്രിട്ടീഷുകാർ രേഖപ്പെടുത്തിയത് 'ക്രിമിനൽ ട്രൈബ് എന്നാണ്'. ഭൂരഹിതരും ജീവിക്കാൻ മാർഗമില്ലാത്തവരുമായ ഈ ആദിവാസികളെ സ്വാതന്ത്ര്യത്തിനുശേഷവും പൊലീസും പൊതുജനങ്ങളും പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ മേഖലയിൽ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുകയും അവരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ഇവർക്കെതിരെയുള്ള അക്രമങ്ങളെ പ്രതിരോധിക്കുന്നതിനും മഹാശ്വേത അഹോരാത്രം പ്രവർത്തിച്ചു.

ജ്ഞാനപീഠ പുരസ്‌കാരം നെൽസന്മണ്ടേലയിൽ നിന്നും ഏറ്റുവാങ്ങി നടത്തിയ പ്രസംഗത്തിൽ മഹാശ്വേത ഇങ്ങനെ പറഞ്ഞു. 'ഞാൻ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നു. സ്വയം അനീതിക്കെതിരെ ശബ്ദമുയർത്താൻ അവരെ പ്രേരിപ്പിക്കുന്നു. സർഗ്ഗാത്മക സാഹിത്യത്തിന് വിലങ്ങുതടിയാണെങ്കിലും ഇത് ഞാൻ തുടരും. എന്തെന്നാൽ എഴുത്തിനേക്കാൾ ജനങ്ങളാണെനിക്കു പ്രിയം'. രുദാലി ഉൾപ്പെടെ പ്രശസ്ത സിനിമകൾക്ക് കഥയൊരുക്കിയ അവർ 86-ാം വയസ്സിൽ ക്യാമറയ്ക്കു മുന്നിലുമെത്തി. അവരുടെതന്നെ മൂന്ന് കഥകൾ ഉൾപ്പെടുന്ന ഉല്ലാസ് എന്ന സിനിമയിലെ ദൗർ എന്ന കഥയിലാണ് അവർ വേഷമിട്ടത്. പൊലീസ് റിക്രൂട്ടുമെന്റിൽ പങ്കെടുക്കാനെത്തിയ ഒരു ഗോത്രവർഗയുവാവിനെ ശാരീരികക്ഷമതാ പരിശോധനയുടെ ഭാഗമായി പൊരിവെയിലത്ത് നിർത്തി പീഡിപ്പിച്ചതും തുടർന്നുള്ള അയാളുടെ മരണവുമായിരുന്നു സിനിമയിലെ പ്രമേയം.