- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീണ്ട ഇടവേളക്ക് ശേഷം നിവിൻ പോളി ചിത്രം തിയേറ്ററുകളിലേക്ക്; 'മഹാവീര്യർ' 21 തിയേറ്ററുകളിലെത്തും; പ്രമോ സോംഗ് പുറത്തുവിട്ടു
നിവിൻ പോളി നായകനായി 'മഹാവീര്യർ' എന്ന ചിത്രമാണ് ഇനി പ്രദർശനത്തിന് എത്താനുള്ളത്. ജൂലൈ 21ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലിയും പ്രധാന കഥാപാത്രത്തിൽ എത്തുന്നു. എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 'മഹാവീര്യർ' എന്ന ചിത്രത്തിന്റെ ഒരു പ്രൊമൊ സോംഗ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ.
കോടതിയിലെ നിയമ വ്യവഹാരങ്ങളുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ടൈം ട്രാവലും ഫാന്റസിയുമൊക്കെ കടന്നുവരുന്നുണ്ട്. നർമ്മ, വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രമാണിത്. ഏറെ കൗതുകം നിറഞ്ഞ കാഴ്ചകളോടെ ഉള്ള 'മഹാവീര്യരുടെ' ട്രെയിലർ പുറത്തുവിട്ടിരുന്നു. പ്രമുഖ എഴുത്തുകാരൻ എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈൻ തിരക്കഥയൊരുക്കിയിരിക്കുന്നത്.
പോളി ജൂനിയർ പിക്‌ചേഴ്‌സ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്നാണ് നിർമ്മാണം. ലാൽ, ലാലു അലക്‌സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണപ്രസാദ്, പത്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തുന്നു. വലിയ ക്യാൻവാസിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചലച്ചിത്രം പുതിയ കാഴ്ചകൾ സമ്മാനിക്കുന്ന കാമ്പുള്ള ഒന്നായിരിക്കും എന്ന് പ്രവർത്തകർ അവകാശപ്പെടുന്നു.
വർഷങ്ങൾക്കു ശേഷമാണ് നിവിൻ പോളിയും ആസിഫ് അലിയും ഒരുമിച്ച് അഭിനയിക്കുന്നത്. '1983', 'ആക്ഷൻ ഹീറോ ബിജു' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മൂന്നാം തവണ നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രവുമാണ് 'മഹാവീര്യർ'. രാജസ്ഥാനിലും കേരളത്തിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
സംസ്ഥാന അവാർഡ് ജേതാവ് ചന്ദ്രു സെൽവരാജ് ആണ് ഛായാഗ്രഹണം. ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്ര സംയോജനം മനോജ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം ചന്ദ്രകാന്ത്, മെൽവി ജെ, ചമയം ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം ബേബി പണിക്കർ, പിആർഒ എ എസ് ദിനേശ്.