തലശേരി: വിദ്യാഭ്യാസ സ്ഥാപന ഉടമയുടെ ലൈംഗിക ചൂഷണത്തിന് വഴങ്ങാത്തതിന് പിരിച്ചുവിട്ട അദ്ധ്യാപികയ്ക്ക് നീതി നൽകാതെ വനിതാകമ്മിഷനും പൊലിസും. മാഹിയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന എഴുപതുവയസുകാരനെതിരെയാണ് തന്നോട് അപമര്യാദയായി പെരുമാറുന്നുവെന്നു ആരോപിച്ചു അദ്ധ്യാപിക കേരളത്തിലും മയ്യഴിയിലും പൊലിസിൽ പരാതി നൽകിയത്.

എന്നാൽ ഇയാൾക്കെതിരെ കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്യാതെ പൊലിസ് ഇരയായ വനിതയ്ക്കു നീതി നിഷേധിക്കുകയാണെന്നാണ് പരാതി. മാഹിയിൽ അധ്യാത്മിക ആചാര്യന്റെ പേരിൽ സ്ഥാപിതമായ പ്രൊഫഷനൽ കോളേജ് ചെയർമാനെതിരെയാണ് പരാതി. പൊലിസിൽ പരാതി നൽകിയതിന് യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടുമെന്നും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റോ മറ്റു ആനുകൂല്യങ്ങളോ നൽകിയിട്ടില്ലെന്നും അദ്ധ്യാപിക പറയുന്നു.

2019 നവംബർ മാസമാണ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ഇവർ ജോലിയിൽ പ്രവേശിക്കുന്നത്്. നെറ്റെന്ന അധിക യോഗ്യതയില്ലെങ്കിലും സർവകലാശാല അനുശാസിക്കുന്ന മറ്റു യോഗ്യതകളും വിഷയം പഠിപ്പിക്കുന്നതിനായി എം. എഡും ഇവർക്കുണ്ട്. നെറ്റുള്ളവരെ ലഭിച്ചില്ലെങ്കിൽ പകരം മറ്റു യോഗ്യതയുള്ളവരെ ഈ തസ്തികയിലേക്ക് നിയമിക്കാമെന്നു സർവകലാശാല അറിയിപ്പിലും പറയുന്നുണ്ട്.

അസി. പ്രൊഫസറയായി നിയമിച്ച വ്യക്തിക്ക് ബേസിക് തന്നെ മുപ്പതിനായിരത്തിന് മുകളിൽ കൊടുക്കണമെന്നു സർവകലാശാല നിർദ്ദേശമുണ്ടായിരുന്നുവെങ്കിലും ഇതൊന്നും പാലിക്കാതെ അതിന്റെ നേർ പകുതി പോലും കൊടുക്കാൻ ചെയർമാനോ സഥാപനമോ തയ്യാറിയില്ല. ഇതിനു പുറമേ നിയമന ഉത്തരവോ മറ്റു രേഖകളോ നൽകിയിരുന്നില്ല. ശമ്പളമാകാട്ടെ കൈയിലാണ് കൊടുത്തിരുന്നതെന്നും അദ്ധ്യാപിക പറയുന്നു.

ഇതിനു പുറമേയാണ് ചെയർമാന്റെ ഭാഗത്തു നിന്നുമുണ്ടായ ലൈംഗിക ചുവയോടുള്ള വർത്തമാനവും തന്റെ താൽപര്യങ്ങൾക്കു വഴങ്ങാനുള്ള നിരന്തര അഭ്യർത്ഥനകളുമുണ്ടായത്്. . കഴിഞ്ഞ ജൂലായ് മാസം രണ്ടാം തീയ്യതിയടക്കമുള്ള ദിവസങ്ങളിൽ പലതവണ ചെയർമാൻ തന്നോട് പലതവണ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് അദ്ധ്യാപികയുടെ പരാതി.

തന്റെ ആഡംബര കാറിൽ ടീച്ചർ ആരുമില്ലാത്ത സമയത്ത് കയറണമെന്നും തന്നോടൊപ്പം പോണ്ടിച്ചേരി സർവകലാശാലയിലേക്ക് വിവിധ ആവശ്യങ്ങൾക്കായി വരണമെന്നുമായിരുന്നു ആവശ്യം. സ്ഥാപനത്തിന്റെ പുറത്തു നിന്നു കാണുമ്പോഴും ഇതുതന്നെയാണ് അവസഥയെന്നു അദ്ധ്യാപിക പറയുന്നു.തലശേരി പഴയ ബസ്സ്റ്റാൻഡിൽ നിന്നും പലതവണ കണ്ടപ്പോൾ തന്നെ കാറിൽ കയറാൻ നിർബന്ധിച്ചുവെന്നും പരസ്യമായി ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും അദ്ധ്യാപിക മാഹി എസ്‌പിക്ക് നൽകിയ പരാതിയിൽ പറയുന്നു.

വ്യക്തിപരമായ താൽപര്യത്തിന് വഴങ്ങാത്തതിന്റെ പേരിൽ തന്റെ ശമ്പളം നിഷേധിക്കുകയും പലതവണ നേരിട്ടു ചോദിച്ചപ്പോൾ നിങ്ങൾ ഇവിടെ ജോലിചെയ്തതിന് യാതൊരു തെളിവുമില്ലെന്നു പറയുകയുമായിരുന്നുവെന്നു അദ്ധ്യാപിക പറയുന്നു. ഇതിനു ശേഷം വാട്സ് ആപ്പിൽ ഈക്കാര്യം പരാമർശിച്ചതിന് കഴിഞ്ഞ 27.8.2021ന് തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായാണ് ഇവരുടെ പരാതി.

എന്നാൽ ജോലിയിൽ നിന്നും യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിടപ്പെട്ട തനിക്ക് എക്സപീരിയൻസ് സർട്ടിഫിക്കറ്റു പോലും നൽകിയില്ലെന്നാണ് ഇവരുടെ പരാതി. തനിക്കെതിരെയുള്ള ലൈംഗിക ചുവയോടെ സംസാരിച്ചതിനും പൊതുസ്ഥലത്തുവെച്ചു അപമാനിച്ചതിനും കഴിഞ്ഞ ഓഗസ്റ്റിൽ വടകര, തലശേരി പൊലിസ് സ്റ്റേഷനുകളിൽ അദ്ധ്യാപിക പരാതി നൽകിയെങ്കിലും നടപടിയെടുക്കാൻ പൊലിസ് തയ്യാറായില്ല.

സംഭവം നടന്നത് മാഹിയിലാണെന്നും അതു മറ്റൊരു സംസ്ഥാനത്താണെന്നുമായിരുന്നു ഇവരുടെ വാദം. ഇതിനു ശേഷം മാഹി പൊലിസ് സ്റ്റേഷനിൽ പോയി പരാതി നൽകുകയും എസ്. പിയെ നേരിട്ടുകണ്ടു പരാതി നൽകുകയും ചെയ്തു. അവരൊക്കെ പെരിയ ആളുകളാണെന്നും ചെയർമാനെതിരെ കേസെടുക്കാൻ കഴിയില്ലെന്നുമാണ് എസ്‌പിയും അവിടെയുള്ള മറ്റു പൊലിസുകാരും പറഞ്ഞു. താൻ നൽകിയ പരാതിയിൽ കേസെടുക്കാതെ കോളേജ് ചെയർമാനെ അനുരഞ്ജനത്തിന് വിളിപ്പിക്കാനാണ് എസ്‌പി തയ്യാറായത്.

സ്റ്റേഷനിൽ വെ്ച്ചു പൊലിസും ചെയർമാനും അദ്ദേഹത്തിന്റെ അഭിഭാഷകരും ചേർന്ന് തന്റെ പരാതി മാറ്റിമറിക്കുകയും കേവലം തൊഴിൽ തർക്കമാക്കി മാറ്റിയെന്നുമാണ് അദ്ധ്യാപിക പറയുന്നത്. മാഹിയിലെ മുൻ ആഭ്യന്തരമന്ത്രിയും എംഎൽഎയുമായ ഉന്നതനായ കോൺഗ്രസ് നേതാവ് തന്റെ ഏട്ടനാണെന്നം നീയൊന്നും വിചാരിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നു പറഞ്ഞു ചെയർമാൻ ഭീഷണിപ്പെടുത്തിയതായും പറയുന്നു.

അപമര്യാദയായി പെരുമാറിയതിന് പരാതിയില്ലെന്നും ജോലിയിൽ ചേരാനായി കൊടുത്ത സംഖ്യ തിരിച്ചു നൽകാമെന്നും എഴുതി ചേർത്ത എഗ്രിമെന്റ് പേപ്പറിൽ കഴിഞ്ഞ കഴിഞ്ഞ ഓഗസ്റ്റ് 18ന് പൊലിസ് സ്റ്റേഷനിൽ വെച്ചുചെയർമാനും പൊലിസും ചേർന്ന് തന്നെ ഭീഷണിപ്പെടുത്തി ഒപ്പീടീക്കുകയും ചെയ്തുവെന്നു അദ്ധ്യാപിക പറയുന്നു. ഇതിനെ തുടർന്ന് സംസ്ഥാന വനിതാകമ്മിഷിൻ, കേന്ദ്രവനിതാകമ്മിഷൻ, മുഖ്യമന്ത്രി, ലഫ്. ഗവർണർ എന്നിവർക്ക് താൻ പരാതി നൽകിയിട്ടുണ്ടെന്നും എന്നാൽ നടപടിയുണ്ടായിട്ടില്ലെന്നും അദ്ധ്യാപിക പറയുന്നു.

ഭർത്താവും ഒരു മകനുമുള്ള അദ്ധ്യാപിക തനിക്കു മുൻപായി മറ്റു ചിലർക്കും മാഹിയിലെ സ്ഥാപന മേധാവിയിൽ നിന്നും ഇത്തരത്തിലുള്ള അനുഭവമുള്ള്ളതായി പറയുന്നു.രാഷ്ട്രീയ ഭരണസ്വാധീനവും പൊലിസിലുള്ള ബന്ധങ്ങളും കാരണം പരാതിക്കാരെ ഭീഷണിപ്പെടുത്തി പിൻവലിപ്പിക്കാറാണ് പതിവെന്നും ഇവർ നേരത്തെ ഇവിടെ ജോലി ചെയ്ത അദ്ധ്യാപികമാരുടെ അനുഭവം ചൂണ്ടിക്കാട്ടി പറയുന്നു.