മയ്യഴി: മാഹി സെന്റ് തെരേസാസ് ദേവാലയത്തിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ ആഘോഷത്തിന് ഇന്ന് കൊടിയേറും. പള്ളിയങ്കണത്തിൽ രാവിലെ 11.30 ന് ഇടവക വികാരി ഫാ. വിൻസെന്റ് പുളിക്കൽ കൊടി ഉയർത്തും.

തുടർന്ന് 12 ന് അമ്മത്രേസ്യ പുണ്യവതിയുടെ തിരുസ്വരൂപം ഇടവക വികാരി പൊതുവണക്കത്തിനായി പ്രത്യേകം തയാറാക്കിയ പീഠത്തിൽ പ്രതിഷ്ഠിക്കും. ഇതോടെ 17 ദിവസം നീണ്ടു നിൽക്കുന്ന തിരുനാൾ ആഘോഷത്തിന് തുടക്കമാകും. വൈകുന്നേരം ആറിന് കണ്ണൂർ ബിഷപ് ഡോ.അലക്‌സ് വടക്കുംതലയുടെ കാർമികത്വത്തിൽ ദിവ്യബലി ഉണ്ടാകും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇത്തവണ ആഘോഷങ്ങൾ നടക്കുക. ദേവാലയത്തിനകത്ത് ഒരേ സമയം 40 തീർത്ഥാടകർക്ക് മാത്രമാണ് പ്രവേശനം. താത്കാലിക ചന്തകളും ഉണ്ടാകില്ല.14, 15 പ്രധാന ദിവസങ്ങളാണ്. ആഘോഷങ്ങൾ 22 ന് സമാപിക്കും.