മാഹി: പോണ്ടിച്ചേരിയുടെ ഭാഗമാണ് മാഹി. എന്നാൽ നിറയുന്നത് കണ്ണൂർ രാഷ്ട്രീയവും. അതുകൊണ്ട് തന്നെ പാടത്തെ പണിക്ക് അപ്പോൾ തന്നെ വരമ്പത്ത് കൂലിയും കിട്ടും. ഇതാണ് ഇന്നലെ രാത്രിയിൽ മാഹിയിലും ഉണ്ടായത്. സിപിഎം നേതാവിനെ വെട്ടിക്കൊല്ലുന്നു. ആരാണ് ഇതിന് പിന്നിലെന്ന് പോലും ഉറപ്പിക്കുന്നതിന് മുമ്പ് തന്നെ മറ്റൊരു രാഷ്ട്രീയ എതിരാളിയെ കൊന്ന് വൈരാഗ്യം തീർത്തു. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമനെന്ന ശാത്രമാണ് ഇവിടെ പ്രയോഗിക്കുന്നത്. അങ്ങനെ ആർഎസ്എസ് കാരനും മരിച്ചു. രണ്ട് കൊലപാതകങ്ങൾ. ഇവിടെ കേസ് അന്വേഷിക്കേണ്ട ചുമതല പോണ്ടിച്ചേരി പൊലീസിനാണ്. അതിന് വേണ്ടി ബോധപൂർവ്വം കൊലക്കളം മാഹിയിലേക്ക് മാറ്റിയതാണെന്ന സംശയവും ബാക്കി. ഏതായാലും പോണ്ടിച്ചേരിയിലെ മാഹിയെ അക്രമവും ബാധിക്കുക കണ്ണൂരിനെ തന്നെയാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയ കൊലപാതക പരമ്പരകൾ വീണ്ടും കണ്ണൂരിനെ പിടിച്ചുലയ്ക്കാൻ എത്തുമോ എന്ന ആശങ്കയാണ് ഉയരുന്നത്.

മാഹിയിൽ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചതിനു പിന്നാലെ ആർഎസ്എസ് പ്രവർത്തകനും കൊല്ലപ്പെട്ടത് കണ്ണൂർ രാഷ്ട്രീയത്തെ വീണ്ടും സംഘർഷത്തിലാക്കുന്നു. മണിക്കൂറുകളുടെ ഇടവേളയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. പള്ളൂർ നാലുതറ കണ്ണിപ്പൊയിൽ ബാലന്റെ മകൻ ബാബു(45)വാണു ആദ്യം കൊല്ലപ്പെട്ടത്. സംഭവത്തിനു തൊട്ടു പിന്നാലെ ആർഎസ്എസ് പ്രവർത്തകൻ ഷമേജ് പറമ്പത്തി(42)നെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ടു സംഭവങ്ങൾക്കു പിന്നിലും ആരാണെന്നു വ്യക്തമായിട്ടില്ല. മേഖലയിൽ വൻ പൊലീസ് സന്നാഹം തമ്പടിച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലും മാഹിയിലും ഇന്ന് സിപിഎമ്മും ബിജെപിയും ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണു ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി. കണ്ണൂർ സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സിപിഎമ്മിന്റെ പ്രധാന നേതാവാണ് ബാബു. മാഹി നഗരസഭ മുൻ കൗൺസിലറാണ് ബാബു. രാത്രി ഒൻപതേമുക്കാലോടെ പള്ളൂരിൽ നിന്നു വീട്ടിലേക്കു പോകുമ്പോഴായിരുന്നു വെട്ടേറ്റത്. ഒളിച്ചിരുന്ന കൊലപാതകികൾ വെട്ടുകയായിരുന്നു. തലശ്ശേരി സഹകരണ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. തലയ്ക്കും കഴുത്തിനും വയറിനുമാണു ബാബുവിനു വെട്ടേറ്റത്. പരേതനായ ബാലന്റെയും സരോജിനിയുടെയും മകനാണ്. അനിതയാണു ഭാര്യ, അനുനന്ദ, അനാമിക, അനുപ്രിയ എന്നിവരാണു മക്കൾ. സഹോദരങ്ങൾ മീര, മനോജ്. സിപിഎം ലോക്കൽ കമ്മറ്റി അംഗത്തിന് വെട്ടേറ്റത് അതിവേഗം വാർത്തയായി പടർന്നു. ഇത് സംഘർഷങ്ങൾക്ക് കാരണമായി. ഇതിനിടെയായിരുന്നു വരമ്പത്തെ കൂലി എത്തിയത്.

ബാബുവിനു വെട്ടേറ്റതിനു പിന്നാലെ ന്യൂമാഹിയിൽ സിപിഎംആർഎസ്എസ് സംഘർഷമുണ്ടായി. ഓട്ടോറിക്ഷ ഡ്രൈവറായ ഷമേജ് വീട്ടിലേക്കു പോകുമ്പോൾ കല്ലായി അങ്ങാടിയിൽ വച്ചാണ് വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷമേജ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ. പറമ്പത്തു മാധാവന്റെയും വിമലയുടെയും മകനാണു ഷമേജ്. ദീപയാണു ഭാര്യ. അഭിനവ് ഏകമകനും. ഷെമിയാണു സഹോദരി. അങ്ങനെ പകരത്തിന് പകരം വീട്ടി സിപിഎമ്മും തിരിച്ചടിച്ചു. മാഹി സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട ബാബു. ആറു മാസം മുൻപു ബാബുവിന്റെ വീടിനു നേരെ ബോംബാക്രമണമുണ്ടായിരുന്നു. ആർഎസ്എസ് ആണ് കൊലപാതകത്തിനു പിന്നിലെന്നു സിപിഎം ആരോപിച്ചു. സമാധാനം നിലനിന്നിരുന്ന കണ്ണൂരിൽ ആർഎസ്എസ് കൊലക്കത്തി താഴെവയ്ക്കാൻ ഒരുക്കമല്ലെന്ന പ്രഖ്യാപനമാണ് ഇതിലൂടെ നടത്തിയിരിക്കുന്നതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കൂത്തുപറമ്പിൽ ആയുധപരിശീലന ക്യാംപ് കഴിഞ്ഞതിനു പിന്നാലെ ആർഎസ്എസ് നേതൃത്വം ആസൂത്രണം ചെയ്തതാണ് ഈ കൊലപാതകം. കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനയെ കുറിച്ചും പൊലീസ് അന്വേഷിക്കണം. എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടണമെന്നും ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സംഭവത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചു. അതേസമയം, മാഹിയിലെ ബിജെപി പ്രവർത്തകൻ ഷമേജിന്റെ കൊലപാതകം നിന്ദ്യവും ആസൂത്രിതവുമാണെന്നു ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശൻ പ്രസ്താവനയിൽ പറഞ്ഞു. സിപിഎം പ്രവർത്തകൻ ബാബുവിന്റെ കൊലപാതകത്തെപ്പറ്രി ബിജെപിക്കും സംഘപരിവാർ സംഘടനകൾക്കും അറിവില്ല. എന്നിട്ടും അതിന്റെ ചുവടുപിടിച്ച് ആസൂത്രിതമായി നടപ്പാക്കിയതാണ് ഷമേജിന്റെ കൊലപാതകം. സംഭവത്തെക്കുറിച്ച് ശക്തമായ അന്വേഷണം വേണമെന്നും സത്യപ്രകാശൻ ആവശ്യപ്പെട്ടു. അങ്ങനെ പ്രസ്താവന യുദ്ധവും തുടങ്ങി.

മാഹിയിൽ കൊല നടന്നതിനാൽ അന്വേഷണത്തിൽ കേരളാ പൊലീസിന് കാര്യമായി ഒന്നും ചെയ്യാനില്ല. പക്ഷേ കണ്ണൂരിൽ സുരക്ഷയൊരുക്കൽ തലവേദനയാകും. രാഷ്ട്രീയ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മാഹി പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ കൂടുതൽ അന്വേഷണത്തിന് ശേഷമേ കാര്യങ്ങൾ വ്യക്തമാകൂ എന്നും പൊലീസ് കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ട ബാബുവിന്റെ വീട്ടിന് നേരെ ആറ് മാസം മുമ്പ് ബോംബാക്രമണമുണ്ടായിരുന്നു. സ്ഥലത്ത് കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. ഈ സംഘർഷം കണ്ണൂരിലേക്കും വ്യാപിക്കുകയാണ്. അതുകൊണ്ട് തന്നെ മതിയായ കരുതൽ കേരളാ പൊലീസിന് എടുക്കേണ്ടതുണ്ട്. അക്രമം വ്യാപിച്ചാൽ അത് സർക്കാരിനും പേരു ദോഷമാകും.

കണ്ണൂരിൽ പൊലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. തലശ്ശേരി സബ് ഡിവിഷന് പരിധിയിലാണ് സുരക്ഷ കർശനമാക്കിയത്. മാഹിയുടെ സമീപപ്രദേശങ്ങളായ ചൊക്ലി, പള്ളൂർ, ന്യൂമാഹി പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. എ.ആർ. ക്യാമ്പിലെ ഒരു കമ്പനി പൊലീസിനെ ഈ മേഖലയിലേക്ക് നിയോഗിച്ചു. സംഘർഷം പടരാതിരിക്കാൻ പൊലീസ് പട്രോളിങ്ങും വാഹനപരിശോധനയും നടത്തുന്നു. സബ് ഡിവിഷന് കീഴിലുള്ള എല്ലാ സിഐ.മാരുടെയും നേതൃത്വത്തിലായിരിക്കും പരിശോധന. എ.ആർ. ക്യാമ്പിലെ അസി. കമാൻഡന്റുമാർ, സ്പെഷ്യൽ യൂണിറ്റിലെ ഡിവൈ.എസ്‌പി.മാർ എന്നിവരോട് തലശ്ശേരിയിലെത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാ സ്റ്റേഷനിലും ജാഗ്രതാനിർദ്ദേശം നൽകി. എസ്‌പി. ജി.ശിവവിക്രം, ഐ.ജി. ബൽറാംകുമാർ ഉപാധ്യായ എന്നിവരുൾപ്പടെയുള്ള വൻ പൊലീസ് സംഘം ന്യൂമാഹിയിലെത്തി.

കണ്ണൂരിലെ രാഷ്ട്രീയ സംഘർഷം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചർച്ചയാക്കും. ഇത് സിപിഎമ്മിന് വലിയ തിരിച്ചടിയാകും. ഈ സാഹചര്യത്തിൽ ഏത് വിധേനേയും അക്രമം തടയണമെന്നാണ് പിണറായി സർക്കാർ പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം.