കൊച്ചി: രാജ്യത്തുടനീളം 500 ഓൾ-ന്യൂ ഥാറുകളുടെ മെഗാ വിതരണവുമായി മഹീന്ദ്ര ആന്ഡ് മഹീന്ദ്ര ലിമിറ്റഡ് (എം&എം). 2020 നവംബർ 7നും 8നും ഇടയിലായിരിക്കും ഓൾ-ന്യൂ ഥാറുകളുടെ മെഗാ ഡെലിവറി. ലഭ്യമായ വേരിയന്റുകൾക്കായി ലഭിച്ച ബുക്കിങ് ക്രമത്തെ അടിസ്ഥാനമാക്കിയായിരിക്കും വിതരണം.

മെഗാ ഡെലിവറിക്ക് എല്ലാ മേഖലകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബുക്കിങ് കഴിഞ്ഞ് ഉപഭോക്താക്കളുടെ കാത്തിരിപ്പിന് ഡെലിവറി ഷെഡ്യൂള് ഉറപ്പ് നൽകുന്നതിന് ഓരോ ഉപഭോക്താക്താവിലേക്കും എത്തിച്ചേരാനും കൃത്യമായ/സാധ്യമായ വിതരണ തീയതികൾ അറിയിക്കാനും ശക്തമായ ഒരു ഉപഭോക്തൃ ബന്ധിത പ്രക്രിയയും കമ്പനി ഏർപ്പെടുത്തിയിട്ടുണ്ട്.

ഓൺലൈൻ ലേല ജേതാവായ ആകാശ് മിൻഡയ്ക്ക് ആദ്യവാഹനം കൈമാറിയാണ് നവംബർ ഒന്നിന് ഓൾ-ന്യൂ ഥാറിന്റെ വിതരണം തുടങ്ങിയത്. ഓൾ-ന്യൂ ഥാറിന് നിലവിൽ 20,000 ബുക്കിങുകളാണ് മഹീന്ദ്രക്ക് ലഭിച്ചത്. പ്രതിമാസം രണ്ടായിരത്തോളം വാഹനങ്ങൾ നൽകാൻ ഴകമ്പനി പദ്ധതിയിട്ടിരുന്നു, ജനുവരിയിൽ ഇത് മൂവായിരം വരെയായി ഉയർത്തും.

രാജ്യത്തുടനീളം 500 ഓൾ-ന്യൂഥാറുകൾ വിതരണം ചെയ്ത് ദീപാവലി ആഘോഷങ്ങൾക്ക് ആരംഭം കുറിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷൻ സിഇഒ വിജയ് നക്ര പറഞ്ഞു. വിതരണ പ്രക്രിയ ആരംഭിച്ച് മുന്നോട്ടു പോവുമ്പോൾ തങ്ങളുടെ ഉപയോക്താക്കൾക്ക് സമയബന്ധിതമായ ഡെലിവറി ഉറപ്പ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.