ൽഹിയിൽ യുവതിയെ ഓടുന്ന ബസ്സിൽ കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിനുശേഷം ഇന്ത്യയെ പാശ്ചാത്യ ലോകം കാണുന്നത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ ലൈംഗികാതിക്രമങ്ങൾ നടക്കുന്ന നാട് എന്ന തരത്തിലാണ്. അത്തരം അക്രമങ്ങൾ നടക്കുന്ന നാടാണ് ഇന്ത്യയെന്ന് ഇവിടുത്തെ മന്ത്രിതന്നെ പ്രസ്താവിച്ചാലോ? സാംസ്‌കാരിക-വിനോദ സഞ്ചാര വകുപ്പ് മന്ത്രി മഹേഷ് ശർമയുടെ പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

ഇന്ത്യയിലെത്തുന്ന വിദേശ വനിതകൾ അവരുടെ സുരക്ഷയ്ക്കായി വസ്ത്രധാരണത്തിൽ ശ്രദ്ധിക്കണമെന്നാണ് മന്ത്രിയുടെ ഉപദേശം. ചെറിയ പാവാടകൾ പോലുള്ളവ ഒഴിവാക്കണമെന്നും മന്ത്രി പറയുന്നു. ഇന്ത്യയുടെ സംസ്‌കാരം പാശ്ചാത്യ സംസ്‌കാരത്തിൽനിന്ന് ഭിന്നമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വിദേശ വനിതകൾ തനിച്ച് രാത്രിയിൽ ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കരുതെന്നും മന്ത്രി പറഞ്ഞു. ഇത്തരം ഉപദേശങ്ങളടങ്ങിയ ലഘുലേഖകൾ വിദേശികൾക്ക് നൽകുമെന്ന് പറഞ്ഞ മന്ത്രി, മധുരയും വൃന്ദാവനും പോലുള്ള ക്ഷേത്ര നഗരങ്ങൾ സന്ദർശിക്കുമ്പോൾ ഇന്ത്യൻ സംസ്‌കാരത്തെക്കുറിച്ച് മനസ്സിൽ നല്ല ധാരണയുണ്ടാവണമെന്നും നിർദ്ദേശിച്ചു.

എന്നാൽ, കുട്ടിപ്പാവാടയിട്ട് നടക്കരുതെന്ന മന്ത്രിയുടെ പ്രസ്താവന വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. എന്നാൽ, വിദേശികൾ ഇന്ത്യയിൽ എന്തു വസ്ത്രം ധരിക്കണമെന്ന നിർദ്ദേശമൊന്നും സർക്കാർ നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ആരുടെയും താത്പര്യത്തിന് സർക്കാർ എതിരല്ല. എന്നാൽ അവരുടെ സുരക്ഷയ്ക്കായാണ് താനിത് പറയുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രസ്താവനകളിലൂടെ മന്ത്രി മുമ്പും വിവാദങ്ങളിൽച്ചെന്ന് ചാടിയിട്ടുണ്ട്. രാത്രിയിൽ പെൺകുട്ടികൾ പുറത്തുപോകുന്നത് ഇന്ത്യയുടെ സംസ്‌കാരത്തിന് ചേർന്നതല്ലെന്നായിരുന്നു കഴിഞ്ഞവർഷം മന്ത്രിയെ കുഴപ്പത്തിൽ ചാടിച്ച പ്രസ്താവന.