കൊച്ചി: ഫഹദ് ഫാസിലിന്റെ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം കളക്ഷൻ റിക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. ആദ്യ ഏഴ് ദിവസം കൊണ്ട് അഞ്ച് കോടി രൂപയാണ് മഹേഷിന്റെ പ്രതികാരം തിയേറ്ററുകളിൽ നിന്ന് കളക്റ്റ് ചെയ്തത്. അതിഗംഭീര റിപ്പോർട്ടുകൾ പുറത്തുവരുന്നതിനാൽ ദിവസേന തിരിക്ക് കൂടുകയാണ്. അതുകൊണ്ട് തന്നെ പ്രേമത്തിന്റെ കളക്ഷൻ റിക്കോർഡുകളെല്ലാം മഹേഷിന്റെ പ്രതികാരം പൊളിച്ചെഴുതുമെന്നാണ് ബോക്‌സ് ഓഫീസിലെ വിലയിരുത്തലുകൾ.

ദൃശ്യം, പ്രേമം, എന്ന് നിന്റെ മൊയ്തീൻ, ബാംഗ്ലൂർ ഡെയ്‌സ് എന്നീ സിനിമകളാണ് മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്‌സോഫീസ് ഹിറ്റുകൾ. അമ്പത് കോടിയിലേറെ കളക്റ്റ് ചെയ്ത സിനിമകളാണ് ഇവ. ഇ്‌പ്പോൾ തിയേറ്ററിലുള്ള ദീലീപിന്റെ ടൂ കൺട്രീസും 50 കോടി ക്ലബ്ബിലെത്തി കഴിഞ്ഞു. മഹേഷിന്റെ പ്രതികാരത്തിന് ഇതെല്ലാം മറികടന്ന് മുന്നേറാനാകുമെന്നാണ് പ്രതീക്ഷ. ഏറെ പ്രതീക്ഷയില്ലാത്ത എത്തിയ സിനിമ ഇന്ന് എല്ലാ തിയേറ്ററിലും സൂപ്പർ ഹിറ്റാണ്. ആദ്യ ആഴ്ചയ്ക്ക് ശേഷം 18 പുതിയ തിയേറ്ററുകളിൽ കൂടി സിനിമ എത്തി. എല്ലാ തിയേറ്ററിലും മിക്കവാറും എല്ലാ ഷോയും ഹൗസ് ഫുള്ളാണ്. പുതിയ തിയേറ്ററുകളിൽ കൂടി എത്തുന്നതോടെ കളക്ഷൻ ഇനിയും ഉയരും. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് നൂറു ദിനവും കടന്ന് മഹേഷിന്റെ പ്രതികാരം മുന്നോട്ട് പോകുമെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ വർഷം പ്രേമം, എന്ന് നിന്റെ മൊയ്തീൻ എന്നീ ചിത്രങ്ങളാണ് ബോക്‌സ് ഓഫീസ് കളക്ഷനിൽ മുന്നിട്ട് നിൽക്കുന്നത്. റീമേക്ക് അവകാശവും സാറ്റലൈറ്റ് അവകാശവും ഉൾപ്പടെ 60 കോടി രൂപയാണ് പ്രേമം സ്വന്തമാക്കിയത്. നിവിൻ പോളി നായകനും, അനുപമ പരമേശ്വരൻ, സായ്പല്ലവി, മഡോണ എന്നിവർ നായികമാരുമായി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് അൻവർ റഷീദാണ്. നവാഗത സംവിധായകൻ ആർ.എസ് വിമൽ സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം എന്ന് നിന്റെ മൊയ്തീനും വൻവിജയമായി. കാഞ്ചനമാല മൊയ്തീൻ പ്രണയകഥ പറഞ്ഞ ചിത്രത്തിൽ പാർവതിയായിരുന്നു നായിക. ഒമ്പത് കോടി രൂപ ചെലവിൽ നിർമ്മിച്ച ചിത്രം അമ്പത് കോടി രൂപയോളം കളക്ഷൻ നേടി. ദൃശ്യത്തിന് 55 കോടി രൂപയാണ് കളക്ഷനും മറ്റിനത്തിലും ലഭിച്ചത്.

ഇതെല്ലാം മഹേഷിന്റെ പ്രതികാരം പഴങ്കഥയാക്കുമെന്നാണ് സൂചന. ആദ്യദിവസം മഹേഷിന്റെ പ്രതികാരത്തിന് വലിയ ആൾത്തിരക്കില്ലായിരുന്നു. ബാഗ്ലൂർ ഡെയ്‌സിന് ശേഷം ഫഹദ് ഫാസിന്റെ സിനിമകളൊന്നും വിജയമായിരുന്നില്ല. അതുകൊണ്ട് തന്നെ ദിലീഷ് പോത്തന്റെ കന്നി ചിത്രത്തോടെ കരുതലോടെയായിരുന്നു പ്രക്ഷേക പ്രതികരണം. നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജുവും സമാന്യം നല്ല അഭിപ്രായം നേടിയിരുന്നു. ഇതുകൊണ്ട് മഹേഷിന്റെ പ്രതികാരത്തിന് ആരും സാധ്യതയൊന്നും നൽകിയില്ല. എന്നാൽ ഇടുക്കിയുടെ പശ്ചാത്തലത്തിലെ സിനിമ ഏവരേയും ഞെട്ടിക്കുന്ന അഭിപ്രയാമാണ് നേടിയത്. രണ്ടാം ദിനം മുതൽ തിയേറ്ററുകളിലേക്ക് ആളുകൾ ഒഴുകിയെത്താൻ തുടങ്ങി. ഇതോടെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി ഫഹദ് ഫാസിന്റെ സിനിമ മാറുന്ന അവസ്ഥയും വന്നു.

ഇടുക്കിയുടെ പശ്ചാത്തലത്തിൽ മഹേഷ് എന്ന ഫോട്ടോഗ്രാഫറുടെ കഥയാണ് തന്റെ ആദ്യ സംവിധാന സംരംഭമായ മഹേഷിന്റെ പ്രതികാരത്തിലൂടെ ദിലീഷ് പോത്തൻ പറയുന്നത്. ഫ്രെയിമുകളുടെ പശ്ചാത്തലത്തിലും സംഭാഷണങ്ങളിലും അഭിനേതാക്കളിലും നിലനിർത്തിയിരിക്കുന്ന സ്വാഭാവികത തന്നെയാണ് ചിത്രത്തിന്റെ എടുത്തുപറയേണ്ട പ്രത്യേകത. പ്രധാന കഥാപാത്രങ്ങളൊഴിച്ചാൽ ബാക്കി ഏതാണ്ടെല്ലാവരും പുതുമുഖങ്ങളാണെന്നത് ചിത്രത്തിന്റെ സ്വാഭാവികതയ്ക്ക് കരുത്തായി. ആഷിഖ് അബുവിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ സിനിമയെ കുറിച്ച് എല്ലാവരും ഒരേ മനസ്സോടെ പ്രതികരിച്ചപ്പോൾ ഫഹദ് ഫാസിലിന് അത് കരുത്തുമായി. ബാഗ്ലൂർ ഡെയ്‌സിന് ശേഷം മറ്റൊരു സൂപ്പർ ഹിറ്റ് സ്വന്തമാക്കി റിക്കോർഡുകളിലേക്കാണ് ഫഹദിന്റെ യാത്ര.

ആദ്യ ആഴ്ച അഞ്ച് കോടി രൂപ കളക്ട ചെയ്ത സിനിമ അടുത്തയാഴ്ച അത് കൂട്ടുമെന്നാണ് വിലയിരുത്തൽ. ആദ്യ ആഴ്ച കൊണ്ട് തന്നെ മുടക്കുമുതൽ തിരിച്ചു പിടിച്ച സിനിമ ആറുപത് കോടിയുടെ റിക്കോർഡ് തകർക്കുമെന്നാണ് സിനിമാ പ്രവർത്തകരുടെ വിലയിരുത്തൽ. ഓരോ ദിവസവും കൂടുതൽ അനുകൂല പ്രതികരണങ്ങൾ കിട്ടുന്നതാണ് ഇതിന് കാരണം. അവധി ദിനങ്ങളിൽ റിസർവേഷൻ വളരെ മുമ്പ് തന്നെ പൂർത്തിയാകുന്നു. അങ്ങനെ എല്ലാ തിയേറ്ററിലും ടിക്കറ്റ് കിട്ടാത്ത മടങ്ങുന്ന അനവധി പേരേയും കാണാം. സ്വാഭാവികതയും ലാളിത്യവുമാണ് ദിലീഷ് പോത്തൻ സിനിമയിലൂടെ അവതരിപ്പിക്കുന്നത്. അതിന് കിട്ടുന്ന അംഗീകാരം കൂടിയാണ് കൈയടിയും കളക്ഷൻ റിക്കർഡ്.

ഫെബ്രുവരി അഞ്ചിന് റിലീസ് ചെയ്ത ചിത്രം ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും മികച്ച വിജയമായി മാറുകയാണ്. കേരളത്തിന് പുറത്തും അടുത്തയാഴ്ചയോടെ ചിത്രം റിലീസിനെത്തും. ഇതോടെ കളക്ഷനിൽ പിന്നേയും ഉയർച്ചയുണ്ടാകും. മികച്ച റിപ്പോർട്ടുകളുള്ളതിനാൽ പ്രവാസി മലയാളികളും സിനിമയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. എല്ലാം കൊണ്ടും എക്കാലത്തേയും മികച്ച വിജയമായി ഫഹദിന്റെ സിനിമ മാറുമെന്ന് തന്നെയാണ് വിലയിരുത്തൽ.