മയ്യഴി: മാഹിക്ക് പാരയായി കേരളത്തിലെ കൊ വിഡ് വ്യാപനം. പുതുച്ചേരിയിൽ സെപ്റ്റംബർ ഒന്നിന് സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ മയ്യഴി മേഖലയിലും സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കാൻ തീരുമാനമായിരുന്നു.

എന്നാൽ മയ്യഴിയുമായി അതിർത്തി പങ്കിടുന്ന കണ്ണൂർ - കോഴിക്കോട് ജില്ലകളിൽ കൊ വിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സർക്കാർ അനുമതിയുണ്ടായിട്ടും സ്‌കൂൾ തുറക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. കണ്ണുർ ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലുള്ളവരാണ് മയ്യഴിയിലെ സ്‌കൂളിൽ പഠിക്കുന്ന ഭൂരിഭാഗം പേരും അതുകൊണ്ടുതന്നെ കേരളത്തിൽ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മയ്യഴിയിൽ സ്‌കുളുകൾ തുറന്നു പ്രവർത്തിക്കുന്നത് സ്ഥിതി വഷളാകുമെന്ന വിലയിരുത്തലാണ് പൊതുവെയുള്ളത്.

കഴിഞ്ഞ ദിവസം മയ്യഴിയിൽ വെറും 15 കൊ വിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത് എന്നാൽ തൊട്ടടുത്ത ജില്ലയായ കണ്ണുരി ലാവട്ടെ കൊ വിഡ് കേസുകളുടെ എണ്ണം രണ്ടായിരത്തിനടുത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ മാഹിയിൽ സ്‌കൂളുകൾ തുറക്കുന്നത് ചർച്ച ചെയ്യുന്നതിനായി റീജ്യണൽ അഡ്‌മിനിസ്‌ട്രേറ്റർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ കേരളത്തിന് തൊട്ടു കിടക്കുന്ന മയ്യഴിയിൽ കേരളത്തിൽ സ്‌കൂളുകൾ തുറക്കുന്ന സമയം വരെ തൽസ്ഥിതി തുടരാൻ തീരുമാനമായിട്ടുണ്ട്.

കേരളത്തിൽ കോവിഡ് വ്യാപനംവർദ്ധിച്ച സാഹചര്യത്തിൽ മയ്യഴിയിൽ അദ്ധ്യയനം ആരംഭിച്ചാൽ അത് അപകടത്തിന് വഴിയൊരുക്കുമെന്ന് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. പൊതു പരീക്ഷകളുള്ള എസ് എസ് എൽ സി, പ്ലസ് ടു തലത്തിലെ വിദ്യാർത്ഥികൾക്ക് സംശയ ദൂരീകരണത്തിനായുള്ള സൗകര്യം ചെയ്യുന്ന കാര്യം സെപ്റ്റംബർ പതിനഞ്ചിന് ശേഷം ആലോചിക്കാമെന്ന് യോഗത്തിൽ തീരുമാനമായി. മാഹി എംഎ‍ൽഎ രമേശൻ പറമ്പത്ത് യോഗത്തിൽ അധ്യക്ഷനായി.