കണ്ണൂർ: മാഹിയിൽ സിപിഎം., ആർ. എസ്. എസ് കുടിപ്പക പുകയാൻ തുടങ്ങിയിട്ട് മാസങ്ങളായി. ആറ് മാസം മുമ്പ് തന്നെ പകയുടെ രാഷ്ട്രീയം അണിയറയിൽ ഒരുങ്ങിയിരുന്നു. എന്നാൽ കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലേയോ കേരളത്തിലേയോ പൊലീസ് ഇത് ഗൗരവത്തിലെടുത്തിരുന്നില്ല.

ബിജെപി.-ആർ. എസ്. എസിന്റെ കണ്ണിലെ കരടായിരുന്നു ഇന്നലെ ആദ്യം കൊല്ലപ്പെട്ട സിപിഎം. നേതാവ് ബാബു കണ്ണിപ്പൊയിൽ. സംഘാടക മികവിലും അണികളെ പ്രതിരോധത്തിന് നയിക്കുന്നതിലും മുൻ നിരക്കാരൻ ബാബുവായിരുന്നു. പരസ്പരം പൊരുതുന്ന കക്ഷികൾ മുൻ നിരയിലുള്ളവരെ വേട്ടയാടിയാൽ എതിർപക്ഷത്തെ അശക്തനാക്കാമെന്ന പ്രതികാരം രാഷ്ട്രീയ പാർട്ടികൾ ഇവിടെ കൊണ്ടു നടക്കുന്നുണ്ട്. മാഹിയിലേയും കേരളത്തിലേയും രഹസ്യാന്വേഷണ വിഭാഗത്തിന്റെ വീഴ്‌ച്ചയാണ് രണ്ടു പേരുടെ മരണത്തിലേക്കെത്തിച്ച അക്രമത്തിന് കാരണം. ഇത്തരമൊരു അക്രമത്തിന്റെ ആസൂത്രണം ആരംഭിച്ചിട്ടും കാലമേറെയായി. അതാണ് 20 മിനുട്ടിനകം തന്നെ രണ്ട് കൊലപാതകങ്ങൾ അരങ്ങേറിയത്.

മുൻ മാഹി നഗരസഭാ കൗൺസിലറായ ബാബു കണ്ണിപ്പൊയിലാണ് ആദ്യം കൊല്ലപ്പെട്ടത്. 20 മിനുട്ട് തികയും മുമ്പ് തന്നെ ആയുധധാരികളായി എത്തിയ സംഘം ആർ. എസ്. എസ്. പ്രവർത്തകനായ ന്യൂ മാഹി പെരിങ്ങാടിയിലെ യു.സി. ഷമീജിനെ അക്രമിച്ചിരുന്നു. മാഹിയിലേയും കണ്ണൂരിലേയും അക്രമകാരികൾക്ക് ആയുധവും അർത്ഥവും കൊടുക്കുന്നത് നേതൃത്വങ്ങൾ തന്നെയാണെന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. അടുത്ത കാലത്ത് നടന്ന എല്ലാ കൊലപാതകങ്ങളിലും മുൻകൂട്ടിയുള്ള ആസുത്രണം ഉണ്ടായിട്ടുണ്ട്. സംഘർഷങ്ങളിൽ പെട്ട് കൊല്ലപ്പെടുന്നതും ആക്രമിക്കപ്പെടുന്നതും ഇപ്പോൾ അപൂർവ്വമാണ്. സിപിഎം. നേതാവ് ബാബുവിനെ കഴുത്തിൽ ആഴത്തിൽ വെട്ടിയാണ് പരിക്കേൽപ്പിച്ചത്. എതിരാളികൾ ഇദ്ദേഹത്തിന്റെ മരണം ഉറപ്പ് വരുത്തിയിരുന്നു എന്നതാണ് പരിക്കുകൾ നൽകുന്ന സൂചന. ഇതിന് പ്രതികാരമെന്നോണം ഷമീജിനെ വെട്ടിയവർക്കും മരണം ഉറപ്പ് വരുത്തണമായിരുന്നു. ഓട്ടോ തടഞ്ഞു നിർത്തി തലയിലും മുഖത്തുമാണ് പരിക്കേൽപ്പിച്ചത്.

2016 ൽ പയ്യന്നൂരിൽ നടന്ന രാഷ്ട്രീയ അക്രമത്തിന്റെ സ്വഭാവമാണ് മാഹിയിലും ആവർത്തിക്കപ്പെട്ടത്. സിപിഎം. പ്രവർത്തകനായ രാമന്തളിയിലെ ധനഞ്ജയനെ കൊലപ്പെടുത്തി മണിക്കൂറുകൾക്കകം ബി.എം. എസ്. പ്രവർത്തകനായ രാമചന്ദ്രനേയും കൊലപ്പെടുത്തിയിരുന്നു. ഇത്തരം അക്രമങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അതിന്റെ തനിയാവർത്തനങ്ങൾ വീണ്ടും സംഭവിക്കുന്നത്. ഈ മേഖലയിൽ നടക്കുന്ന സമാധാന യോഗങ്ങൾ അക്രമരാഷ്ട്രീയത്തിന് പരിഹാരമാകില്ലെന്ന് തെളിയിക്കപ്പെടുകയാണ്. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ടതോടെ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സിപിഎം. ന്റേയും ആർ. എസ്. എസ്. - ബിജെപി. കക്ഷികളുടേയും സംഘടനാ ശൈലി സമാധാന ശ്രമങ്ങൾക്ക് പര്യാപ്തമാവില്ലെന്ന് വീണ്ടും തെളിയിക്കപ്പെടുകയാണ്.

അതേ സമയം അക്രമരാഷ്ട്രീയക്കാർ ഉപയോഗിക്കുന്ന ആയുധങ്ങൾ സിപിഎം. ബിജെപി. കേന്ദ്രങ്ങളിൽ കുന്നു കൂടുകയും മുഴക്കുന്ന്, തില്ലങ്കേരി എന്നിവിടങ്ങളിൽ ബോംബുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിച്ചെടുക്കപ്പെടുകയും ചെയ്യുന്നുണ്ട്. സ്റ്റീൽ ബോംബുകളും ഐസ്‌ക്രീം ബോംബുകൾ ഈ ഒരു വർഷത്തിനുള്ളിൽ നൂറിലേറെയാണ് കണ്ടെടുത്തിട്ടുള്ളത്. വടിവാൾ തുടങ്ങിയ മാരകായുധങ്ങൾ വേറേയും. എന്നാൽ പതിവുപോലെ പൊലീസ് കേസെടുക്കുന്നുവെങ്കിലും ആരും പ്രതിചേർക്കപ്പെടുന്നില്ല. ബോംബ് നിർമ്മാമാണം നടത്തുന്നവരും സംഭരിക്കുന്നവരും ഇത്തരം പ്രസ്ഥാനങ്ങളുടെ തണലിലാണ്.

അവർ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സംരക്ഷണത്തിലാണ് കഴിയുന്നത്. കണ്ണൂർ ജില്ലയിലും മാഹിയിലും സിപിഎം. ആഹ്വാന പ്രകാരം പകൽ ഹർത്താൽ ആരംഭിച്ചിരിക്കയാണ്. സംഘർഷാവസ്ഥ നിലനിൽക്കുന്ന തലശ്ശേരി സബ് ഡിവിഷന്റെ കീഴിലുള്ള ചൊക്ലി , ന്യൂ മാഹി, തുടങ്ങിയ പ്രദേശങ്ങളിൽ കേരളാ പൊലീസും മാഹി , പള്ളൂർ, പന്തക്കൽ പ്രദേശങ്ങളിൽ പോണ്ടിച്ചേരി പൊലീസും ക്യാമ്പു ചെയ്യുകയാണ്.