കണ്ണൂർ: മാഹിയിൽ ഇന്നലെ നടന്ന അക്രമങ്ങളിൽ 500 പേർക്കെതിരെ കേസ്. ആർഎസ്എസ്, സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസ്.അതേസമയം ഇരട്ടക്കൊലപാതകങ്ങളെത്തുടർന്ന് മാഹിയിലും കണ്ണൂരിനോട് ചേർന്ന പ്രദേശങ്ങളിലും ഏർപ്പെടുത്തിയ കനത്ത സുരക്ഷ രണ്ടു ദിവസത്തേക്ക് കൂടി തുടരും. മാഹിയിൽ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് രണ്ടു കമ്പനി അധിക സേനയെ പുതുച്ചേരി പൊലീസ് വിന്യസിച്ചു. കേന്ദ്ര സേനയെ മാഹിയിലെത്തിക്കാനും നീക്കമുണ്ട്.

കണ്ണൂർ ജില്ലയിലെ എസ്‌ഐമാർ അടക്കം ഉള്ളവരും മൂന്ന് കമ്പനി അധിക സേനയും മുഴുവൻ സമയവും ക്രമ സമാധാനം ഉറപ്പുവരുത്താൻ നിലയുറപ്പിച്ചിരിക്കുകയാണ്. മാഹിയിൽ സിപിഎം നേതാവ് ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ മേല്‌നോട്ടത്തിനായി പുതുച്ചേരി എസ് പിയും എത്തിയിട്ടുണ്ട്. പുതുച്ചേരി ഡിജിപിയും അന്വേഷണ മേൽനോട്ടത്തിനായി പുതുച്ചേരി ഡിജിപിയും മാഹിയിൽ എത്തുന്നുണ്ട്. അതേസമയം സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു ബിജെപി നേതാക്കൾ കാണാൻ പുതുച്ചേരി ലഫ് ഗവർണറെ കാണും. കിരൺ ബേദിയാണ് പുതുച്ചേരിയിലെ ലഫ് ഗവർണ്ണർ.

രണ്ടു കേസുകളിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംശയിക്കുന്ന ആളുകളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രതികൾ മറ്റു ജില്ലകളിലേക്കോ സംസ്ഥാനത്തിന് പുറത്തേക്കോ കടന്നിരിക്കാമെന്നു പൊലീസ് സംശയിക്കുന്നു. അന്വേഷണം നടക്കുന്നതോടൊപ്പം കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് പൊലീസിന്റെ പ്രധാന ശ്രമം. ഇതിനിടെയാണ് ബിജെപിയുടെ നീക്കം. കേന്ദ്ര ഭരണമുപയോഗിച്ച് പ്രശ്‌നത്തിൽ ഇടപെടലാണ് നടത്താനുദ്ദേശിക്കുന്നത്. ഇതിൽ സിപിഎമ്മിന് ആശങ്ക ഏറെയാണ്. അക്രമത്തിന്റെ പേരിൽ സിപിഎമ്മുകാരെ ജയിലിൽ അടയ്ക്കാനാണ് ബിജെപിയുടെ ശ്രമമെന്നാണ് ആക്ഷേപം. പുതുച്ചേരിയിൽ ഭരണം കോൺഗ്രസിനാണ്. എന്നാൽ കേന്ദ്ര ഭരണപ്രദേശം ആയതിനാൽ ലഫ് ഗവർണ്ണർക്ക് പൊലീസിൽ നിർണ്ണായക സ്വാധീനം ചെലുത്താനാകും. പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ ഉടൻ കിരൺ ബേദി സന്ദർശനത്തിനെത്തുമെന്നും സൂചനയുണ്ട്.

രണ്ടു രാഷ്ട്രീയ കൊലപാതകങ്ങൾ അരമണിക്കൂറിനകം നടന്ന കണ്ണൂരിൽ സമാധാനം ഇനി എന്ന് എന്ന ചോദ്യമാണ് ഇതിനിടെ സജീവാകുന്നത്. കഴിഞ്ഞ ദിവസം പള്ളൂരിലും ന്യൂ മാഹിയിലും നടന്ന കൊലപാതകങ്ങളിൽ ജനങ്ങൾ വിറങ്ങലിച്ചു കഴിയുമ്പോഴും സമാധാന ശ്രമങ്ങൾക്ക് ആരുടെ ഭാഗത്തു നിന്നും നീക്കമുണ്ടായില്ല,. രാഷ്ട്രീയ പാർട്ടി പ്രവർത്തകരുടേയും അനുഭാവികളുടേയും വീടുകളിൽ നിന്ന് യുവാക്കൾ പുറത്ത് പോകുന്നത് ആശങ്കയോടെയാണ് രക്ഷിതാക്കളും കുടുംബാംഗങ്ങളും കാണുന്നത്. പ്രത്യേകിച്ച് സിപിഎം. ബിജെപി. പ്രവർത്തകരുള്ള വീടുകളിലെ കുടുംബങ്ങൾ. പരസ്പരം കാണുന്നതു പോലും അസഹനീയമായ അവസ്ഥയിലേക്കാണ് ഈ രണ്ടു രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേയും അണികൾ എത്തിയിരിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറുമ്പോഴെല്ലാം സമാധാന യോഗങ്ങൾ മുമ്പ് പതിവായിരുന്നു. എന്നാൽ ഇത്തവണ അത്തരമൊരു ശ്രമം പോലും ജില്ലാ ഭരണാധികാരികളുടേയോ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടേയോ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. തീർത്തും കുറ്റകരമായ ഒരു നിലപാടാണ് അധികാരികളും നേതൃത്വങ്ങളും സ്വീകരിച്ചിട്ടുള്ളത്.

ജില്ലാ തലത്തിൽ സർവ്വകക്ഷി സമാധാന സമിതി നിലവിലുണ്ട്. ജില്ലയിലെ ഏത് ഭാഗത്തു നിന്നും രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായാലും അന്ന് തന്നെ സമാധാന സമിതി സംഘം സ്ഥലം ആക്രമിക്കപ്പെട്ടവരുടെ വീട് സന്ദർശിക്കുമായിരുന്നു. 2016 ഒക്ടോബറിൽ ചേർന്ന ജില്ലാ സമാധാന സമിതി അങ്ങിനെയൊരു തീരുമാനം എടുത്തിരുന്നു. അതിന് മാതൃകയായിരുന്നു കഴിഞ്ഞ വർഷം ജനുവരിയിൽ അണ്ടലൂരിൽ കൊല്ലപ്പെട്ട ബിജെപി. പ്രവർത്തകൻ എഴുത്താൻ സന്തോഷിന്റെ വീട് സന്ദർശിച്ച സംഭവം.

ജില്ലാ കലക്ടറും സിപിഎം. ബിജെപി. കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പാർട്ടികളുടെ ജില്ലാ നേതാക്കൾ ഒരുമിച്ചായിരുന്നു സന്തോഷിന്റെ വസതി സന്ദർശിച്ചതും കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചതും. സന്തോഷിന്റെ മകൾ വിസ്മയക്ക് പുസ്തകങ്ങളടങ്ങിയ സഞ്ചി സമ്മാനമായി നൽകിയതും അക്രമരാഷ്ട്രീയത്തിന് മറുമരുന്നാകുകയായിരുന്നു. സമാധാന ശ്രമങ്ങൾക്ക് ഈ കൂട്ടായ്മ കണ്ണൂർ ജനത വലിയ വില കൽപ്പിച്ചിരുന്നു. മാത്രമല്ല 2017 ൽ കഴിഞ്ഞ ഒരു ദശവർഷകാലത്തെ കണക്കെടുത്താൽ കൊലപാതക രാഷ്ട്രീയത്തിന്റെ ഗ്രാഫ് രണ്ടിൽ ഒതുങ്ങിയിരുന്നു.

ജില്ലയിൽ കൊലപാതകങ്ങൾ നടന്നാൽ മുന്നറിയിപ്പില്ലാതെ അന്നു തന്നെ സമാധാന യോഗം നടക്കണമെന്ന തീരുമാനം നേരത്തെ എടുത്തിരുന്നു. എന്നാൽ അതും ഇപ്പോൾ നടപ്പാകുന്നില്ല. 2017 ഫെബ്രുുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗ തീരുമാനം പോലും ഇപ്പോൾ നടപ്പാകുന്നില്ല. ഈ വർഷം ഇതുവരെ നടന്ന അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. ഓരോ യോഗം ചേരലിനു ശേഷവും കൊലക്കത്തിക്കിരയാകുന്നവരുടെ എണ്ണം കൂടിവരികയായിരുന്നു. ജില്ലാതല സമാധാന യോഗങ്ങൾ നേതാക്കൾ തമ്മിലുള്ള വാക് പോരിന് വേദിയായാണ് മാറുന്നത്.

മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ്സ് നേതാവ് ഷുഹൈബിന്റെ കൊലയെ തുടർന്ന് ദിവസങ്ങൾ കഴിഞ്ഞാണ് സമാധാന യോഗം ചേർന്നത് എന്നാൽ ഈ യോഗത്തിൽ പോലും ജില്ലാ നേതാക്കൾ തമ്മിൽ വാക് പോരിൽ പിരിയേണ്ടി വന്ന അവസ്ഥയാണ് ഉണ്ടായത്. ജില്ലാ ഭരണ കൂടവും രാഷ്ട്രീയ നേതൃത്വവും അവരെടുത്ത തീരുമാനങ്ങൾ പോലും നടപ്പാക്കാൻ മുതിരുന്നില്ല. അതുകൊണ്ടു തന്നെ കണ്ണൂരിലെ രാഷ്ട്രീയ വൈര്യം ആളിപ്പടരുകയാണ്. അതു പോലെ അക്രമവും തുടരാനുള്ള സാധ്യതയുമുണ്ട്. ഭരണാധികാരികളുടേയും രാഷ്ട്രീയ നേതൃത്വങ്ങളുടേയും മൗനം നെഞ്ചിൽ തീയുമായി കഴിയുന്ന രക്ഷിതാക്കൾക്കും കുടുംബാംഗങ്ങൾക്കും മാത്രമേ മനസ്സിലാകൂ.