ആലപ്പുഴ: സ്വർണ്ണക്കടത്ത് കേസിൽ കുറ്റാരോപിതനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്ന്റ ചോദ്യം ചെയ്യലിന് വിധേയനായ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ രാജിവയ്ക്കണമെന്നും, അല്ലാത്തപക്ഷം മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് മഹിളാ മോർച്ച പ്രവർത്തകർ ആലപ്പുഴയിൽ റോഡ് ഉപരോധസമരം സംഘടിപ്പിച്ചു.സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം മന്ത്രി സ്ഥാനത്തിന്റെ മറവിൽ രാജ്യദ്രോഹപ്രവർത്തനം നടത്തുമ്പോൾ അത്തരക്കാരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രി പൊലീസിനെ ഉപയോഗപ്പെടുത്തി സമാധാനപരമായ ജനാധിപത്യ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് മഹിളാ മോർച്ച ആരോപിച്ചു.

ആലപ്പുഴ ജില്ലാ കോടതി പ്പാലത്തിന് സമീപം നടന്ന ഉപരോധസമരവും, പ്രതിഷേധ പ്രകടനവും ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പി കെ വാസുദേവൻ ഉത്ഘാടനം ചെയ്തു.ആലപ്പുഴ മണ്ഡലം മഹിളാ മോർച്ച പ്രസിഡന്റ് പി.ബി.അശ്വതി അദ്ധ്യക്ഷത വഹിച്ചു.ബിജെപി ജില്ലാ സെക്രട്ടറി ശ്രീദേവി വിപിൻ, മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രതിഭാ ജയേക്കർ, ശ്രീകല ഹരിപ്പാട്, ജയലത, ബീനാരാജേഷ്, ജയമോൾ, കീർത്തി, നന്ദിത തുടങ്ങിയവർ മാർച്ചിനും, ഉപരോധത്തിനും നേതൃത്വം നൽകി.