മുംബൈ: മഹീന്ദ്ര ഗ്രൂപ്പ് അമേരിക്കയിൽ 100 കോടി ഡോളറിന്റെ നിക്ഷേപത്തിന് ഒരുങ്ങുന്നു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ അമേരിക്കയിലെ വിവിധ സംരംഭങ്ങളിലായാണ് മഹീന്ദ്ര ഗ്രൂപ്പ് നിക്ഷേപം നടത്തുക. അമേരിക്കൻ വിപണിയിൽ നിന്ന് 500 കോടി ഡോളർ ലാഭം നേടാനാകുമെന്നാണ് കമ്പനി കണക്ക് കൂട്ടുന്നത്.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മഹീന്ദ്ര ഗ്രൂപ്പിൽ മൊത്തം 3000 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കമ്പനി ആസ്ഥാനം വിപുലമാക്കാനും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുവാനുമുള്ള പദ്ധതിയും കമ്പനിക്കുണ്ട്.

മഹീന്ദ്ര ഗ്രൂപ്പിന് നിലവിൽ അമേരിക്കയിൽ 100 കോടി ഡോളറിന്റെ നിക്ഷേപമുണ്ട് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100 കോടി ഡോളറിന്റെ അധിക നിക്ഷേപം നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര എം.ഡി പവൻ ഗൊയേങ്ക പറഞ്ഞു. ഇന്ത്യയിലെ തൊഴിലാളികളുടെ എണ്ണം ഇരട്ടിയാക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയിലെ തപാൽ വിഭാഗത്തിന്റെ കരാർ കമ്പനി ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇത് വിജയകരമായാൽ മറ്റ് ബിസിനസുകൾക്ക് സഹായകമാകുമെന്നാണ് കരുതുന്നത്.