- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഹീന്ദ്ര ഥാർ അടിമുടി മാറ്റങ്ങളുമായി എത്തുന്നു; ഔദ്യോഗിക ബുക്കിങ് ആരംഭിക്കുക ഒക്ടോബർ രണ്ടിന്; ഇന്ത്യൻ ഓഫ് റോഡ് എസ്യുവികളിലെ രാജാവിന്റെ പുതിയ മുഖം ഇങ്ങനെ..
ഇന്ത്യൻ ഓഫ് റോഡ് എസ്യുവികളിലെ രാജാവായ മഹീന്ദ്ര ഥാർ അടിമുടി മാറ്റങ്ങളുമായി വിപണിയിലേക്ക്. അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെ എന്നാൽ സവിശേഷമായ പല ഫീച്ചറുകളും ഉൾപ്പെടുത്തിയാണ് പുതിയ ഥാർ എത്തുന്നത്. ഒക്ടോബർ രണ്ടിന് ഇന്ത്യൻ വിപണിയിൽ പുതിയ ഥാർ വിൽപ്പനയ്ക്കെത്തുമെന്ന് മഹീന്ദ്ര സ്ഥിരീകരിച്ചു. ഔദ്യോഗിക ബുക്കിങ് ഇതേ തീയതിയിൽ തന്നെ ആരംഭിക്കുമെന്നും വില പ്രഖ്യാപനവും അന്നുണ്ടാകും എന്നുമാണ് അറിയിപ്പ്. എന്നാൽ, 9.49 ലക്ഷം മുതൽ 12.49 ലക്ഷം വരെയാകും ഇതിന്റെ ഏകദേശ വില എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. വാഹനപ്രേമികളുടെ നീണ്ടനാളത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമാമാകുന്നത്.
പഴയ കാല മഹീന്ദ്ര ജീപ്പുകളെ അനുസ്മരിപ്പിക്കുന്ന രൂപഭംഗിയിൽ ആഡംബര സൗകര്യങ്ങളുമായിട്ടാണ് പുതിയ വാഹനം എത്തിയത്. പുതിയ (2020) മഹീന്ദ്ര ഥാർ AX സീരീസ്, LX സീരീസ് എന്നി രണ്ട് വേരിയന്റുളിൽ ലഭ്യമാണ്. AX സീരീസ് കൂടുതൽ അഡ്വഞ്ചർ-ഓറിയന്റഡ് പതിപ്പാണ്, LX സീരീസ് കൂടുതൽ ടാർമാക്-ഓറിയന്റഡ് വേരിയന്റാണ്. സാങ്കേതികവിദ്യയിലും യാത്രാസുഖത്തിലും സുരക്ഷാ നിലവാരത്തിലും വൻകുതിച്ചു ചാട്ടമാണ് പുത്തൻ ഥാർ. അതേസമയം തന്നെ ഥാറിന്റെ ഓഫ് റോഡ് ക്ഷമതയിലോ പാരമ്പര്യത്തിന്റെ പകിട്ടുള്ള രൂപകൽപനയിലോ വിട്ടുവീഴ്ചയൊന്നും ചെയ്തിട്ടില്ല. ഥാർ പ്രേമികളെ മാത്രമല്ല, സമകാലിക എസ്യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്നവരെ കൂടി ആകർഷിക്കാൻ പോന്നതാണു പുതിയ മോഡൽ.
യഥാർഥ ഥാറിൽ സുഖസൗകര്യങ്ങൾ നാമമാത്രമായിരുന്നെങ്കിൽ ടച്സ്ക്രീൻ ഇൻഫൊടെയ്ന്മെന്റ് സിസ്റ്റം, കളർ മൾട്ടി ഇൻഫൊ ഡിസ്പ്ലേ, റിയർ പാർക്കിങ് മിറർ, പവർ ഫോൾഡിങ് മിറർ എന്നിവയൊക്കെയായിട്ടാവും പുതിയ ഥാറിന്റെ വരവ്. മികച്ച സുരക്ഷയ്ക്കായി ഇരട്ട എയർ ബാഗ്, എ ബി എസ്, പിന്നിൽ പാർക്കിങ് സെൻസർ തുടങ്ങിയവയുമുണ്ടാവും. അഴിച്ചു നീക്കാൻ കഴിയുംവിധമുള്ള, ഫാക്ടറി ഫിറ്റഡ് ഹാർഡ് ടോപ്പും പുത്തൻ ഥാറിലുണ്ട്.
മുമ്പ് ഡീസൽ എൻജിനും മാനുവൽ ട്രാൻസ്മിഷനും മാത്രമായിരുന്നു ഥാറിന്റെ പവർ ട്രെയ്ൻ. എന്നാൽ പുതിയ ഥാറിൽ വ്യത്യസ്ത എൻജിൻ – ട്രാൻസ്മിഷൻ സാധ്യതകളും മഹീന്ദ്ര വാഗ്ദാനം ചെയ്യും. പെട്രോൾ എൻജിനൊപ്പം ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സഹിതവും ഈ എസ് യു വി വിൽപ്പനയ്ക്കുണ്ടാവും. 152 ബിഎച്ച്പി കരുത്തുള്ള മഹീന്ദ്രയുടെ എം സ്റ്റാലിയൻ ശ്രേണിയിലെ രണ്ട് ലീറ്റർ പെട്രോൾ എൻജിനും കൂട്ടായി ആറു സ്പീഡ് മാനുവൽ ഗീയർ ബോക്സുമാണു ഥാറിൽ. ഓപ്ഷൻ വ്യവസ്ഥയിൽ ഓട്ടമാറ്റിക് ഗീയർബോക്സും ലഭ്യമാക്കും.
ഥാറിന്റെ ഡീസൽ വകഭേദങ്ങൾക്കു കരുത്തേകുക 2.2 ലീറ്റർ, 132 ബി എച്ച് പി, എം ഹോക്ക് എൻജിനും. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാവും ഈ എൻജിനു കൂട്ട്. ഓപ്ഷനൽ വ്യവസ്ഥയിൽ ഐസിനിൽ നിന്നു സംഘടിപ്പിച്ച ആറു സ്പീഡ് ടോർക് കൺവെർട്ടർ ഗീയർബോക്സും ലഭ്യമാക്കും. പെട്രോൾ, ഡീസൽ എൻജിൻ ഭേദമില്ലാതെ ഫോർ വീൽ ഡ്രൈവ് ലേ ഔട്ടോടെ ഥാർ വിൽപനയ്ക്കുണ്ടാവും.
മറുനാടന് ഡെസ്ക്